റോഡരികിൽ കുട്ടി, വേഗംകുറച്ച് അതേ കാർ;മറ്റൊരിടത്തും തട്ടിക്കൊണ്ടുപോകാൻ ശ്രമം?ദൃശ്യം പുറത്ത്

കൊല്ലം: ഓയൂര്‍ ഓട്ടുമലയില്‍നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഘം അതേദിവസം മറ്റൊരു കുട്ടിയെയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി സംശയം. ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഘം സഞ്ചരിച്ച കാര്‍ തിരുവനന്തപുരം ജില്ലയിലെ പള്ളിക്കലിലൂടെ സഞ്ചരിച്ചതായി സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തിയിരുന്നു. റോഡരികില്‍ ഒരുസ്‌കൂള്‍ വിദ്യാര്‍ഥിനിയെ കണ്ടപ്പോള്‍ കാര്‍ വേഗം കുറയ്ക്കുന്നതും പിന്നീട് മുന്നോട്ടുപോകുന്നതുമാണ് ഈ ദൃശ്യങ്ങളിലുള്ളത്. ഓയൂരില്‍നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോകുന്നതിന് ഒരുമണിക്കൂര്‍ മുന്‍പായിരുന്നു ഈ സംഭവം.

ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ അതേ കാറാണ് 3.27-നും 4.26-നും ഇടയില്‍ പള്ളിക്കല്‍ മൂതല റോഡിലൂടെ കടന്നുപോയതെന്നാണ് സിസിടിവിദൃശ്യങ്ങളില്‍ വ്യക്തമായിരിക്കുന്നത്. 3.27-നാണ് പെണ്‍കുട്ടിയെ കണ്ടപ്പോള്‍ കാര്‍ വേഗം കുറച്ചത്. എന്നാല്‍, റോഡില്‍ ആളുകളെ കണ്ടപ്പോള്‍ കാര്‍ അവിടെനിന്ന് മുന്നോട്ടുപോകുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. പിന്നീട് 4.26-ന് ഇതേ റോഡിലെ ആള്‍ത്തിരക്കില്ലാത്ത മറ്റൊരിടത്തെ സിസിടിവി ക്യാമറയിലും ഇതേ കാറിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.

ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഘം മറ്റുപലരെയും ലക്ഷ്യമിട്ടിരുന്നതായാണ് സംശയം. ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ ഓയൂര്‍ ഓട്ടുമലയും തിരുവനന്തപുരം ജില്ലയിലെ പള്ളിക്കലും ഇടയില്‍ പത്തുകിലോമീറ്ററോളം ദൂരമാണുള്ളത്. വ്യാജ നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ച വെളുത്ത സ്വിഫ്റ്റ് ഡിസയര്‍ കാര്‍ പല കുട്ടികളെയും ലക്ഷ്യമിട്ടശേഷമാണ് ഓയൂരിലെത്തിയതെന്നും സംശയിക്കുന്നു.

അതേസമയം, ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളെ പിടികൂടാനായി പ്രത്യേക അന്വേഷണസംഘത്തെ രൂപവത്കരിച്ചു. ഡി.ഐ.ജി. ആര്‍.നിശാന്തിനിയുടെ മേല്‍നോട്ടത്തില്‍ കൊല്ലം റൂറല്‍ പരിധിയിലെ എസ്.പി.മാരും എല്ലാ ഡിവൈ.എസ്.പിമാരും അടങ്ങുന്നതാണ് അന്വേഷണസംഘം. സ്‌പെഷ്യല്‍ യൂണിറ്റ് ഉദ്യോഗസ്ഥരും അന്വേഷണത്തിന്റെ ഭാഗമാകും. കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം നടന്ന് 48 മണിക്കൂര്‍ പിന്നിട്ടിട്ടും പ്രതികളെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല. കുട്ടിയെ സുരക്ഷിതയായി കണ്ടെത്തിയെങ്കിലും പ്രതികളെ പിടികൂടാന്‍ കഴിയാത്തത് വലിയ വിമര്‍ശനങ്ങള്‍ക്കും വഴിവെക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News