കേരള സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു

തിരുവനന്തപുരം : ഈ മാസം നടത്താനിരുന്ന കേരള സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു. മെയ് 21 മുതല്‍ തുടങ്ങാനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്. പരീക്ഷകള്‍ 26 മുതല്‍ തുടങ്ങാനാണ് സിന്‍ഡിക്കേറ്റ് തീരുമാനം. എന്നാല്‍ പൊതുഗതാഗതം ആരംഭിച്ചില്ലെങ്കില്‍ തിയതി വീണ്ടും മാറ്റിയേക്കും. എന്നാല്‍ പൊതുഗതാഗതം തുടങ്ങുന്നതില്‍ തീരുമാനമാകാതെ 21 മുതല്‍ പരീക്ഷാ ഷെഡ്യൂള്‍ പ്രഖ്യാപിച്ചതിനെതിരെ വിദ്യാര്‍ത്ഥികള്‍ വ്യാപകമായി പരാതി ഉന്നയിച്ചിരുന്നു.

പരീക്ഷകള്‍ നടത്താനുള്ള കേരളസര്‍വകലാശാലയുടെ തീരുമാനത്തിനെതിരെ വിദ്യാര്‍ത്ഥികളുടെ വ്യാപക പ്രതിഷേധംമാണ് ഉയര്‍ന്നത്. എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങള്‍ ഒരുക്കാതെ പരീക്ഷ നടത്തുന്നതിനെതിരെയാണ് വിദ്യാര്‍ത്ഥികളുടെ പരാതി. 29ന് മുമ്പായി പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കണമെന്നുള്ള നിര്‍ദ്ദേശവും അപ്രായോഗികമാണെന്ന് വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

പൊതുഗതാഗം തുടങ്ങിയില്ലെങ്കില്‍ ജില്ലയ്ക്കുള്ളിലെ പരീക്ഷാകേന്ദ്രങ്ങളിലക്ക് പോലും എങ്ങനെ എത്താനാകുമെന്ന ആശങ്കയും വിദ്യാര്‍ത്ഥികള്‍ക്കുണ്ട്. യാത്ര സാധ്യമായാലും കോളേജ് ഹോസ്റ്റലുകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ താമസൗകര്യമുണ്ടാകില്ലെന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു. വൈസ് ചാന്‍സലര്‍, കോളേജ് പ്രിന്‍സിപ്പാള്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ലോക്ക് ഡൗണ്‍ മൂലം നിര്‍ത്തിവയ്‌ക്കേണ്ടി വന്ന പരീക്ഷകള്‍ 21 മുതല്‍ പുരനരാംഭിക്കാനുള്ള തീരുമാനമെടുത്തത്.

പഠിക്കുന്ന കോളേജിലേക്ക് എത്താനാകാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സബ്‌സെന്ററുകളില്‍ ഒരുക്കാനും തീരുമാനമെടുത്തിരുന്നു. എന്നാല്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ മാത്രമേ സബ് സെന്ററുകള്‍ അനുവദിച്ചിട്ടുള്ളൂ. മറ്റ് ജില്ലകളില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി എല്ലാ ജില്ലകളിലും ഒരു സബ് സെന്റര്‍ വീതമെങ്കിലും അനുവദിക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News