തിരുവനന്തപുരം: ചുട്ടുപൊള്ളുന്ന വേനലില്‍ കേരളത്തിന് ആശ്വാസമായി മഴയെത്തുന്നു. ഫെബ്രുവരി 19 മുതല്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലുമായി രൂപപ്പെട്ട ന്യൂനമര്‍ദവും അറബിക്കടലിലെ ചക്രവാതച്ചുഴിയും മഴയ്ക്ക് കാരണമാകും. ഭൂമധ്യരേഖാ പ്രദേശത്തുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും അതിനോട് ചേര്‍ന്നുള്ള തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്തിനുമായി രൂപപ്പെട്ട ന്യൂനമര്‍ദം നിലവില്‍ തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതി ചെയ്യുന്നു.
ഈ ന്യൂനമര്‍ദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങുകയും ഫെബ്രുവരി 18-ഓടെ കൂടുതല്‍ ശക്തി പ്രാപിക്കുകയും ചെയ്യും. ഇതിനു പുറമെ തെക്കന്‍ കേരള തീരത്തോട് ചേര്‍ന്നുള്ള തെക്കുകിഴക്കന്‍ അറബിക്കടലിന് മുകളില്‍ സമുദ്രനിരപ്പില്‍ നിന്ന് 0.9 കിലോമീറ്റര്‍ ഉയരത്തില്‍ ഒരു ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നുണ്ട്. ഈ കാലാവസ്ഥാ പ്രതിഭാസങ്ങളുടെ ഫലമായി വരും ദിവസങ്ങളില്‍ താഴെ പറയുന്ന ജില്ലകളില്‍ നേരിയതോ ഇടത്തരമോ ആയ മഴ ലഭിച്ചേക്കാം.
ഫെബ്രുവരി 19 മുതല്‍ 21 വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലുംഫെബ്രുവരി 20, 21 തീയതികളില്‍ ഇടുക്കിയിലും മഴ പെയ്‌തേക്കും. ന്യൂനമര്‍ദം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ട്. ന്യൂനമര്‍ദത്തിന്റെ സഞ്ചാരപഥം നിരീക്ഷിച്ചു വരികയാണെന്നും വരും ദിവസങ്ങളില്‍ മഴയുടെ അളവില്‍ മാറ്റമുണ്ടാകാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. വേനല്‍ മഴയ്‌ക്കൊപ്പം കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം.
The Central Meteorological Department has predicted much-needed rainfall in Kerala starting from February 19, providing relief from the intense summer heat. The rain is expected due to a low-pressure area formed over the Bay of Bengal and the Indian Ocean, combined with a cyclonic circulation in the Arabian Sea. Currently, the low-pressure system is positioned over the southwest Bay of Bengal and the equatorial Indian Ocean. This weather transition is anticipated to bring showers across various districts, helping to lower the rising temperatures.


