തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മുംബൈക്കെതിരെ കേരളത്തിന് 327 റണ്‍സ് വിജലക്ഷ്യം. മൂന്നാം ദിനം രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടര്‍ന്ന മുംബൈയുടെ മധ്യനിര തകര്‍ന്നടിഞ്ഞെങ്കിലും വാലറ്റം പൊരുതി നിന്നതോടെ മികച്ച സ്കോറിലെത്തി. 319 റണ്‍സിന് ഓള്‍ ഔട്ടായ മുംബൈ കേരളത്തിന് മുന്നില്‍ 327 റണ്‍സിന്‍റെ വിജലക്ഷ്യം മുന്നോട്ടുവെച്ചു.
മൂന്നാം ദിനം രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ കേരളം വിക്കറ്റ് നഷ്ടമില്ലാതെ 24 റണ്‍സെന്ന നിലയിലാണ്. 12 റണ്‍സ് വീതമെടുത്ത് രോഹന്‍ കുന്നമ്മലും ജലജ് സക്സേനയും ക്രീസില്‍. അവസാന ദിവസം 10 വിക്കറ്റ് ശേഷിക്കെ കേരളത്തിന് ജയിക്കാന്‍ 303 റണ്‍സ് കൂടി വേണം.
നേരത്തെ മൂന്നാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ 119 റണ്‍സെന്ന നിലയില്‍ ക്രീസിലെത്തിയ മുംബൈ 319 റണ്‍സിന് ഓള്‍ ഔട്ടായി. 226-5 എന്ന സ്കോറില്‍ തകര്‍ന്നശേഷം അവസാന സെഷനില്‍ പൊരുതി നിന്ന മുംബൈ വാലറ്റം കേരളത്തിന്‍റെ വിജയലക്ഷ്യം ഉയര്‍ത്തി. സ്കോര്‍ മുംബൈ 251, 321, കേരളം 244, 24-0.
തിരുവനന്തപുരം തുമ്പ സെന്‍റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തിന്‍റെ മൂന്നാം ദിനം ആദ്യ സെഷനില്‍ തന്നെ വിക്കറ്റുകള്‍ വീഴ്ത്തി മത്സരത്തിലേക്ക് തിരിച്ചുവരാമെന്ന കേരളത്തിന്‍റെ മോഹങ്ങള്‍ മുംബൈ ഓപ്പണര്‍മാരായ ജയ് ബിസ്തയും ലവ്‌ലാനിയും ചേര്‍ന്ന് തകര്‍ത്തു. ഓപ്പണിംഗ് വിക്കറ്റില്‍ 148 റണ്‍സടിച്ചശേഷമാണ് ഇരുവരും വേര്‍പിരിഞ്ഞത്. 100 പന്തില്‍ 73 റണ്‍സെടുത്ത ജയ് ബിസ്തയെ പുറത്താക്കിയ എം ഡി നിധീഷാണ് കേരളത്തിന് ബ്രേക്ക് ത്രൂ നല്‍കിയത്.
എന്നാല്‍ രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെയെ കൂട്ടുപിടിച്ച് ലവ്‌ലാനി തകര്‍ത്തടിച്ചതോടെ മുംബൈ കൂടുതല്‍ നഷ്ടങ്ങളില്ലാതെ മുന്നേറി. ലഞ്ചിന് തൊട്ടുമുമ്പ് ലവ്‌ലാനിയെ(88) ശ്രേയസ് ഗോപാല്‍ മടക്കി. ലഞ്ചിന് ശേഷം അജിങ്ക്യാ രഹാനെയെ(16), സുവേദ് പാര്‍ക്കര്‍(14), ശിവം ദുബെ(1) എന്നിവരെ മടക്കി ജലജ് സക്സേന കേരളത്തിന് പ്രതീക്ഷ നല്‍കി. എന്നാല്‍ പ്രസാദ് പവാര്‍(35), ഷംസ് മുലാനി(30), മോഹിത് അവാസ്തി(32) എന്നിവര്‍ പിടിച്ചു നിന്നതോടെ കേരളത്തിന്‍റെ ലക്ഷ്യം ഉയര്‍ന്നു. കേരളത്തിനായി ജലജ് സക്സേനയും ശ്രേയസ് ഗോപാലും നാലു വിക്കറ്റ് വീതം വീഴ്ത്തി.
കേരളത്തിനെതിരെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയതിനാല്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തുള്ള മംബൈക്കെതിരെ നോക്കൗട്ട് പ്രതീക്ഷ നിലനിര്‍ത്താന്‍ മൂന്നാം സ്ഥാനത്തുള്ള കേരളത്തിന് ജയം അനിവാര്യമാണ്. ആദ്യ ഇന്നിംഗ്സിൽ മുംബൈ 251 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ കേരളം 244ന് പുറത്തായിരുന്നു.