ന്യൂഡൽഹി: മുല്ലപ്പെരിയാർ കേസ് സുപ്രീംകോടതി നവംബർ 22-ലേക്ക് മാറ്റി. ഇന്ന് കേസ് പരിഗണിച്ചപ്പോൾ തമിഴ്നാടിന്റെ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ കേരളം 24 മണിക്കൂർ സമയം തേടി. വെള്ളിയാഴ്ചയാണ് തമിഴ്നാട് സത്യവാങ്മൂലം സമർപ്പിച്ചത്. അതിനാൽ ഒരു ദിവസത്തെ സമയം കൂടി മറുപടിക്ക് അനുവദിക്കണമെന്ന് കേരളത്തിന്റെ അഭിഭാഷകൻ ജയദീപ് ഗുപ്ത ആവശ്യപ്പെടുകയായിരുന്നു.
പിന്നാലെ 15ന് ഹാജരാകാൻ തമിഴ്നാടിന്റെ അഭിഭാഷകൻ അസൗകര്യം അറിയിച്ചു. മറ്റ് കേസുകൾ കൂടി പരിഗണിച്ച് കോടതി മുല്ലപ്പെരിയാർ കേസ് 22-ലേക്ക് മാറ്റുകയായിരുന്നു. ഇക്കാലയളവിൽ ജലനിരപ്പ് 139.5 അടിയാക്കി നിലനിർത്തണമെന്ന കേരളത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു. ജസ്റ്റീസ് എ.എൻ.ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ബേബി ഡാം ശക്തിപ്പെടുത്താനുള്ള നടപടികൾ കേരളം തടസപ്പെടുത്തുകയാണെന്ന് ചൂണ്ടിക്കാണിച്ചാണ് തമിഴ്നാട് സത്യവാങ്മൂലം നൽകിയിരിക്കുന്നത്. ജലനിരപ്പ് 142 അടിയായി ഉയർത്തണമെന്നും ഡാം സുരക്ഷിതമാണെന്നും തമിഴ്നാട് അവകാശപ്പെട്ടു.
ബേബി ഡാം ശക്തിപ്പെടുത്താൻ മരങ്ങൾ മുറിക്കുന്നതിന് സംസ്ഥാന സർക്കാർ തമിഴ്നാടിന് അനുമതി നൽകുകയും പിന്നീട് ഈ ഉത്തരവ് റദ്ദാക്കുകയും ചെയ്തിരുന്നു. ഈ സംഭവം രാഷ്ട്രീയ വിവാദമായി മാറിയതിന് ശേഷമാണ് കേരളം പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ പോകുന്നത്. മരം മുറിക്കാൻ അനുമതി നൽകിയ സംഭവത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു.
മറുപടിക്ക് സമയം തേടി കേരളം; മുല്ലപ്പെരിയാർ കേസ് മാറ്റി
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News