സ്‌കൂളുകളില്‍ നിയന്ത്രണം വന്നേക്കും; വിദ്യാര്‍ത്ഥികളുടെ ആരോഗ്യം പ്രധാനപ്പെട്ടതെന്ന് മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം: സ്‌കൂളുകളുടെ കാര്യത്തില്‍ നിയന്ത്രണം വന്നേക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. മന്ത്രി രാവിലെ 11.30ന് മുഖ്യമന്ത്രിയെ കാണും. കൂടിക്കാഴ്ചയില്‍ നിയന്ത്രണം സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. വിദ്യാര്‍ത്ഥികളില്‍ രോഗവ്യാപനം ഉണ്ടായിട്ടില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. കലാലയങ്ങളിലെ ക്ലസറ്ററുകള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മന്ത്രി പ്രതികരിച്ചു.

സംസ്ഥാനത്തെ സ്‌കൂളുകളിലെ സാഹചര്യം വിലയിരുത്തിയ ശേഷം നിയന്ത്രണങ്ങള്‍ സംബന്ധിച്ച് തീരുമാനമുണ്ടാകും. പരീക്ഷ നടത്തിപ്പും സ്‌കൂളുകളുടെ നിലവിലെ സാഹചര്യവും മുഖ്യമന്ത്രിയെ അറിയിക്കും. കൊവിഡ് അവലോകന സമിതി സ്‌കൂളുകള്‍ സംബന്ധിച്ച നിര്‍ദേശം നല്‍കിയാല്‍ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് ഇന്നലെ 12,742 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 3498, എറണാകുളം 2214, കോഴിക്കോട് 1164, തൃശൂര്‍ 989, കോട്ടയം 941, പത്തനംതിട്ട 601, കൊല്ലം 559, കണ്ണൂര്‍ 540, പാലക്കാട് 495, ആലപ്പുഴ 463, മലപ്പുറം 449, ഇടുക്കി 367, കാസര്‍കോട് 262, വയനാട് 200 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 72,808 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,41,293 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 1,38,264 പേര്‍ വീടുകളിലും 3029 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 420 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 54,430 കൊവിഡ് കേസുകളില്‍, 5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 176 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇതോടെ സംസ്ഥാനത്തെ ആകെ മരണം 50,254 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 597 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,327 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 693 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 125 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2552 പേര്‍ രോഗമുക്തി നേടി.

തിരുവനന്തപുരം 273, കൊല്ലം 20, പത്തനംതിട്ട 235, ആലപ്പുഴ 139, കോട്ടയം 332, ഇടുക്കി 53, എറണാകുളം 458, തൃശൂര്‍ 108, പാലക്കാട് 117, മലപ്പുറം 112, കോഴിക്കോട് 330, വയനാട് 63, കണ്ണൂര്‍ 184, കാസര്‍കോട് 128 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 54,430 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 52,07,762 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News