തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 2025-26 അധ്യയന വര്‍ഷത്തെ പുതിയ വിദ്യാഭ്യാസ കലണ്ടര്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. മുസ്ലീം സംഘടനകള്‍ അടക്കമുള്ള വിവിധ വിഭാഗങ്ങള്‍ നേരത്തെ പ്രകടിപ്പിച്ച എതിര്‍പ്പുകള്‍ അവഗണിച്ചാണ് പുതിയ കലണ്ടര്‍ പുറത്തിറക്കിയത്. എല്‍പി മുതല്‍ ഹൈസ്‌കൂള്‍ വരെയുള്ള വിഭാഗങ്ങളിലെ പ്രവൃത്തിദിനങ്ങളിലും ക്ലാസ് സമയങ്ങളിലും പ്രധാന മാറ്റങ്ങളാണ് കലണ്ടറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഉത്തരവ് പ്രകാരം:
- എല്‍പി ക്ലാസുകള്‍ക്ക് (ഒന്നു മുതല്‍ നാല് വരെ) 98 പ്രവൃത്തിദിനങ്ങള്‍ മാത്രം.
- യു പി ക്ലാസുകള്‍ക്ക് (5-7 ക്ലാസുകള്‍ വരെ) 200 പ്രവൃത്തിദിനങ്ങള്‍, അതില്‍ ജൂലൈ 26യും ഒക്ടോബര്‍ 25യും ശനിയാഴ്ചകള്‍ ഉള്‍പ്പെടും.
- ഹൈസ്‌കൂളുകള്‍ക്ക് (8-10 ക്ലാസുകള്‍) 204 പ്രവൃത്തിദിനങ്ങള്‍, അതില്‍ ആറ് ശനിയാഴ്ചകള്‍ (ജൂലൈ 26, ആഗസ്റ്റ് 16, ഒക്ടോബര്‍ 4, ഒക്ടോബര്‍ 25, ജനുവരി 3, ജനുവരി 31) പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്.
ക്ലാസ് സമയം പുതുക്കി:
ഹൈസ്‌കൂളുകള്‍ക്ക് ഇനി മുതല്‍ രാവിലെ 9.45 മുതല്‍ വൈകിട്ട് 4.15 വരെ ക്ലാസുകളുണ്ടാകും. 1100 അധ്യയന മണിക്കൂര്‍ പൂര്‍ത്തിയാക്കുന്നതിനായി എല്ലാ പ്രവൃത്തിദിനങ്ങളിലും (വെള്ളിയാഴ്ച ഒഴികെ) രാവിലെയും ഉച്ചകഴിഞ്ഞും 15 മിനിറ്റ് വീതം അധികം സമയമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ദേശീയതല താരതമ്യം
മന്ത്രിയുടെ അഭിപ്രായത്തില്‍, പഠന മണിക്കൂറും പ്രവൃത്തിദിനവും സംബന്ധിച്ച് കേരളം പിന്തുണക്കുന്ന നിലവാരം ദേശീയ തലത്തില്‍ തന്നെ മാതൃകാപരമാണ്.
- ഗുജറാത്ത്: 243 പ്രവൃത്തിദിനങ്ങള്‍
- കര്‍ണാടക: 244
- ആന്ധ്രാപ്രദേശ്: 233
- ഡല്‍ഹി: 220
- കേരളം: 220
സിബിഎസ്ഇ, ഐസിഎസ്ഇ, അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്‌കൂളുകള്‍ പോലും സര്‍ക്കാര്‍ സ്‌കൂളുകളേക്കാള്‍ കൂടുതലായ പ്രവൃത്തിദിനങ്ങളോടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
വിശദമായ കലണ്ടര്‍ പരിപാടികള്‍
41 ലഹരിവിരുദ്ധ പ്രചരണ പരിപാടികള്‍ ഉള്‍പ്പെടെ, പൊതു വിദ്യാഭ്യാസ, ആരോഗ്യ, ആഭ്യന്തര, വനിതാ ശിശു വികസനം, സാംസ്‌കാരികം തുടങ്ങി വിവിധ വകുപ്പുകളുമായി സഹകരിച്ച് സ്‌കൂള്‍ തലത്തില്‍ നിരവധി സംയുക്ത പ്രവര്‍ത്തനങ്ങളാണ് പുതിയ കലണ്ടറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ സ്‌കോളര്‍ഷിപ്പുകള്‍, പരീക്ഷാ വിവരങ്ങള്‍, ഭാഷാ പഠനം, ഉച്ചഭക്ഷണ പദ്ധതി, കലോത്സവങ്ങള്‍, കായികമേളകള്‍ തുടങ്ങിയവയും പ്രധാനപ്പെട്ട ഭാഗങ്ങളാണ്.
ചെറു പ്രതിഷേധങ്ങള്‍ മറികടന്ന് പൊതു വിദ്യാഭ്യാസം ഉന്നതത്തിലേക്ക് എന്ന ലക്ഷ്യത്തോടെ ആകെ 220 പ്രവൃത്തിദിനങ്ങളുള്ള കലണ്ടറാണ് പ്രസിദ്ധീകരിച്ചത്.കേരളത്തിലെ വിദ്യാഭ്യാസ വകുപ്പിനെ തകര്‍ക്കുന്നതിന് വേണ്ടി ഗൂഢാലോചന നടക്കുന്നതായി സംശയിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാനത്തിന്റേത് ദേശീയ അടിസ്ഥാനത്തില്‍ മാതൃകാപരമായ വിദ്യാഭ്യാസ മേഖലയാണ്. രാജ്യത്ത് തന്നെ രണ്ടാം സ്ഥാനത്താണ് കേരളം. ശനിയാഴ്ചകള്‍ പ്രവൃത്തി ദിനമാക്കിയ അക്കാദമിക കലണ്ടറിനെതിരെ കോടതിയില്‍ പോയത് കോണ്‍ഗ്രസിന്റെയും മുസ്ലീം ലീഗിന്റെയും രാഷ്ട്രീയ നേതൃത്വത്തെ അംഗീകരിക്കുന്ന അധ്യാപക സംഘടനകളായിരുന്നു. മുസ്ലീം ലീഗും കോണ്‍ഗ്രസും അതിന് അനുകൂലമായി നിലപാടെടുത്തു.
2014ല്‍ യുഡിഎഫ് ഭരണകാലത്ത് ലബ്ബ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹയര്‍ സെക്കണ്ടറിയില്‍ അഞ്ച് പ്രവൃത്തി ദിവസങ്ങളാക്കി കുറച്ചു. അപ്പോള്‍ ക്ലാസ് തുടങ്ങുന്നത് രാവിലെ 9.30 എന്നത് 9.00 ആക്കിയും വൈകുന്നേരം 4.00 മണി എന്നത് 4.30 ആക്കി. രാവിലെയും വൈകുന്നേരവും അര മണിക്കൂര്‍ വീതം വര്‍ദ്ധിപ്പിച്ചു. ടൈംടേബിള്‍ പരിഷ്‌കരിച്ചത് മദ്രസാ വിദ്യാഭ്യാസത്തിന് വിഘാതം സൃഷ്ടിക്കുന്നു എന്ന വാദം ഉന്നയിക്കുന്നവര്‍ അന്ന് ഇത്തരത്തില്‍ യാതൊരുവിധ തര്‍ക്കമോ പ്രതിഷേധമോ വിവാദമോ ഉണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. അതുകൊണ്ടു തന്നെ ഇപ്പോള്‍ ഉണ്ടാക്കിയിട്ടുള്ള ഈ പ്രതിഷേധങ്ങള്‍ക്ക് പിന്നിലെ ലക്ഷ്യം സംശയാസ്പദമാണെന്നും മന്ത്രി പറഞ്ഞു.


