കൊച്ചി: എന്തിനും ഏതിനും അറസ്റ്റ് ചെയ്യുന്ന രീതിയ്ക്ക് മാറ്റം വരുത്താനൊരുങ്ങി കേരളാ സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് അനാവശ്യ അറസ്റ്റുകള്‍ കുറക്കാന്‍ കേരളാ പോലീസ് നടപടി. അറസ്റ്റുകളുടെ എണ്ണം കുറച്ചാല്‍ കേരള പോലീസിന് പാരിതോഷികവും കേന്ദ്രം വാഗ്ദാനം ചെയ്തിട്ടുണ്ട്. തുടര്‍ന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ എല്ലാ എസ്പിമാര്‍ക്കും കത്തയച്ചു.
പോലീസ് ഓഫീസര്‍ക്ക് അത്യാവശ്യമാണെന്ന് ബോധ്യപ്പെട്ടാലേ അറസ്റ്റ് പാടുള്ളുവെന്നാണ് ഡി.ജി.പി.യുടെ കത്തില്‍ പറയുന്നത്. അറസ്റ്റിലെ പുരോഗതി വിലയിരുത്തി ഓരോ മാസവും അഞ്ചാം തീയതിക്കുമുമ്പ് തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തേക്ക് അയക്കണമെന്നും എസ്പിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഓരോ കൊല്ലവും സംസ്ഥാന പോലീസ് നവീകരണത്തിന് ലക്ഷക്കണക്കിന് രൂപ നല്‍കാറുണ്ട്. ഇത്തരം ഗ്രാന്റുകള്‍ ചില വ്യവസ്ഥകളോടെയാണ് നല്‍കുന്നത്. ഇക്കൊല്ലത്തെ വ്യവസ്ഥകളുടെ ഭാഗമായിട്ടാണ് അറസ്റ്റുകളുടെ എണ്ണം കുറയ്ക്കാനുള്ള നിര്‍ദേശം.