തിരുവനന്തപുരം: സംസ്ഥാനത്ത് പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര കമ്പനികളുടെ പേരില്‍ തപാലില്‍ സ്‌ക്രാച്ച് കാര്‍ഡ് അയച്ച് പണം തട്ടുന്ന സംഘം വിലസുന്നതായി പോലീസ്. അടുത്തിടെ കാസര്‍ഗോഡുള്ള ഒരു വീട്ടമ്മയ്ക്ക് ഇത്തരത്തില്‍ സ്‌ക്രാച്ച് കാര്‍ഡ് തപാലില്‍ ലഭിച്ചിരുന്നു.
ഓണ്‍ലൈന്‍ മുഖേന ഗൃഹോപകരണങ്ങള്‍ വാങ്ങിയ പ്രമുഖ സ്ഥാപനത്തിന്റെ പേരിലുള്ള സ്‌ക്രാച്ച് കാര്‍ഡ് ലഭിച്ച് ചുരണ്ടിയപ്പോള്‍ 9,50,000 രൂപ ആണ് സമ്മാനമായി കണ്ടത്. ഇതില്‍ നല്‍കിയിരുന്ന ഹെല്‍പ് ലൈന്‍ നമ്പറില്‍ വിളിച്ചപ്പോള്‍ ബാങ്ക് അക്കൗണ്ട്, ലിങ്ക് ചെയ്ത ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവ അയച്ചു കൊടുക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
സമ്മാനം അയച്ചു കിട്ടുന്നതിനുള്ള ചെലവ് മുന്‍കൂര്‍ ആയി അടയ്ക്കണമെന്ന സൂചനയാണ് കത്തില്‍ ഉണ്ടായിരുന്നത്. ഫോണില്‍ വിളിച്ചത് മലയാളിയാണ് എന്നറിഞ്ഞപ്പോള്‍ കോട്ടയം സ്വദേശി എന്നു പരിചയപ്പെടുത്തിയ വ്യക്തിക്ക് മൊബൈല്‍ ഫോണ്‍ കൈമാറി. വ്യക്തി വിവരങ്ങള്‍ ലഭിച്ചാല്‍ പിന്നീട് തുടര്‍ നടപടികള്‍ അറിയിക്കും എന്നായിരുന്നു മറുപടി.
പ്രധാനപ്പെട്ട ഓണ്‍ലൈന്‍ വ്യാപാര കമ്പനികള്‍ ഒന്നും ഇത്തരത്തില്‍ വമ്പന്‍ സമ്മാനങ്ങള്‍ പ്രഖ്യാപിച്ച സ്‌ക്രാച്ച് കാര്‍ഡ് അയക്കാറില്ല എന്നതാണ് വാസ്തവം. അതിനാല്‍ ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന അറിയിപ്പുമായി സംസ്ഥാന പോലീസ് രംഗത്ത് വന്നിട്ടുണ്ട്.