മൂവാറ്റുപുഴ: ദുരന്തസമയത്തും നമ്മള്‍ക്കായി വിശ്രമം പോലുമില്ലാതെ ജോലി ചെയ്യുന്ന നല്ലവരായ ഒരുപാട് പേരുണ്ട്. എന്നാല്‍ അവരും മനുഷ്യരാണെന്ന ചിന്ത പോലും പലര്‍ക്കുമില്ല. ഈ അവസരത്തിലാണ് ദിവസങ്ങള്‍ നീണ്ട വിശ്രമമില്ലാതെയുള്ള ജോലിക്കു ശേഷം വീട്ടിലേക്കു പോകാതെ കിലോമീറ്ററുകള്‍ സഞ്ചരിച്ച് കാന്‍സര്‍ രോഗിക്കുള്ള മരുന്നുമായെത്തി ഒരു പോലീസുദ്യോഗസ്ഥന്‍ മാതൃകയാകുന്നത്.
<p>കോട്ടയത്തു നിന്നു കടുമ്പടിയിലുള്ള രോഗിക്കാണ് കോട്ടയം പോലീസ് സ്റ്റേഷനിലെ ബിനു ഭാസ്‌കര്‍ മരുന്നുമായെത്തിയത്. ഒരു പരിചയവുമില്ലാത്ത പോലീസ് ഉദ്യോഗസ്ഥന്‍ മരുന്നുമായി എത്തിയപ്പോള്‍ ശരീരത്തിന്റെ വല്ലായ്മകള്‍ വകവയ്ക്കാതെ അദ്ദേഹത്തെ നിറകണ്ണുകളോടെ ആലിംഗനം ചെയ്യുകയായിരുന്നു ആ കാന്‍സര്‍ രോഗി.</p>
<p>അടിയന്തരമായി വേണ്ട മരുന്നു വാങ്ങാന്‍ പണവും ആളുമില്ലാതെ ബുദ്ധിമുട്ടുന്ന നിര്‍ധന കുടുംബത്തിന്റെ നിസ്സഹായാവസ്ഥ കോട്ടയം ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ സന്ദേശമായി എത്തിയതോടെയാണു മരുന്നു വാങ്ങിനല്‍കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ മുന്നോട്ടു വന്നത്. കോട്ടയം മെഡിക്കല്‍ കോളജ് പരിസരത്തുള്ള മെഡിക്കല്‍ ഷോപ്പില്‍ മാത്രമേ മരുന്നു കിട്ടുകയുള്ളുവെന്നു വ്യക്തമായതോടെയാണു ഗ്രൂപ്പില്‍ സന്ദേശമെത്തിയത്.</p>
<p>42 ഗുളികകള്‍ക്ക് 1500 രൂപ വില വരും. രാത്രി 10നാണ് മൂവാറ്റുപുഴയില്‍ നിന്നുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഗ്രൂപ്പില്‍ സന്ദേശം അയച്ചത്. മിനിറ്റുകള്‍ക്കുള്ളില്‍ ഗ്രൂപ്പില്‍ അംഗമായ കോട്ടയത്തുള്ള പോലീസ് ഉദ്യോഗസ്ഥന്‍ റെസിന്‍ അജയന്‍ രോഗിയെ വിളിച്ചു. വിശദമായ വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞു. രാത്രി ഡ്യൂട്ടി കഴിഞ്ഞു മെഡിക്കല്‍ കോളജ് പരിസരത്തു പോയി വാങ്ങി അയയ്ക്കാം എന്നുറുപ്പു നല്‍കി.</p>
<p>കോട്ടയം എസ്പി ജി. ജയ്ദേവ് വിവരം അറിഞ്ഞതോടെ 20 ദിവസത്തേക്കുള്ള മരുന്നു വാങ്ങി നല്‍കാന്‍ തീരുമാനമായി. കോട്ടയം പോലീസ് സ്റ്റേഷനിലെ ബിനു ഭാസ്‌കറിനെ മരുന്ന് എത്തിച്ചു നല്‍കാന്‍ എസ്പി ചുമതലപ്പെടുത്തി. താമസിയാതെ 65 കിലോമീറ്റര്‍ ദൂരം ബൈക്കോടിച്ച് ബിനു ഭാസ്‌കര്‍ കടുമ്പിടിയിലുള്ള രോഗിയുടെ വീട്ടിലെത്തി. പോത്താനിക്കാട് സ്റ്റേഷനിലെ എസ്എസ്ഐ കെ.കെ. ബിജുവും അദ്ദേഹത്തോടൊപ്പം രോഗിയുടെ വീട്ടിലെത്തിയിരുന്നു.</p>