ഇതൊക്കെ തെറിയാണോ…! ചുരുളിക്ക് പോലീസിന്റെ ക്ലീന്‍ ചിറ്റ്

തിരുവനന്തപുരം: ചുരുളിയില്‍ കഥയ്ക്ക് അനുയോജ്യമായ സംഭാഷണങ്ങളും പശ്ചാത്തലവുമാണെന്നും സിനിമ നിരോധിക്കേണ്ട ആവശ്യമില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ഡിജിപി നിയോഗിച്ച മൂന്നംഗ സമിതിയാണ് സിനിമയ്ക്ക് ക്ലീന്‍ചിറ്റ് നല്‍കിയത്.എഡിജിപി പത്മകുമാര്‍, തിരുവനന്തപുരം റൂറല്‍ എസ്പി ദിവ്യ ഗോപിനാഥ്, എസിപി എ.നസീം എന്നിവര്‍ ചേര്‍ന്ന സമിതിയാണ് സിനിമ കണ്ട് വിലയിരുത്തി ഡിജിപിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

വരും ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് കൈമാറും. ചുരുളി സിനിമയില്‍ സഭ്യമല്ലാത്ത ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നതെന്നും പ്രദര്‍ശനം തടയണമെന്നും ആവശ്യപ്പെട്ട് തൃശൂര്‍ സ്വദേശിനിയായ അഭിഭാഷക സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി സിനിമ കാണാന്‍ പോലീസിനെ നിയോഗിച്ചത്. സിനിമ എന്ന കലാരൂപം സമൂഹത്തെ സ്വാധീനിക്കുന്നതാണെന്നും ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന സംഭാഷണങ്ങള്‍ കുട്ടികളുടെയും സ്ത്രീകളുടെയും അന്തസ് കളങ്കപ്പെടുത്തുന്നതാണെന്നുമായിരുന്നു ഹര്‍ജിയിലെ ആക്ഷേപം.

ചിത്രത്തിലെ സംഭാഷണങ്ങള്‍ കഥയോടും കഥാപാത്രങ്ങളോടും ചേര്‍ത്തുവച്ചു വേണം കാണാനെന്നാണ് എഡിജിപി കെ പദ്മകുമാറിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ വിലയിരുത്തല്‍. തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവി ദിവ്യ ഗോപിനാഥ്, സിറ്റി ഡെപ്യൂട്ടി കമ്മിഷണര്‍ എ നാസിം എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. ചിത്രത്തിലെ സംഭാഷണങ്ങളെ കഥയുമായി ചേര്‍ത്തുവച്ചു വേണം കാണാനെന്ന് സമിതി അഭിപ്രായപ്പെട്ടു. കഥ ആവശ്യപ്പെടുന്ന ഭാഷയാണ് സംഭാഷണങ്ങളിലുള്ളതെന്നു വ്യക്തമാക്കിയ സമിതി സിനിമയില്‍ നിയമ ലംഘനം ഇല്ലെന്നും നടപടി എടുക്കാനാവില്ലെന്നും അഭിപ്രായപ്പെട്ടു.

ചുരുളിയെന്ന സാങ്കല്‍പ്പിക ഗ്രാമത്തിന്റെ കഥയാണ് സിനിമയില്‍. കഥാ സന്ദര്‍ഭത്തിനു യോജിച്ച ഭാഷയാണ് ചിത്രത്തില്‍ ഉപയോഗിച്ചിട്ടുള്ളത്. ഇതില്‍ നിയമ ലംഘനം ഉണ്ടെന്നു കാണാനാവില്ല. ഒടിടി പൊതുവിടം അല്ലെന്നും അതുകൊണ്ടുതന്നെ പൊതു സ്ഥലത്ത് അസഭ്യ പ്രയോഗം നടത്തിയെന്നു വിലയിരുത്താനാവില്ലെന്നും സമിതി ചൂണ്ടിക്കാട്ടി. സിനിമ സ്ട്രീം ചെയ്യുന്നതില്‍ ക്രിമിനല്‍ കുറ്റമോ നിലവിലുള്ള ഏതെങ്കിലും നിയമത്തിന്റെ ലംഘനമോ ഉണ്ടോയെന്നു പരിശോധിക്കാനായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം.

ചുരുളിയിലെ സംഭാഷണങ്ങള്‍ അസഭ്യമാണെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. ഇങ്ങനെയൊക്കെ പരാതി ഉയര്‍ന്നാല്‍ ഒരാള്‍ക്കും സിനിമയ്ക്കു തിരക്കഥ എഴുതാനാവില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. വാസവദത്ത എഴുതിയതിന്റെ പേരില്‍ രചയിതാവിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യം ഉയരാം. പ്രസിദ്ധരായ പല എഴുത്തുകാര്‍ക്കും കവികള്‍ക്കും എതിരെ സമാനമായ പരാതി ഉന്നയിക്കാമെന്ന് കോടതി ചൂണ്ടിക്കാട്ടി.

സിനിമ ചലച്ചിത്രകാരന്റെ സൃഷ്ടിയാണ്. കലാകാരന്റെ സ്വാതന്ത്ര്യമെന്നാല്‍ സങ്കല്‍പ്പിക്കാനും സൃഷ്ടിക്കാനും പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമാണ്. ചുരുളി ഒടിടി പ്ലാറ്റ്‌ഫോമിലാണ് പ്രദര്‍ശിപ്പിക്കുന്നത്. ആവശ്യമുള്ളവര്‍ക്ക് പണം കൊടുത്തു കാണാം. ഒരാളും അതു കാണാന്‍ നിര്‍ബന്ധിക്കുന്നില്ല. നിര്‍ബന്ധപൂര്‍വം ഒരാളെ കാണിയാക്കി മാറ്റുന്ന ഒന്നല്ല ഒടിടി പ്ലാറ്റ്‌ഫോമുകള്‍ കോടതി പറഞ്ഞു.സിനിമയില്‍ വള്ളുവനാടന്‍ ഭാഷ മാത്രമേ പറ്റൂ എന്നൊന്നും നിര്‍ദേശിക്കാന്‍ കോടതിക്കാവില്ല. കണ്ണൂര്‍ ഭാഷ വേണം, തിരുവനന്തപുരം ഭാഷ വേണം എന്നൊന്നും പറയാനാവില്ല. സിനിമയുടെ പ്രദര്‍ശനം നിലവിലുള്ള ഏതെങ്കിലും നിയമത്തെ ലംഘിക്കുന്നുണ്ടോയെന്നേ കോടതിക്കു പരിശോധിക്കാനാവൂ. അതു പരിശോധിക്കുമ്പോള്‍ തന്നെ കലാകാരന്റെ സ്വാതന്ത്ര്യവും പരിഗണിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News