KeralaNews

സംസ്ഥാനത്തും വാക്സിൻ നിർമ്മാണം: നടപടികൾ വിശദീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം:സംസ്ഥാനത്ത് വാക്സിൻ നിർമാണവുമായി ബന്ധപ്പെട്ട് ദീർഘകാലാടിസ്ഥാനത്തിൽ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് ലൈഫ് സയൻസ് പാർക്കിന്റെ സ്ഥലം ഉപയോഗിച്ച് വാക്സിൻ നിർമാണ കമ്പനികളുടെ യൂണിറ്റുകൾ സ്ഥാപിക്കാൻ വാക്സിൻ കമ്പനികൾക്ക് താൽപര്യമുണ്ട്. അക്കാര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

സംസ്ഥാനത്തിന് കൂടുതൽ വാക്സിൻ ജൂൺ ആദ്യവാരം ലഭിക്കുമെന്നാണ് പ്രതീക്ഷ. ലഭിച്ചാൽ വാക്സിനേഷൻ ഊർജിതമാക്കും. ജൂൺ 15നകം പരമാവധി വാക്സിൻ കൊടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വൃദ്ധസദനങ്ങളിലെ മുഴുവൻ പേർക്കും എത്രയും പെട്ടെന്ന് വാക്സിൻ നൽകും. ആദിവാസി കോളനികളിലും 45 വയസിന് മുകളിൽ ഉള്ളവർക്ക് വാക്സിനേഷൻ പരമാവധി പൂർത്തീകരിക്കും. കിടപ്പുരോഗികൾക്കെല്ലാം വാക്സിൻ ലഭ്യമാക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കുന്നതാണ്.

പ്രവാസികൾക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റ് മൊബൈൽ ഫോണിൽ നൽകുമ്പോൾ ആധാർ ലിങ്ക് ചെയ്ത മൊബൈലിലേക്ക് മാത്രമാണ് ഒടിപി സന്ദേശം പോകുന്നതെന്ന പ്രശ്നം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഭൂരിഭാഗംപേരും മൊബൈൽ നമ്പർ ആധാറുമായി ബന്ധപ്പെടുത്തിക്കാണില്ല. അതുകൊണ്ട് നിലവിൽ കയ്യിലുള്ള മൊബൈൽ നമ്പറിൽ ഒടിപി കൊടുക്കാനുള്ള സംവിധാനം ആലോചിക്കും

18 വയസ്സിനും 44 വയസ്സിനും ഇടയിലുള്ള ആളുകൾക്ക് വാക്സിനേഷൻ നൽകാൻ ആരംഭിച്ചപ്പോൾ മെയ് 19ന് ഇറങ്ങിയ ഉത്തരവ് പ്രകാരം 32 വിഭാഗം ആളുകൾക്ക് മുൻഗണന നൽകിയിരുന്നു. മെയ് 24ന് പുറപ്പെടുവിച്ച പുതിയ ഉത്തരവ് പ്രകാരം 11 പുതിയ വിഭാഗങ്ങളെ കൂടെ കൂട്ടിച്ചേർത്തു. അതിൽ വിദേശ രാജ്യങ്ങളിലേയ്ക്ക് തൊഴിലിനും പഠനത്തിനുമായി പോകേണ്ടവരെ കൂടെ ഉൾപ്പെടുത്തി.

പാസ്പോർട്ട് നമ്പർ ഉൾപ്പെടെ അവർക്കാവശ്യമായ വിധത്തിലുള്ള സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള ചുമതല ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നൽകുകയും ചെയ്തു. ആ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനാവശ്യമായ വിസ, ജോലിയുടേയും പഠനാവശ്യങ്ങളുടേയും വിശദാംശങ്ങൾ എന്നിവയുമായി വേണം ജില്ലാ മെഡിക്കൽ ഓഫീസറുടെ കാര്യാലയവുമായി ബന്ധപ്പെടേണ്ടതെന്നും മുഖ്യമന്ത്രി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button