തുടർച്ചയായ രണ്ടാം മത്സരത്തിലും ജയം നേടാനാവാതെ ബ്ലാസ്‌റ്റേഴ്‌സ്, നോർത്ത് ഈസ്റ്റിനോട് സമനില

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് ബ്ലാസ്‌റ്റേഴ്‌സിനെ സമനിലയില്‍ തളച്ചത്. കൊച്ചി ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു.

ഒരു ഘട്ടത്തില്‍ പിന്നില്‍ നിന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയില്‍ ഗോളടിച്ച് സമനില നേടുകയായിരുന്നു. ഇതോടെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ബ്ലാസ്‌റ്റേഴ്‌സ് വിജയം നേടാനാവാതെ തളര്‍ന്നു. നോര്‍ത്ത് ഈസ്റ്റിനായി നെസ്റ്റര്‍ അല്‍ബിയാച്ച് 12-ാം മിനിറ്റില്‍ ലീഡ് സമ്മാനിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ ഡാനിഷ് ഫറൂഖി ബ്ലാസ്റ്റേഴ്‌സിനായി വലകുലുക്കി. സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണയുടെ അസിസ്റ്റില്‍ നിന്നാണ് ഗോള്‍ പിറന്നത്.

ഈ സമനിലയോടെ മഞ്ഞപ്പട പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ്. നാല് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയവും ഒരു സമനിലയും ഒരു തോല്‍വിയുമടക്കം ഏഴ് പോയന്റാണ് ടീമിനുള്ളത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് ഒരു വിജയവും രണ്ട് സമനിലയും ഒരു തോല്‍വിയുമുള്ള നോര്‍ത്ത് ഈസ്റ്റ് അഞ്ചാം സ്ഥാനത്താണ്. കഴിഞ്ഞ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് മുംബൈ സിറ്റിയോട് ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News