KeralaNews

ചെങ്ങന്നൂർ – പമ്പ പാത: പൂർണമായും ആകാശപാതയാകില്ല, തൂണുകളിലൂടെയും തുരങ്കങ്ങളിലൂടെയുമായി യാത്ര,177.80 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടിവരും

തിരുവനന്തപുരം: ശബരില തീർഥാടകർ ഉൾപ്പെടെയുള്ളവർക്ക് സഹായകരമാകുന്ന ചെങ്ങന്നൂർ – പമ്പ പാത പദ്ധതിയുടെ വിശദമായ പഠനറിപ്പോർട്ട് ഡിസംബറിൽ പൂർത്തിയാകും. പുനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് ഡിപിആർ തയ്യാറാക്കുന്നത്. പാത പൂർണമായും ആകാശപാതയായിരിക്കില്ല. പദ്ധതി കടന്നുപോകുന്ന പ്രദേശത്തെ വയലുകളുള്ള ഭാഗത്ത് മാത്രമായിരിക്കും ആകാശപാത.

പാത പൂർണമായും ആകാശപാതയായിരിക്കില്ലെന്ന് നിർമാണ വിഭാഗം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഷാജി സഖറിയ വ്യക്തമാക്കിയതായി മനോരമ റിപ്പോർട്ട് ചെയ്തു. ചെങ്ങന്നൂർ – പമ്പ പാത പൂർണമായും ആകാശപാതയായിരിക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കെയാണ് പുതിയ വിവരങ്ങൾ പുറത്തുവന്നത്.

ചെങ്ങന്നൂർ നഗരസഭ, മല്ലപ്പുഴശേരി, ആറന്മുള, കോഴഞ്ചേരി, ചെറുകോൽ, വടശേരിക്കര, റാന്നി, കീക്കൊഴൂർ, സീതത്തോട്, അത്തിക്കയം, പെരുനാട് വില്ലേജുകളിലായി 177.80 ഹെക്ടർ ഭൂമി പദ്ധതിക്കായി ഏറ്റെടുക്കേണ്ടി വരും. ഭൂമിയേറ്റെടുക്കേണ്ടതെന്ന് കരുതുന്ന ചില സ്ഥലങ്ങളിൽ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്.

60 കിലോമീറ്റർ പാതയിൽ 32 കിലോമീറ്റർ ദൂരമായിരിക്കും തൂണുകളിലും തുരങ്കങ്ങളിലുമായി ഉണ്ടാകുക. പാത ആരംഭിക്കുന്നത് ചെങ്ങന്നൂരിൽ നിന്നാകും. ഭൂനിരപ്പിലായിരിക്കും ഇവിടെ പാതയുണ്ടാകുക. പദ്ധതിയുടെ ആകെ ഭാഗത്തിൽ 28 കിലോമീറ്റർ ഭൂനിരപ്പിലായിരിക്കും. വയലുകളുള്ള ഭാഗത്ത് തൂണുകളിലൂടെയാകും പാത നിർമാണം.

പദ്ധതി സംബന്ധിച്ച അവതരത്തിനായി ജനപ്രതിനിധികളുടെ യോഗം വിളിക്കാൻ കളക്ടർമാർക്ക് അധികൃതർ കത്ത് നൽകി. പാത കടന്നുപോകുന്ന പ്രദേശങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ യോഗത്തിൽ വിശദീകരിച്ചേക്കും. വടശേരിക്കര മുതൽ പമ്പവരെയുള്ള ഭാഗങ്ങളിൽ മണ്ണ് പരിശോധന പൂർത്തിയാക്കേണ്ടതുണ്ട്. ഇതിനായി വനം വകുപ്പിൻ്റെ അനുമതി ആവശ്യമാണ്. മണ്ണ് പരിശോധനയ്ക്കായി വനം വകുപ്പിന് അപേക്ഷ നൽകിയതായി അധികൃതർ അറിയിച്ചു.

ശബരിമല തീർഥാടകരെ ലക്ഷ്യമിട്ടാണ് ചെങ്ങന്നൂർ – പമ്പ പാത പദ്ധതി. ശബരിമല സീസണിൽ മാത്രമാകും ഈ പാതയിലൂടെ സർവീസ് നടത്തുക. മറ്റ് സമയങ്ങളിൽ പാത അടച്ചിടാനാണ് തീരുമാനം. ഏറെ യാത്രക്കാർ എത്തുന്ന റെയിൽവേ സ്റ്റേഷനാണ് ചെങ്ങന്നൂർ. ശബരിമലയിലേക്കുള്ള ഗേറ്റ് വേ ആയി 2009ൽ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനെ പ്രഖ്യാപിച്ചിരുന്നു. കോട്ടയം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലക്കാരാണ് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനെ കൂടുതലായി ആശ്രയിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker