കൊച്ചി: കഴിഞ്ഞ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ നിർത്തിയിടത്തുനിന്നു തന്നെ യുക്രെയ്ൻ താരം ഇവാൻ കല്യൂഷ്നി തുടങ്ങി. കൊൽക്കത്തയിൽ നിന്നു തന്നെയുള്ള എടികെ മോഹൻ ബഗാനെതിരെ മത്സരത്തിൽ കല്യൂഷ്നി നേടിയ ഗോളിൽ കേരള ബ്ലാസ്റ്റേഴ്സിനു ലീഡ്. ആറാം മിനിറ്റിൽ മലയാളി താരം സഹൽ അബ്ദുൽ സമദിന്റെ പാസിൽ നിന്നായിരുന്നു കല്യൂഷ്നിയുടെ തകർപ്പൻ ഗോൾ.
6' ഇവാൻ പുലിയാണ്! 😍😍
— Kerala Blasters FC (@KeralaBlasters) October 16, 2022
KBFC 🟡1-0 ⚪️ATKMB#KBFCATKMB #ഒന്നായിപോരാടാം #KBFC #KeralaBlasters pic.twitter.com/1AP0D4SYhm
ആദ്യ പകുതിയ പുരോഗമിക്കുമ്പോൾ ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത ഒരു ഗോളിനു മുന്നിലാണ്. സീസണിലെ ആദ്യ മത്സരത്തിൽ ചെന്നൈയിൻ എഫ്സിക്കെതിരെ പരാജയപ്പെട്ടാണ് മോഹൻ ബഗാന്റെ വരവ്. ബ്ലാസ്റ്റേഴ്സ് ആകട്ടെ, എടികെയുടെ ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ കൊച്ചിയിലെ കാണിക്കൂട്ടത്തിനു മുന്നിൽ 3–1ന് തകർത്തുവിട്ടതിന്റെ ആവേശത്തിലും.
പ്രഭ്‌സുഖന്‍ ഗില്‍ തന്നെയാണ് ബ്ലാസ്റ്റേഴ്സിന്‍റെ ഗോള്‍വല കാക്കുന്നത്. മാര്‍കോ ലെസ്‌കോവിച്ച്,ഹര്‍മന്‍ജോത് ഖബ്ര, ഹോര്‍മിപാം റുയ്‌വ, ക്യാപ്റ്റന്‍ ജെസെല്‍ കര്‍ണെയ്‌റോ എന്നിവരാണ് പ്രതിരോധനിരയിലുള്ളത്. മധ്യനിരയില്‍ ജീക്‌സണ്‍ സിങ്, ഇവാന്‍ കല്യൂഷ്നി, പ്യൂട്ടിയ, അഡ്രിയാന്‍ ലൂണ, സഹല്‍ അബ്ദുസമദ്, എന്നിവരിറങ്ങുമ്പോള്‍ മുന്നേറ്റ നിരയില്‍ ദിമിട്രിയോസ് ഡയമന്റകോസ് മാത്രമാണുള്ളത്.
കഴിഞ്ഞ മത്സരത്തില്‍ മുന്നേറ്റ നിരയില്‍ കളിച്ച അപ്പോസ്‌തോലോസ് ജിയാനോ ഇത്തവണ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഇല്ല. 4-5-1 ശൈലിയിലാണ് കോച്ച് ഇവാന്‍ വുകാമനോവിച്ച് എടികെക്കെതിരെ ടീമനെ കളത്തിലിറക്കുന്നത്. ദിമിത്രിയോസിനൊപ്പം കല്യൂഷ്നിയുടെ ഗോളടി മികവിലും കോച്ച് കണ്ണുവെക്കുന്നു എന്ന് ചുരുക്കം.
ആദ്യ മത്സരത്തില്‍ ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം ഈസ്റ്റ് ബംഗാളിനെ ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തിയിരുന്നു. 72-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ കല്യൂഷ്നിയായിരുന്നു ബ്ലാസ്റ്റേഴ്സിനായി രണ്ട് ഗോളുകള്‍ നേടിയത്. അഡ്രിയാന്‍ ലൂണയായിരുന്നു ബ്ലാസ്റ്റേഴ്സിന്‍റെ മറ്റൊരു സ്കോറര്‍. ആദ്യ പകുതിയില്‍ കളിച്ച സഹലിന് പകരം രണ്ടാം പകുതിയില്‍ മലയാളി താരം കെ പി രാഹുല്‍ പകരക്കാരനായി കളത്തിലിറങ്ങിയിരുന്നു.