കൊച്ചി: കേരള ലോട്ടറിയുടെ 25 കോടിയുടെ ഓണം ബമ്പർ കോയമ്പത്തൂർ സ്വദേശിക്ക് അടിച്ചതിന് പിന്നാലെ 12 കോടിയുടെ പൂജാ ബമ്പർ ടിക്കറ്റിന്റെ അനധികൃത ഓൺലൈൻ വില്പന തമിഴ്നാട്ടിൽ പൊടിപൊടിക്കുന്നു. തമിഴരുടെ ഫേസ്ബുക്ക് പേജുകളിലും വ്ലോഗുകളിലും നിറയെ പൂജാ ബമ്പർ വിശേഷങ്ങളാണ്.
സമ്മാനഘടന വിവരിച്ച്, ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള വാട്ട്സാപ്പ് നമ്പറുകൾ സഹിതമാണ് പോസ്റ്റുകൾ. സംശയം തീർക്കാൻ വിളിക്കരുത്. വാട്ട്സാപ്പ് മെസേജ് മാത്രം. സ്പീഡ് പോസ്റ്റിൽ ടിക്കറ്റ് എത്തിക്കും. ടിക്കറ്റ് വില 300 രൂപയും 50രൂപ പോസ്റ്റൽ ചാർജും നൽകണം. സിംഗിളായും സെറ്റായും ടിക്കറ്റ് എത്തിക്കും. സെപ്തംബർ 23ന് വില്പന ആരംഭിച്ചതുമുതൽ തമിഴ്നാട്ടിലും വൻ ഡിമാൻഡാണ് പൂജാ ബമ്പറിന്.
മുൻവർഷങ്ങളിൽ ക്രിസ്മസ് ബമ്പറിന്റെയടക്കം ടിക്കറ്റ് ഓൺലൈനിൽ വാങ്ങാമെന്ന വാഗ്ദാനത്തിൽ പലരും കബളിപ്പിക്കപ്പെട്ടിരുന്നു. ഒരു ടിക്കറ്റിന്റെ ഫോട്ടോ പലർക്കും നൽകിയശേഷം യഥാർത്ഥ ടിക്കറ്റ് നൽകാതെ കബളിപ്പിച്ചു. ടിക്കറ്റ് തപാലിൽ അയയ്‌ക്കാമെന്ന് പറഞ്ഞ് പണം കൈപ്പറ്റിയശേഷം, വാങ്ങുന്നവരുടെ നമ്പർ ബ്ലോക്ക് ചെയ്തായിരുന്നു തട്ടിപ്പ്.
ചില വെബ്‌സൈറ്റുകൾ വഴിയും സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ വഴിയും കച്ചവടം തകൃതിയാണ്. തമിഴ്നാട്ടിലെ അനധികൃത ടിക്കറ്റ് വില്പനയിൽ കേരള ലോട്ടറി വകുപ്പിന് നടപടി എടുക്കാനാവില്ല. തമിഴ്നാട് സർക്കാരാണ് നടപടി എടുക്കേണ്ടതെന്ന് ലോട്ടറി വകുപ്പ് പറഞ്ഞു.
സെറ്റ് വില്പന
പൂജ ബമ്പറിന്റെ 12 ടിക്കറ്റുള്ള സെറ്റ് 1,500 രൂപയ്‌ക്ക് കേരളത്തിലും അനധികൃതമായി ഓൺലൈനിൽ വിൽക്കുന്നുണ്ട്. മറ്റു ജില്ലകളിൽ നിന്ന് ലോട്ടറി എത്തിച്ച്, നമ്പറിന്റെ അവസാന നാലക്കം തുടർച്ചയായി വരുന്ന സെറ്റുകളാക്കും. 12 ടിക്കറ്റിലധികം ഒരാൾ സെറ്റായി വിൽക്കുന്നതും നിയമവിരുദ്ധമാണ്.
തടയാൻ പരിമിതി
2011ലെ കേരള ലോട്ടറി റെഗുലേഷൻ അമെൻഡ്‌മെന്റ് റൂൾ പ്രകാരവും കേന്ദ്ര പേപ്പർ ലോട്ടറി റെഗുലേഷൻ ആക്ട് പ്രകാരവും ലോട്ടറി ഓൺലൈനിൽ വില്ക്കുന്നത് നിയമവിരുദ്ധമാണ്. പണം നേരിട്ട് നൽകി പേപ്പർ ലോട്ടറി മാത്രമേ വാങ്ങാവൂ. ലോട്ടറി വകുപ്പിന് എൻഫോഴ്സ്മെന്റ് അധികാരമില്ലാത്തതിനാൽ അനധികൃത വില്പന തടയാൻ എ.ഡി.ജി.പിക്ക് പരാതി നൽകുകയാണ് പതിവ്.
പൂജാ ബമ്പർ
വിറ്റത്-1,58,500
അച്ചടിച്ചത്- 25 ലക്ഷം
ആകെ അനുമതി- 45 ലക്ഷം
നറുക്കെടുപ്പ് – നവംബർ 22