28.4 C
Kottayam
Sunday, May 26, 2024

തിരുവോണം ബംപർ ഭാഗ്യശാലി ആര്? ഉച്ചയോടെ അറിയാം;വിൽപ്പനയിൽ മുന്നിൽ പാലക്കാട്

Must read

തിരുവനന്തപുരം: ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന തിരുവോണം ബംപർ ഭാഗ്യശാലി ആരാകും. ഉത്തരം ഉച്ചയോടെ അറിയാനാകും. ഈ വർഷത്തെ തിരുവോണം ബംപർ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്കാണ് നടക്കുക. ധനമന്ത്രിയുടെ സാന്നിധ്യത്തിൽ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് തിരുവനന്തപുരം ഗോർക്കി ഭവനിൽ വച്ച് നറുക്കെടുപ്പ് നടക്കുക. സംസ്ഥാന ലോട്ടറി വകുപ്പിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 25 കോടി രൂപയാണ് ഒന്നാം സമ്മാനം ലഭിക്കുക. ഭാഗ്യശാലിക്ക് വിവിധ നികുതികൾ കഴിഞ്ഞ് 15 കോടി 75 ലക്ഷം രൂപ കയ്യിൽ കിട്ടും. ഏജൻസി കമ്മീഷൻ, അച്ചടിക്കൂലി, ഭരണപരമായ ചെലവുകൾ, സമ്മാനത്തുക എന്നിവ കഴിഞ്ഞുള്ള തുക മാത്രമേ സർക്കാരിനു കിട്ടൂ.

ഓണം ബംപർ ടിക്കറ്റിന് ഇക്കുറി റെക്കോർ‍ഡ് വിൽപനയാണ് നടന്നത്. 67 ലക്ഷം ടിക്കറ്റ് അച്ചടിച്ചതിൽ 66 ലക്ഷത്തിലേറെ വിറ്റുപോയി. ഏറ്റവും അധികം ടിക്കറ്റ് വിറ്റത് പാലക്കാട് ജില്ലയിലാണ്. ഇവിടെ മാത്രം 10 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. രണ്ടാം സ്ഥാനത്തെത്തിയത് തൃശ്ശൂർ ജില്ലയാണ്. ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റതിന്‍റെ കണക്ക് പരിശോധിച്ചാൽ തിരുവനന്തപുരം ജില്ലയാണ് മൂന്നാം സ്ഥാനത്തെത്തിയത്.

500 രൂപയാണ് ഇത്തവണത്തെ തിരുവോണം ബംപർ ടിക്കറ്റിന്‍റെ വില. വില കൂടിയെങ്കിലും സമ്മാനഘടന ആകർഷകമാകും എന്ന് ലോട്ടറി വകുപ്പ് പ്രതീക്ഷിച്ചിരുന്നു. അത് ഏറക്കുറെ യാഥാർത്ഥ്യമായെന്നതാണ് വിൽപ്പനയുടെ കണക്ക് കാണിക്കുന്നത്. ഇക്കുറി തിരുവോണം ബംപർ ടിക്കറ്റ് വിൽപ്പനയിലൂടെ നികുതിയേതര വരുമാനത്തിൽ വലിയ മെച്ചമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഏറക്കുറെ ഇത് സ്ഥിരീകരിക്കുന്നതാണ് വിൽപ്പന കണക്കുകൾ വ്യക്തമാക്കുന്നത്.

ഒന്നാം സമ്മാനം അടിച്ചാൽ നികുതി എത്ര പോകും?

25 കോടിയുടെ ഒന്നാം സമ്മാനമടിച്ചാൽ 15.75 കോടി രൂപയാകും ഓണം ബംപർ ഭാഗ്യശാലിക്ക് കിട്ടുക. 2.5 കോടി രൂപ ഏജന്റ് കമ്മീഷനും, നികുതിയും കിഴിച്ചുള്ള തുകയാണിത്. രണ്ടാം സമ്മാനം അഞ്ച് കോടി രൂപ ഒരാൾക്ക് ലഭിക്കും. മൂന്നാം സമ്മാനം ഒരു കോടി രൂപ വീതം പത്ത് പേർക്കാകും ലഭിക്കുക. ആകെ 126 കോടി രൂപയുടെ സമ്മാനമാകും ഉണ്ടാകുക. അഞ്ചുലക്ഷം രൂപയാണ് സമാശ്വാസ സമ്മാനമായി ലഭിക്കുക. ഒന്‍പത് പേര്‍ക്കാകും സമാശ്വസ സമ്മാനം ലഭിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week