ലക്നൗ: ഖത്തർ ലോകകപ്പിൽ കിരീടം നേടിയതിനു പിന്നാലെ ഇന്ത്യയ്ക്കും ബംഗ്ലദേശിനും പാക്കിസ്ഥാനും നന്ദി പറഞ്ഞ കൂട്ടത്തിൽ കേരളത്തെ പ്രത്യേകം പരാമർശിച്ച അർജന്റീന ഫുട്ബോൾ അസോസിയേഷനെതിരെ വിമർശനവുമായി ഉത്തർപ്രദേശിൽ നിന്നുള്ള ഐപിഎസ് ഉദ്യോഗസ്ഥ. ഉത്തർപ്രദേശ് പൊലീസിൽ ഡിഎസ്പിയായി സേവനം ചെയ്യുന്ന അഞ്ജലി കട്ടാരിയയാണ്, അർജന്റീന ഫുട്ബോൾ അസോസിയേഷനെതിരെ വിമർശനവുമായി രംഗത്തെത്തിയത്. കേരളം ഒരു പ്രത്യേക സ്ഥലമല്ലെന്നും, ഇന്ത്യയുടെ ഭാഗമാണെന്നുമാണ് അഞ്ജലി കട്ടാരിയയുടെ നിലപാട്. അതേസമയം, ഈ ട്വിറ്റർ അക്കൗണ്ട് ഔദ്യോഗികമാണോയെന്ന് വ്യക്തമല്ല.
‘‘അർജന്റീനയിലെ ഒരു ഔദ്യോഗിക കായിക സംഘടനയിൽനിന്നുള്ള ഈ ട്വീറ്റ്, തീർത്തും അശ്രദ്ധയോടെയായിപ്പോയി എന്നു പറയാതെ വയ്യ.
ബ്രിട്ടിഷ് ഭരണത്തിൽനിന്ന് പുറത്തുവന്ന മൂന്നു രാജ്യങ്ങൾക്കൊപ്പം കേരളത്തെ ഒരു പ്രത്യേക സ്ഥലമായി പരിഗണിക്കുന്നത്, അൽപം അസ്വാരസ്യത്തോടെ മാത്രമേ ആത്മാഭിമാനമുള്ള ഏതൊരു ഇന്ത്യക്കാരനും വായിക്കാനാകൂ’ – ഇതായിരുന്നു അഞ്ജലി കട്ടാരിയ എന്ന പേരിൽ വന്ന ട്വീറ്റ്.
‘കേരളം ഒരു പ്രത്യേക സ്ഥലമല്ല, ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്നും ദയവു ചെയ്ത് തിരുത്തണമെന്നും’ അർജന്റീന ഫുട്ബോൾ അസോസിയേഷനെ ടാഗ് ചെയ്ത് അഞ്ജലി കട്ടാരിയ ട്വീറ്റ് ചെയ്തിരുന്നതായും ഇതു പിന്നീട് നീക്കം ചെയ്തതായും ആരാധകർ സമൂഹമാധ്യമങ്ങളിൽ വിശദീകരിക്കുന്നുണ്ട്. ഈ ട്വീറ്റിന്റെ സ്ക്രീൻ ഷോട്ടും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
മുക്കിയ post 😆 pic.twitter.com/hiccPbZ5jR
— nadodi🌱 (@nadodeee) December 20, 2022
അതിനിടെ, തന്റെ നിലപാട് കൂടുതൽ വിശദമാക്കി കട്ടാരിയ മറ്റൊരു പോസ്റ്റ് കൂടി പങ്കുവച്ചിട്ടുണ്ട്.
‘‘അർജന്റീനയിലെ ഒരു സർക്കാർ അനുബന്ധ സ്ഥാപനത്തിൽനിന്ന് ഇത്തരമൊരു ട്വീറ്റ് വന്നത് ശരിയായില്ലെന്നു തന്നെ ഞാൻ വിശ്വസിക്കുന്നു. അർജന്റീനയ്ക്ക് കേരളത്തിന്റെ ഫുട്ബോൾ ഭ്രമത്തോടും സ്നേഹത്തോടും യഥാർഥത്തിൽ നന്ദി പറയണമായിരുന്നുവെങ്കിൽ, ബംഗ്ലദേശിനോടും പാക്കിസ്ഥാനോടും കൂട്ടിക്കെട്ടി അതു വേണ്ടിയിരുന്നില്ല. ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഫുട്ബോളിനോടുള്ള സ്നേഹം മനസ്സിലാക്കുമ്പോൾ, രണ്ടു രാജ്യങ്ങൾക്കൊപ്പം വെറുതെയൊന്നു പരാമർശിച്ചു പോകുന്നതിനപ്പുറം കേരളം മാത്രമായി നന്ദി പ്രകാശനം അർഹിക്കുന്നുണ്ട്.
ഞാൻ വീണ്ടും പറയുന്നു; ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ചരിത്രം പരിശോധിക്കുമ്പോൾ, 1947ലെയും 1971ലെയും വിഭജനത്തിന്റെ ഓർമകൾ ഇപ്പോഴും രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വിഭാഗീയ ചിന്തകൾ വളരാൻ കാരണമാകുന്നുണ്ട്. അർജന്റീനയിലെ ഫുട്ബോൾ സംഘടനയ്ക്ക് ആ ട്വീറ്റിന്റെ കാര്യത്തിൽ അൽപം കൂടി സൂക്ഷ്മത പുലർത്താമായിരുന്നുവെന്നു തന്നെ ഞാൻ കരുതുന്നു.
ഇതൊക്കെ പറയുമ്പോഴും, ചിലയാളുകൾ എന്റെ നിലപാടിനെ കേരളവും ഉത്തർപ്രദേശും തമ്മിലുള്ള സംഘർഷമായി വ്യാഖ്യാനിക്കുന്നത് വേദനയുളവാക്കുന്നു. ഞാൻ ഭരണഘടനയെ സേവിക്കുന്ന, ഇന്ത്യയിലെ ഒരു ഔദ്യോഗിക പൊലീസ് ഓഫിസറാണ്. അതിനു പുറമെ ഞാനൊരു കായികതാരം കൂടിയാണ്. പ്രാദേശികവാദവും വിഭാഗീയ ചിന്തയും എന്നെ സംബന്ധിച്ച് വെറുപ്പുളവാക്കുന്ന സംഗതികളാണ്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളോടും സാംസ്കാരിക വൈവിധ്യങ്ങളോടും എനിക്കു ബഹുമാനം മാത്രം. ജയ് ഹിന്ദ്, ജയ് ഭാരത്’’ – അഞ്ജലി കട്ടാരിയ കുറിച്ചു.
നേരത്തെ, ട്വിറ്റർ ഹാൻഡിലിലൂടെയാണ് കേരളത്തിന് ഉൾപ്പെടെ നന്ദിയറിയിച്ച് അർജന്റീന അർജന്റീന ഫുട്ബോൾ അസോസിയേഷൻ രംഗത്തെത്തിയത്. ബംഗ്ലദേശിലെ ആഘോഷങ്ങളുടെ വിഡിയോയും ബംഗ്ലദേശിനോടുള്ള നന്ദിയും ട്വീറ്റിലുണ്ട്.
അർജന്റീനയുടെ ലോകകപ്പ് വിജയത്തിനു പിന്നാലെ ഞായറാഴ്ച രാത്രി മുഴുവൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻ ആഘോഷ പരിപാടികളാണു നടന്നത്. പലയിടത്തും ആരാധകരെ നിയന്ത്രിക്കാൻ പൊലീസ് ഉദ്യോഗസ്ഥർ പാടുപെട്ടു. പെനല്‍റ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിനെ കീഴടക്കിയാണ് അർജന്റീന 36 വർഷങ്ങൾക്കു ശേഷം ലോകകപ്പ് നേടിയത്. ഷൂട്ടൗട്ടിൽ 4–2നാണ് അർജന്റീന ഫ്രാൻസിനെ വീഴ്ത്തിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോൾ വീതമടിച്ചും എക്സ്ട്രാ ടൈമിൽ മൂന്നു ഗോൾ വീതമടിച്ചും സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ ഷൂട്ടൗട്ട് വേണ്ടിവന്നത്.