ന്യൂഡല്‍ഹി: ജസ്റ്റിസ് സരസ വെങ്കിട്ടനാരായണ ഭട്ടിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാന്‍ ശുപാര്‍ശ. സുപ്രീംകോടതി കൊളീജിയമാണ് കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ കൈമാറിയത്. ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് ജസ്റ്റിസ് ഭട്ടിയെ നിയമിക്കാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തത്.
ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ കഴിഞ്ഞാല്‍ കേരള ഹൈക്കോടതിയിലെ ഏറ്റവും സീനിയര്‍ ജഡ്ജിയാണ് എസ്.വി. ഭട്ടി. ആന്ധ്രാപ്രദേശ് സ്വദേശിയായ ജസ്റ്റിസ് ഭട്ടി, 2019 മാര്‍ച്ച് 19 മുതല്‍ കേരള ഹൈക്കോടതി ജഡ്ജിയായി സേവനം അനുഷ്ഠിച്ചുവരികയാണ്. അതിന് മുമ്പ് ആന്ധ്രാപ്രദേശ് ഹൈക്കോടതിയിലെ ജഡ്ജി ആയിരുന്നു. 1987 മുതല്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന ജസ്റ്റിസ് ഭട്ടിയെ 2013-ലാണ് ആന്ധ്ര പ്രദേശ് ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി നിയമിക്കുന്നത്.
നിലവില്‍ ആന്ധ്ര ഹൈക്കോടതിയില്‍ നിന്നുള്ള ജഡ്ജിമാര്‍ ആരും രാജ്യത്തെ ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസുമാരായി സേവനമനുഷ്ടിക്കുന്നില്ല. ഇത് കൂടി കണക്കിലെടുത്താണ് ജസ്റ്റിസ് എസ്.വി. ഭട്ടിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തത്.
ഒറീസ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മുരളീധറിനെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാനുള്ള ശുപാര്‍ശ സുപ്രീംകോടതി കൊളീജിയം തിരിച്ചുവിളിച്ചു. ശുപാര്‍ശ ദീര്‍ഘകാലമായി പരിഗണനയിലായിരുന്നുവെങ്കിലും അംഗീകാരം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ബോംബെ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് സഞ്ജയ് ഗംഗപുര്‍വാലയെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാനും സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്തു.
ജസ്റ്റിസ് എ.ജി. മസിഹിനെ രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാനും സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്തു. ഇതിന് പുറമേ മദ്രാസ് ഹൈക്കോടതിയിലെ ജഡ്ജി എ. രാജയെ രാജസ്ഥാന്‍ ഹൈക്കോടതിയിലേക്ക് മാറ്റാനുള്ള മുന്‍ ശുപാര്‍ശ ഉടന്‍ നടപ്പാക്കാനും കൊളീജിയം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
ഏപ്രില്‍ 23-ന് സര്‍വീസില്‍ നിന്ന് വിരമിക്കുന്ന കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാറിന് സര്‍ക്കാര്‍ വക യാത്രയയപ്പ്. ആദ്യമായാണ് ഒരു ചീഫ് ജസ്റ്റിസിന് സര്‍ക്കാരിന്റേതായി ഔദ്യോഗിക യാത്രയയപ്പ് നല്‍കുന്നത്. ബുധനാഴ്ച വൈകിട്ട് കോവളത്തെ ഹോട്ടലില്‍ വെച്ചാണ് യാത്രയയപ്പ് നല്‍കിയത്.
മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറി, അഡ്വക്കേറ്റ് ജനറല്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരും യാത്രയപ്പ് ചടങ്ങില്‍ പങ്കെടുത്തു.
ചീഫ് ജസ്റ്റിസുമാര്‍ വിരമിക്കുമ്പോള്‍ ഹൈക്കോടതിയുടെ ഫുള്‍ കോര്‍ട്ട് മാത്രം യാത്രയയപ്പ് നല്‍കുന്നതാണ് കീഴ്‌വഴക്കം. അത്തരത്തിലുള്ള യാത്രയയപ്പ് കഴിഞ്ഞ ആഴ്ച കൊച്ചിയില്‍ നടന്നിരുന്നു. അതോടൊപ്പം സീനിയര്‍ അഭിഭാഷകര്‍ പ്രത്യേക യാത്രയയപ്പും നല്‍കിയിരുന്നു.
മുഖ്യമന്ത്രിക്കെതിരായ ദുരിതാശ്വാസനിധി കേസ് പരിഗണിച്ച ലോകായുക്തയും ഉപലോകായുക്തയും മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തത് വലിയ വിവാദമായതിന് തൊട്ടുപിന്നാലെയാണ് വിരമിക്കുന്ന ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പതിവിന് വിപരീതമായി സര്‍ക്കാര്‍ യാത്രയയ്പ്പ് നല്‍കുന്നത്.