കൊച്ചി: കൊവിഡ് വാക്സിന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. പൗരന്മാര്‍ക്ക് എന്തുകൊണ്ട് സൗജന്യ വാക്സിന്‍ നല്‍കുന്നില്ലെന്നും സംസ്ഥാനങ്ങള്‍ വാക്സിന്‍ നല്‍കണമെന്ന് പറയുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. എന്നാല്‍ ഇത് നയപരമായ വിഷയമാണെന്നും മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
വാക്സിനേഷന്‍ സൗജന്യമാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണങ്ങള്‍. ‘സംസ്ഥാനങ്ങള്‍ കൊവിഡ് വാക്സിന്‍ വാങ്ങി നല്‍കണമെന്ന് പറയുന്നത് എന്തുകൊണ്ടാണ്.
എല്ലാവര്‍ക്കും സൗജന്യ വാക്സിന്‍ നല്‍കാന്‍ ഏകദേശം 34,000 കോടി രൂപ മതിയാകില്ലേ. 54,000 കോടി രൂപ അധിക ഡിവിഡന്റായി റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. ഈ തുക സൗജന്യ വാക്സിന് വിനിയോഗിച്ചുകൂടേ’ എന്നും കോടതി ചോദിച്ചു.
എന്നാല്‍ ഇത് നയപരമായ വിഷയമാണെന്നും മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയോട് പറഞ്ഞത്. വാക്സിനേഷന്‍ നീണ്ടുപോകുന്നത് കൊണ്ട് പല ആളുകളും വാക്സിന്‍ എടുക്കാന്‍ ഇപ്പോള്‍ മടി കാണിക്കുകയാണെന്ന് ഹര്‍ജിക്കാരും ചൂണ്ടിക്കാട്ടി.