തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫിസുകളില്‍ ഇന്നു മുതല്‍ കര്‍ശനമായി നടപ്പാക്കാൻ നിശ്ചയിച്ചിരുന്ന ബയോമെട്രിക് പഞ്ചിങ്ങ് പാളി. എറണാകുളം, പാലക്കാട് കലക്ടറേറ്റുകളിൽ മാത്രമാണ് പഞ്ചിങ് സംവിധാനം നടപ്പാക്കാൻ സാധിച്ചത്. ശമ്പള സോഫ്റ്റ്വെയറായ ‘സ്പാർക്കുമായി’ ബന്ധിപ്പിക്കാത്തതിനാലാണ് മറ്റു ഓഫിസുകളിൽ സർക്കാരിന്റെ പുതുവർഷ ദൗത്യം പാളിയത്.
കലക്ടറേറ്റുകൾ, ഡയറക്ടറേറ്റുകൾ, വകുപ്പു മേധാവികളുടെ ഓഫിസുകൾ എന്നിവിടങ്ങളിൽ ജനുവരി ഒന്നിനു മുൻപായി ഈ സംവിധാനം നടപ്പാക്കി ഹാജർനില ശമ്പള സോഫ്റ്റ്വെയറായ സ്പാർക്കുമായി ബന്ധിപ്പിക്കണമെന്നു ചീഫ് സെക്രട്ടറി വി.പി.ജോയി രണ്ടാഴ്ച മുൻപ് ഉത്തരവിറക്കിയിരുന്നു. അർധ സർക്കാർ, സ്വയംഭരണ സ്ഥാപനങ്ങൾ, ഗ്രാൻഡ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ എല്ലാം മാർച്ച് 31നു മുൻപായി ഇതു പൂർണതോതിൽ നടപ്പാക്കും.
ജോലിസമയത്തു ജീവനക്കാർ മുങ്ങുന്നതു തടയാൻ സ്പാർക്കുമായി ബന്ധിപ്പിച്ചു ഹാജർ അധിഷ്ഠിത ബയോമെട്രിക് പഞ്ചിങ് ഏർപ്പെടുത്തണമെന്ന് പല തവണ നിർദേശിച്ചിട്ടും സർവീസ് സംഘടനകളുടെ തടസ്സവാദങ്ങൾ മൂലം നടപ്പായിരുന്നില്ല. സെക്രട്ടേറിയറ്റിൽ മാത്രമാണ് ഇപ്പോൾ ഈ സംവിധാനം ഫലപ്രദമായി പ്രവർത്തിക്കുന്നത്.