NationalNewsNews

റോഡിലൂടെ വലിച്ചിഴയ്ക്കപ്പെട്ട യുവതിക്കൊപ്പം സുഹൃത്തും; ഭയന്ന് രക്ഷപ്പെട്ടെന്ന് പോലീസ്

ന്യൂഡല്‍ഹി: പുതുവത്സരദിനത്തില്‍ ഡല്‍ഹി സുല്‍ത്താന്‍പുരിയില്‍ കാറിടിച്ച് റോഡില്‍ വീണ സ്‌കൂട്ടര്‍യാത്രക്കാരിയെ 12 കിലോമീറ്ററുകളോളം വലിച്ചിഴച്ച സംഭവത്തില്‍ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട സ്‌കൂട്ടര്‍ യാത്രക്കാരിക്കൊപ്പം മറ്റൊരു യുവതിയുമുണ്ടായിരുന്നതായി ഡല്‍ഹി പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. കാറിടിച്ചുവീണ യുവതിക്ക് നിസാരപരിക്കുകളുണ്ടായിരുന്നെന്നും പേടിച്ചുപോയ ഇവര്‍ രക്ഷപ്പെടുകയായിരുന്നെന്നും അന്വേഷണത്തില്‍ വ്യക്തമായി.

തിങ്കളാഴ്ച വൈകീട്ടോടെയാണ് രണ്ടാമത്തെ യുവതിയെ പോലീസ് തിരിച്ചറിഞ്ഞത്. ചൊവ്വാഴ്ച ഇവരുടെ മൊഴിരേഖപ്പെടുത്തും. സംഭവം അപകടമാണെന്നാണ് യുവതിയുടെ പ്രാഥമിക മൊഴി. സംഭവത്തിന് മുമ്പ് യുവതികള്‍ ഒരുമിച്ച് ജന്മദിനാഘോഷത്തില്‍ പങ്കെടുത്തിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. ഇവരുടെ മറ്റ് സുഹൃത്തുക്കുളം ആഘോഷത്തില്‍ ഉണ്ടായിരുന്നു. ഇവരേയും ചോദ്യംചെയ്‌തേക്കും.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പോലീസ് കമ്മീഷണര്‍ സഞ്ജയ് അറോറയോട് ആവശ്യപ്പെട്ടു. കമ്മീഷണറോട് ഫോണില്‍ വിവരങ്ങള്‍ തേടിയതിന് പിന്നാലെയാണ് വിശദറിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടത്. സ്‌പെഷ്യല്‍ കമ്മീഷണര്‍ ശാലിനി സിങ്ങായിരിക്കും അന്വേഷണത്തിന് നേതൃത്വം നല്‍കുക. ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്‌സേനയും അന്വേഷണത്തെക്കുറിച്ച് വിവരം തേടി.

കൊലക്കുറ്റത്തിനും ഗൂഢാലോചനയുമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതിചേര്‍ക്കപ്പെട്ട അഞ്ചുപേരും അറസ്റ്റിലായിട്ടുണ്ട്. കൊലപാതകത്തെത്തുടര്‍ന്ന് തിങ്കളാഴ്ച വ്യാപകമായി പ്രതിഷേധമുണ്ടായിരുന്നു. ഡല്‍ഹി സര്‍ക്കാര്‍ നിയോഗിച്ച മെഡിക്കല്‍ ബോര്‍ഡാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.

അറസ്റ്റിലായവരെ മൂന്നുദിവസത്തെ പോലീസ് റിമാന്‍ഡില്‍ വിട്ടു. ഇവരെ ചോദ്യം ചെയ്യുകയും ഡമ്മിയടക്കം ഉപയോഗിച്ച് കുറ്റകൃത്യം പുനഃസൃഷ്ടിക്കുകയും ചെയ്യും. കാറിനുള്ളില്‍ ഉയര്‍ന്ന ശബ്ദത്തില്‍ പാട്ടുവെച്ചിരുന്നതിനാലാവാം മറ്റുള്ള ശബ്ദമൊന്നും കാറിലുണ്ടായിരുന്നവര്‍ കേള്‍ക്കാതിരുന്നതെന്നാണ് പോലീസ് കരുതുന്നത്. കാര്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും. ലൈംഗീകാതിക്രമം ഉണ്ടായോയെന്നതടക്കം പോലീസ് അന്വേഷിച്ചുവരികയാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലെ ഇതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തതവരുത്താന്‍ സാധിക്കുകയുള്ളൂ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker