തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിയതോടെ കേന്ദ്ര ഏജന്‍സികളും എല്‍.ഡി.എഫ് സര്‍ക്കാരും തമ്മിലുള്ള പോര് മുറുകുന്നു. അന്വേഷണ ഏജന്‍സികളുടെ അന്വേഷണം ശരിയായ ദിശയിലാണോ എന്ന് പരിശോധിക്കാന്‍ സര്‍ക്കാര്‍ ജുഡീഷല്‍ കമ്മീഷനെ നിയോഗിച്ചു. റിട്ട. ജഡ്ജി കെ.വി.മോഹനനെ കമ്മീഷനാക്കാനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനമെടുത്തത്.
സര്‍ക്കാര്‍ തീരുമാനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ആവശ്യമുണ്ട്. കമ്മീഷന്‍ അനുമതി ലഭിക്കുന്നതിന് പിന്നാലെ അന്വേഷണ കമ്മീഷനെ നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കും. വികസന പദ്ധതികള്‍ തടസപ്പെടുത്താന്‍ കേന്ദ്ര ഏജന്‍സികള്‍ ബോധപൂര്‍വം നീക്കം നടത്തുന്നുവെന്ന് ആരോപിച്ച് ധനമന്ത്രി തോമസ് ഐസക് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ നടപടിയുണ്ടായത്.
കഴിഞ്ഞ ദിവസം ആദായനികുതി വകുപ്പ് കിഫ്ബി വഴി നടപ്പാക്കിയ പദ്ധതികളുടെ വിവരങ്ങളും കരാറുകാരുടെ വിശദാംശങ്ങളും ശേഖരിച്ചിരുന്നു. മണിക്കൂറുകള്‍ നീണ്ട പരിശോധനയാണ് കിഫ്ബിയില്‍ കേന്ദ്ര ഏജന്‍സി നടത്തിയത്.