തിരുവനന്തപുരം: വെള്ള, നീല കാര്‍ഡ് ഉടമകള്‍ക്ക് പത്ത് കിലോ സ്പെഷ്യല്‍ അരി 15 രൂപയ്ക്ക് നല്‍കാനുള്ള തീരുമാനം തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കിയതിനെതിരെ സര്‍ക്കാര്‍ കോടതിയെ സമീപിക്കും. പ്രതിപക്ഷം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മിഷന്‍ വിലക്കേര്‍പ്പെടുത്തിയത്.
ഇലക്‌ഷന്‍ കമ്മിഷന്‍ ഇടപെട്ടതോടെ ഭക്ഷ്യക്കിറ്റ് വിതരണവും ഒന്നാംതീയതി മുതല്‍ ആക്കിയിട്ടുണ്ട്. വിഷുവിനുള്ള കിറ്റാണിത്. വോട്ടെടുപ്പിന് മുമ്പ് പരമാവധി കിറ്റുകള്‍ വിതരണം ചെയ്യാനായിരുന്നു സര്‍ക്കാര്‍ നീക്കം. അത് വോട്ട് തട്ടാനുള്ള അടവാണെന്ന് കാട്ടിയായിരുന്നു പ്രതിപക്ഷത്തിന്റെ പരാതി.
എ.എ.വൈ വിഭാഗങ്ങള്‍ക്ക് സ്പെഷ്യല്‍ അരി ഏപ്രില്‍ 31 ന് മുമ്പ് നല്‍കാനായിരുന്നു തീരുമാനം. തിരഞ്ഞെടുപ്പു വിജ്ഞാപനത്തിന് മുമ്പാണ് അരി വിതരണത്തിന് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. അരി എത്താന്‍ വൈകിയതിനാല്‍ വിതരണം വൈകി. അരി എത്തിയപ്പോള്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങിയതിനാല്‍ വിതരണാനുമതിക്ക് സര്‍ക്കാര്‍ തിരഞ്ഞടുപ്പു കമ്മിഷനെ സമീപിച്ചു. അപ്പോഴേക്കും പെരുമാറ്റച്ചട്ട ലംഘനം കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി.
അരിവിതരണം തടഞ്ഞസംഭവത്തെ ന്യായികരിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വീണ്ടും രംഗത്തെത്തി.ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 2016-ല്‍ അരിയും കുടിവെള്ളവും വിതരണം ചെയ്തത് തടയാന്‍ സിപിഎം പിബി അംഗമായിരുന്ന പിണറായി വിജയന് തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നല്കിയതുപോലെ തന്നെയാണ് താനും ഇപ്പോള്‍ ചെയ്തതെന്ന് ചെന്നിത്തല വ്യക്തമാക്കി. അന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിയമവിധേയമായാണ് അരി-കുടിവെള്ള വിതരണത്തിനു ശ്രമിച്ചിരുന്നതെങ്കില്‍ ഇന്ന് പിണറായി സര്‍ക്കാര്‍ കുട്ടികളുടെ ഭക്ഷണം വച്ച് രാഷ്ട്രീയം കളിക്കുകയാണെന്ന വ്യത്യാസം മാത്രമേയുള്ളൂവെന്നും ചെന്നിത്തല പറഞ്ഞു. വിതരണം ചെയ്യാതെ പൂഴ്ത്തിവച്ച ശേഷം തെരഞ്ഞെടുപ്പടുത്തപ്പോള്‍ വിതരണം ചെയ്യുകയാണ് ഇടതുസര്‍ക്കാര്‍. കരിഞ്ചന്തക്കാരന്റെ മനസ്ഥിതിയാണ് പിണറായി വിജയന്റേതെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.
എന്നാൽ കള്ളനെ കൈയോടെ പിടിച്ചപ്പോള്‍ ഉള്ള ജാള്യതയാണ് പിണറായിക്ക്. ആഴക്കടല്‍ കരാര്‍ വിശദാംശങ്ങള്‍ പുറത്തുകൊണ്ടുവന്നതും രഹസ്യഇടപാട് പുറത്തുകൊണ്ടുവന്നതുമാണ് തന്നോടുള്ള പിണറായി വിരോധത്തിനു കാരണം. സത്യം പുറത്തുപറയുന്പോള് ഇവര്‍ക്ക് പൊള്ളുന്നുവെന്നതിന് തെളിവാണിത്. ഇരട്ടവോട്ടുകളുടെ വിഷത്തില്‍ കോണ്‍ഗ്രസുകാരുടെ പേരുണ്ടെങ്കിലും നീക്കണം. ഉദ്യോഗസ്ഥര്‍ രാഷ്ട്രീയമായി ചേര്‍ത്തിരിക്കുന്ന വോട്ടുകള്‍ സംബന്ധിച്ച് നടപടികള്‍ ഉണ്ടാകണം. എണ്പതുവയസുകാരുടെ വോട്ടിംഗ് നടന്നിട്ടുണ്ട്. കൃത്രിമം കാണിച്ചാല്‍ കൈയോടെ പിടികൂടും. തിരിമറി ഉണ്ടായാല്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.