കോട്ടയം: അധികാര കസേരയെച്ചൊല്ലി കേരള കോണ്‍ഗ്രസ് എമ്മില്‍ തര്‍ക്കം തുടരുന്നതിനിടെ ജോസ് കെ മാണി വിഭാഗം പാലായില്‍ യോഗം ചേര്‍ന്നു. ജോസ് കെ മാണി വിഭാഗത്തിലെ അഞ്ചു ജില്ലാ പ്രസിഡന്റുമാരും രണ്ട് എംപിമാരും രണ്ട് എംഎല്‍എമാരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. സമവായം തന്നെയാണ് ആഗ്രഹിക്കുന്നതെന്ന് ജോസ് കെ മാണി വ്യക്തമാക്കി.
ചെയര്മാന് സ്ഥാനത്തിന് വേണ്ടിയാണ് ജോസ് കെ മാണി,പി ജെ ജോസഫ് വിഭാഗങ്ങള്‍ തമ്മില്‍ യുദ്ധം നടക്കുന്നത്. ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതിനുള്ള സംസ്ഥാന കമ്മറ്റി ഉടന്‍ വിളിച്ചു ചേര്‍ക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം കഴിഞ്ഞ ദിവസം പി ജെ ജോസഫിന് കത്തു നല്‍കിയിരുന്നു. സമവായത്തിനുള്ള പി ജെ ജോസഫിന്റെ ക്ഷണം ജോസ് കെ മാണി വിഭാഗം ഇതുവരെ ചെവിക്കൊണ്ടിട്ടില്ല.
സമവായത്തിന് ശേഷമേ സംസ്ഥാന കമ്മിറ്റി വിളിക്കൂ എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് പി.ജെ ജോസഫ്. പാര്‍ലമെന്ററി പാര്‍ട്ടി ലീഡറെ ജൂണ്‍ ഒമ്പതിന് മുമ്പായി തെരെഞ്ഞെടുക്കണമെന്ന് സ്പീക്കര്‍ നിര്‍ദ്ദേശിച്ചതിനാല്‍ അതിന് മുമ്പ് ചെയര്മാന് തെരെഞ്ഞെടുപ്പ് പൂര്‍ത്തിയാക്കണം എന്നാണ് ജോസ് കെ മാണി വിഭാഗത്തിന്റെ ആവശ്യം. ജൂണ്‍ ഒമ്പതിന് മുമ്പ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിക്കുമെന്ന് പി ജെ ജോസഫ് തൊടുപുഴയില്‍ ഇന്ന് വ്യക്തമാക്ക കഴിഞ്ഞു. സഭാ നേതൃത്വവും യു ഡി എഫും സമവായത്തിലൂടെ പ്രശ്നം പരിഹരിക്കണം എന്നാണ് ആഗ്രഹിക്കുന്നതെന്നും പി ജെ ജോസഫ് വ്യക്തമാക്കി.