ഉമ്മൻചാണ്ടിയെ തിരുത്തിയ സതീശൻ സ്വന്തം പാർട്ടിയെ കേൾക്കുമോ? കെഎസ്യുവിന്റെ പടയൊരുക്കത്തിൽ വിറച്ച് കോൺഗ്രസ്; അലോഷ്യസിന് പിന്നിൽ ആര് ?

‘കെ-റെയിലിൽ പറ്റിയ അബദ്ധം ആവർത്തിക്കരുത്; സമിതി റിപ്പോർട്ട് പഠിച്ചശേഷം അതിവേഗ റെയിലിൽ തീരുമാനം’

തിരുവനന്തപുരം: ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനങ്ങളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളില്‍ ഉയര്‍ന്ന ഭിന്നതകള്‍ കൂടുതല്‍ രൂക്ഷമാകുന്നു. കെഎസ്.യുവിനെ അപമാനിക്കുന്ന വിധത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയാണ് വിഷയം വഷളാക്കിയത്. സ്വന്തം പാര്‍ട്ടിക്കാരെ തള്ളി ഒരു എസ്എഫ്‌ഐക്കാരിയെയും ഒരു സംഘപരിവാര്‍ അനുയായിയെയും ഗവര്‍ണമെന്റ് പ്ലീഡര്‍ പട്ടികയില്‍ തിരുകി കയറ്റിയെന്ന വിമര്‍ശനമാണ് മുഖ്യമന്ത്രി നേരിട്ടത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി തങ്ങളെ കേള്‍ക്കാന്‍ തയ്യാറായില്ലെന്നും കൂടിക്കാഴ്ച്ചക്കും അനുമതി നല്‍കിയില്ലെന്നതുമാണ് കെഎസ്യു നേതാക്കളെ അതൃപ്തിയിലാക്കുന്നത്.

കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് മുഖ്യമന്ത്രിയുടെ ഓഫീസ് കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയില്ലെ. തിരക്കേറിയ ഷെഡ്യൂള്‍ കാരണമാണ് അനുമതി ലഭിക്കാതിരുന്നതെന്ന് ഔദ്യോഗിക വിശദീകരണമുണ്ടെങ്കിലും, വിഷയം പാര്‍ട്ടിക്കുള്ളില്‍ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. എസ്എഫ്ഐ മുന്‍ പ്രവര്‍ത്തകയായ ജിയോണ ജെയിംസ്, ആര്‍എസ്എസ് ബന്ധം ആരോപിക്കപ്പെടുന്ന ഡിഎസ് ശരത് എന്നിവരെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാരായി നിയമിച്ചതിനെതിരെയാണ് കെഎസ്യു പ്രതിഷേധം ഉയര്‍ത്തിയത്. എന്നാല്‍, ‘ഗവണ്‍മെന്റ് പ്ലീഡര്‍മാരെ നിശ്ചയിക്കുന്നതില്‍ കെഎസ്യുവിന് എന്താണ് കാര്യം?’ എന്ന മുഖ്യമന്ത്രി വിഡി സതീശന്റെ പരാമര്‍ശം കെഎസ്യു പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത അതൃപ്തിക്ക് കാരണമായിരുന്നു.

മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ പാര്‍ട്ടിക്കുള്ളിലെ എ, ഐ ഗ്രൂപ്പുകള്‍ രംഗത്തെത്തിയിട്ടുണ്ട്. കെഎസ്യു സംസ്ഥാന പ്രസിഡന്റിന് കൂടിക്കാഴ്ചയ്ക്ക് പോലും അനുമതി നല്‍കാത്ത മുഖ്യമന്ത്രിയുടെ നടപടിയെ കോണ്‍ഗ്രസ് വക്താവ് വിആര്‍ അനൂപ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പരസ്യമായി വിമര്‍ശിച്ചു. മുന്‍പ് ഹിന്ദു ഐക്യവേദി നേതാക്കള്‍ക്ക് നല്‍കിയ പരിഗണന പോലും സ്വന്തം വിദ്യാര്‍ഥി സംഘടനയുടെ നേതാവിന് നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറായില്ലെന്നാണ് ഇവരുടെ ആക്ഷേപം.

അതേസമയം, മുഖ്യമന്ത്രിയെ അനുകൂലിക്കുന്ന എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി രാജു പി നായര്‍ ഉള്‍പ്പെടെയുള്ളവര്‍ കെഎസ്യുവിന്റെ പരസ്യ പ്രതികരണങ്ങള്‍ക്കെതിരെ രംഗത്തുവന്നു. പരാതികള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിളിച്ചുപറയുന്നതിന് മുന്‍പ് പാര്‍ട്ടി വേദികളിലാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും, ഇത്തരം വിവാദങ്ങള്‍ രാഷ്ട്രീയ എതിരാളികള്‍ക്ക് ആയുധം നല്‍കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടക്കുന്നത് വരെ പരസ്യമായ മറ്റ് സമരപരിപാടികളിലേക്ക് കടക്കേണ്ടതില്ലെന്നാണ് നിലവില്‍ കെഎസ്യു നേതൃത്വത്തിന്റെ തീരുമാനം.

മുന്‍കാലങ്ങളില്‍ വി ഡി സതീശന്‍ അടക്കം തിരുത്തല്‍ നടപടികള്‍ക്കായി സര്‍ക്കാറിനെതിരെ തുറന്നടിച്ചു രംഗത്തുവന്ന ചരിത്രമുണ്ട്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കവേ സതീശന്‍ പലതവണയാണ് പരസ്യമായ വിമര്‍ശനം ഉയര്‍ത്തിയത്. അത് തിരുത്തല്‍ നടപടി ലക്ഷ്യമിട്ടായിരുന്നു. അതേവഴിയാണ് തങ്ങള്‍ തേടുന്നതെന്നാണ് കെഎസ്.യുവും ആവര്‍ത്തിക്കുന്നത്.

പ്ലീഡര്‍നിയമനത്തില്‍ ഉപരിയായി എഡിജിപി എം.ആര്‍.അജിത് കുമാറിനെതിരെ നടപടി നീണ്ടു പോകുന്നതിന്റെ നീരസവും കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് തലങ്ങളിലുണ്ട്. രണ്ടിന്റെയും പേരിലുള്ള പ്രതികരണങ്ങള്‍, പക്ഷേ നിഷ്‌കളങ്കമായി മുഖ്യമന്ത്രി കരുതുന്നില്ല. പ്ലീഡര്‍ നിയമനത്തില്‍ കെഎസ്യുവിന് എന്താണു കാര്യമെന്ന അദ്ദേഹത്തിന്റെ രൂക്ഷപ്രതികരണം ആ പശ്ചാത്തലത്തിലാണ്.

പ്ലീഡര്‍മാരുടെ നിയമനത്തില്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് നല്‍കിയ പട്ടികയില്‍ ഇടം പിടിച്ചവരാണു രണ്ടു പേരുമെന്ന പ്രതിരോധമാണ് മുഖ്യമന്ത്രി തീര്‍ത്തത്. ഒരാളുടെ കാര്യത്തില്‍ ഒരു ലോക്‌സഭാംഗത്തിന്റെ ശുപാര്‍ശയും ഉണ്ടായിരുന്നു. പാര്‍ട്ടിയുടെ ഭാഗമായി നില്‍ക്കുന്നവര്‍ നല്‍കുന്ന ശുപാര്‍ശകള്‍ കൂടി പരിഗണിച്ചു നടത്തുന്ന നിയമനങ്ങളുടെ പേരിലുള്ള പാപഭാരം തന്നില്‍ ചുമത്തുന്നതിലുള്ള എതിര്‍പ്പു മാത്രമല്ല, മുഖ്യമന്ത്രിയുടെ രൂക്ഷ പ്രതികരണത്തില്‍ അടങ്ങിയത്; തന്നോടോ പാര്‍ട്ടി നേതൃത്വത്തോടോ നേരിട്ടു പറയാതെ ഫെയ്‌സ്ബുക്കില്‍ ആറു ദിവസം മുന്‍പ് പരസ്യമായി പ്രതിഷേധിച്ച കെഎസ്യു പ്രസിഡന്റിന്റെ നടപടിയിലെ അമര്‍ഷം കൂടിയാണ്.

എന്നാല്‍ മുഖ്യമന്ത്രി സംഘടനയെ അവഹേളിച്ചെന്ന അമര്‍ഷം കെഎസ്യുവില്‍ സൃഷ്ടിക്കാന്‍ ആ പ്രതികരണം കാരണമായി. കോണ്‍ഗ്രസിനെ പ്രതിനിധീകരിക്കുന്ന രണ്ടു പേര്‍ കെഎസ്യുവിനു പിന്തുണ പ്രഖ്യാപിച്ചും മുഖ്യമന്ത്രിയോടു വിയോജിച്ചും ചാനല്‍ ചര്‍ച്ചകളില്‍ രംഗത്തെത്തി. മന്ത്രി ടി.സിദ്ദിഖിന്റെ പ്രതികരണം കെഎസ്യുവിനെ പിന്താങ്ങിയാണെന്നും ചാണ്ടി ഉമ്മന്റേതു മുഖ്യമന്ത്രിക്ക് പിന്തുണ പ്രഖ്യാപിക്കുന്നതാണെന്നുമുള്ള വ്യാഖ്യാനമുണ്ടായി.

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിഘടന നിശ്ചയിച്ച ഘട്ടത്തില്‍ മന്ത്രി എം.ലിജുവിന്റെ വാക്കുകളില്‍ മറനീങ്ങിയ അതൃപ്തിയുടെയും തിരഞ്ഞെടുപ്പ് കമ്മിഷണറായി എന്‍.ശേഷാദ്രിനാഥനെ നിശ്ചയിച്ചതിനെതിരെ കെപിസിസി ജനറല്‍ സെക്രട്ടറി പി.എം.നിയാസ് ഉയര്‍ത്തിയ കലാപക്കൊടിയുടെയും തുടര്‍ച്ചയായാണ് കെഎസ്യു പ്രസിഡന്റിന്റെ പരസ്യ നീക്കങ്ങളെ മുഖ്യമന്ത്രി കാണുന്നത്. തന്റെ വിയോജിപ്പ് വ്യക്തമാക്കിയ ശേഷവും അലോഷ്യസ് പരസ്യവിമര്‍ശനം തുടര്‍ന്നതു മറ്റാരുടെയും പിന്തുണ ഇല്ലാതെയാണെന്ന് അദ്ദേഹം കരുതുന്നില്ല. എന്നാല്‍ മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചു നടക്കാതെ വന്ന സാഹചര്യത്തിലാണ് വീണ്ടും പ്രതികരിക്കേണ്ടി വന്നതെന്നാണ് അലോഷ്യസ് ചൂണ്ടിക്കാട്ടുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടെങ്കിലും തനിക്ക് സമയം അനുവദിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് കെഎസ്യുവിന്റെ വികാരം വ്യക്തമാക്കുന്ന കത്ത് കൈമാറിയതായും അറിയിച്ചു.

വിവാദ നിയമനം തങ്ങള്‍ നല്‍കിയ പട്ടികയില്‍ നിന്നാണെന്ന മുഖ്യമന്ത്രിയുടെ വിശദീകരണം ലോയേഴ്‌സ് കോണ്‍ഗ്രസ് ഇന്നലെ നിഷേധിച്ചത് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കി. എന്നാല്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് നല്‍കിയ പട്ടികയില്‍ ഈ പേരുകള്‍ ഉണ്ടെന്നാണ് വ്യക്തമാകുന്ന വിവരം. മുഖ്യമന്ത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലുണ്ടായ ചേരിതിരിവും പുതിയ കെപിസിസി പ്രസിഡന്റ് നിയമനം നീണ്ടുപോകുന്നതു സര്‍ക്കാര്‍പാര്‍ട്ടി ഏകോപനത്തില്‍ സൃഷ്ടിച്ച വിടവുകളുമെല്ലാം ഈ വിവാദങ്ങള്‍ക്കു വളംവയ്ക്കുകയും ചെയ്യുന്നു.

കെഎസ്.യു തുടങ്ങിവെച്ച വിവാദം ഇനി എത്രത്തോളും നീളുമെന്നാണ് അറിയേണടത്. കെ എസ് യു എന്ന സംഘടനയെ തന്നെ അപ്രസക്തമാക്കുന്നതാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്ന് വിലയിരുത്തിയാണ് നേതാക്കളുടെ പ്രതികരണം.ജനങ്ങള്‍ പ്രതീക്ഷയോടെ അധികാരത്തിലേറ്റിയ സര്‍ക്കാരാണെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ആ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ഉത്തരവാദിത്തമുണ്ട്. എരിതീയില്‍ എണ്ണ ഒഴിക്കാനില്ലെന്ന് പറഞ്ഞ് പാര്‍ട്ടിക്കുള്ളില്‍ നല്ല തീയുണ്ടെന്ന് വ്യക്തമാക്കുകയാണ് മാത്യു. കെ എസ് യു വിനെ തള്ളി പറയാന്‍ ഒരു കോണ്‍ഗ്രസ് നേതാവിനും കഴിയില്ലെന്ന് കോണ്‍ഗ്രസ് വക്താവ് ദീപ്തി മേരി വര്‍ഗീസ്. മുഖ്യമന്ത്രിക്ക് എന്തെങ്കിലും തിരക്കായിരിക്കുമെന്ന് പറഞ്ഞാണ് അതൃപ്തി പരസ്യമാക്കിയത്.

എന്നാല്‍ കെ എസ് യുവും യൂത്ത്‌കോണ്‍ഗ്രസും പരിധിക്കപ്പുറം സംസാരിക്കരുതെന്നാണ് മന്ത്രി എ പി അനില്‍കുമാറിന്റെ പ്രതികരണം. കെ സി പക്ഷക്കാരനാണെങ്കിലും അനില്‍കുമാര്‍ മുഖ്യമന്ത്രിയെ പിന്തുണച്ചത് ശ്രദ്ധേയം. കോണ്‍ഗ്രസിന്റെ പോഷകസംഘടനകള്‍ ഭരണവിലാസം സംഘടനകളല്ല. എന്നാല്‍ അഭിപ്രായം അതിര് വിടാന്‍ പാടില്ലെന്നും മന്ത്രി. ചില നേതാക്കളുടെ പരസ്യപ്രസ്താനകള്‍ കെ സി വേണുഗോപാലും പിന്തുണക്കുന്നില്ലെന്നാണ് സൂചന. പരസ്യവിഴുപ്പലക്കലുകള്‍ പാടില്ലെന്നാണ് കെസിയുടെ നിലപാടെന്ന് ഒപ്പമുള്ളവര്‍ വ്യക്തമാക്കുന്നത്.

ഇതിനിടെ മുഖ്യമന്ത്രിയെ പരസ്യമായി വിമര്‍ശിച്ച കോണ്‍ഗ്രസ് വക്താവ് വി ആര്‍ അനൂപിനെ തള്ളി ബിആര്‍എം ഷഫീര്‍ രംഗത്തെത്തി. പാര്‍ട്ടിയുടെ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന മീഡിയ പാനലിസ്റ്റിലെ ഒരു അംഗം സര്‍ക്കാരിനെതിരെ പരസ്യമായി പ്രതികരിച്ചതിന് ശേഷം പാര്‍ട്ടിയെ ന്യായീകരിക്കാന്‍ വേണ്ടി പിന്നെ ചാനലില്‍ പോയി ഇരുന്നാല്‍ എന്തെങ്കിലും വിശ്വാസ്യത ഉണ്ടോ? എന്നായിരുന്നു ഷഫീറിന്റെ എഫ് ബി പോസ്റ്റ് മുഖ്യമന്ത്രിയെ സംഘി ആക്കാന്‍ നടക്കുന്ന സി.പി.എമ്മിന്റെ വാദം ഉന്നയിക്കുന്നവന്‍ എങ്ങനെ കോണ്‍ഗ്രസ് പ്രതിനിധി ആവും എന്ന് ചോദിച്ച് സതീശനെ പിന്തുണക്കുകയാണ് ഷെഫീര്‍.

English Summary

Internal strife intensifies within the Congress party in Kerala as KSU raises concerns over pleader appointments, echoing a style reminiscent of when V.D. Satheesan used to criticize Oommen Chandy’s government for corrective measures. KSU leaders express growing resentment over the lack of opportunities to meet top leadership, which is further exacerbated by the vacuum in KPCC leadership. The political spotlight is now on KSU leader Aloysius, whose bold statements are reportedly backed by a powerful faction within the party seeking to challenge the current leadership’s unilateral functioning.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News