കോട്ടയം: കേരള കോണ്‍ഗ്രസ്സ് എമ്മിലെ അധികാര തര്‍ക്കം മൂര്‍ച്ഛിക്കുന്നതിനിടെ ജോസഫ് വിഭാഗത്തിനെ തകര്‍ക്കാന്‍ പുതിയ നീക്കവുമായി ജോസ് കെ. മാണി. നാളെ കോട്ടയത്ത് സമാന്തര സംസ്ഥാന കമ്മറ്റി വിളിച്ച് ചെയര്‍മാനെ തെരഞ്ഞെടുക്കാനാണ് ജോസ് കെ. മാണി വിഭാഗത്തിന്റെ നീക്കം. ഉച്ചയ്ക്ക് 2 മണിക്ക് കോട്ടയത്ത് സി.എസ്.ഐ റിട്രീറ്റ് സെന്ററില്‍ സംസ്ഥാന കമ്മറ്റി ചേരാണാണ് തീരുമാനം. ഇതുസംബന്ധിച്ച് പത്രക്കുറിപ്പും പുറത്തിറക്കി കഴിഞ്ഞു.
പലവട്ടം ആവശ്യപ്പെട്ടിട്ടും സംസ്ഥാന കമ്മറ്റി വിളിക്കാന്‍ ജോസഫ് വിഭാഗം തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ഈ നീക്കമെന്നും പി.ജെ ജോസഫ് ഉള്‍പ്പെടെ മുഴുവന്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ടെന്നും പത്രക്കുറിപ്പില്‍ പറയുന്നു. സംസ്ഥാന കമ്മറ്റിയോഗം വിളിച്ച് ചേര്‍ക്കണമെന്ന് ആവര്‍ത്തിച്ചുള്ള ആവശ്യമുയര്‍ന്നിട്ടും അതിന് തയ്യാറാകാത്ത സാഹചര്യത്തിലാണ് കത്തില്‍ ഒപ്പിട്ട സംസ്ഥാന കമ്മറ്റിയംഗങ്ങളിലെ മുതിര്‍ന്ന നേതാവായ പ്രൊഫ. കെ.എ ആന്റണിയുടെ നേതൃത്വത്തില്‍ യോഗം വിളിച്ചുചേര്‍ക്കുന്നതെന്നും നാളെ ചേരുന്ന സംസ്ഥാന കമ്മറ്റിയോഗം വ്യവസ്ഥാപിതമായ മാര്‍ഗത്തില്‍ ചെയര്‍മാനെ തെരെഞ്ഞെടുക്കുമെന്നും പത്ര കുറിപ്പില്‍ വ്യക്തമാക്കുന്നു.
എന്നാല്‍ ജോസഫ് വിഭാഗം യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കുമെന്നാണ് വിവരം.
സി.എഫ്.തോമസിനെ ചെയര്‍മാനാക്കി ജോസ് കെ. മാണിക്ക് ഡെപ്യൂട്ടി ചെയര്മാന് പദവി നല്‍കാമെന്ന് പി.ജെ. ജോസഫ് കഴിഞ്ഞ ദിവസം പറഞ്ഞിരിന്നു. എന്നാല്‍ ജോസഫിന്റെ ആ ഫോര്‍മുലയും ജോസ് കെ. മാണി വിഭാഗം തള്ളുകയായിരിന്നു. ഇതിനെല്ലാം ഒടുവിലാണ് സംസ്ഥാന കമ്മറ്റി വിളിക്കാന്‍ ജോസ് കെ. മാണി വിഭാഗം തീരുമാനിച്ചത്.