28.4 C
Kottayam
Wednesday, April 24, 2024

സമവായ നീക്കങ്ങള്‍ പാളുന്നു; കേരളാ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്, ജോസ് കെ. മാണി ജോസഫിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു

Must read

കോട്ടയം: കേരളാ കോണ്‍ഗ്രസ് എമ്മിലെ അധികാര തര്‍ക്കം സംബന്ധിച്ച സമവായ നീക്കം പൊളിയുന്നു. പി.ജെ. ജോസഫിനെതിരേ ജോസ് കെ. മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ സംസ്ഥാന കമ്മിറ്റി വിളിക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് നല്‍കിയിരിക്കുന്നത്.

നിയുക്ത എം.പി ഉള്‍പ്പെടെ രണ്ട് എം.പിമാരും രണ്ട് എം.എല്‍ എമാരും കത്തില്‍ ഒപ്പുവച്ചു. നിയുക്ത എം.പി തോമസ് ചാഴിക്കാടന്‍, ജോസ്. കെ മാണി, റോഷി അഗസ്റ്റിന്‍, കെ.എന്‍ ജയരാജ് എന്നിവരാണ് കത്തില്‍ ഒപ്പുവച്ചത്. കെ.എം മാണിയുടെ മരണത്തിന് ശേഷം പാര്‍ട്ടി ചെയര്‍മാനെ തെരഞ്ഞെടുത്തിട്ടില്ലെന്നാണ് ജോസ് കെ മാണിയുടെ കത്തില്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ പാര്‍ട്ടിയുടെ സംസ്ഥാന സമിതിയോഗം വിളിച്ച് പ്രശ്‌നപരിഹാരം കാണാന്‍ പി ജെ ജോസഫിനോട് കമ്മീഷന്‍ നിര്‍ദേശിക്കണം എന്നാണ് കത്തിലെ ആവശ്യം. ജോയ് എബ്രഹാമിന് പാര്‍ട്ടിയില്‍ പ്രത്യേക അധികാരമില്ലെന്നും കത്തില്‍ പറയുന്നുണ്ട്.

അതേസമയം, ജോസ് കെ. മാണി വിഭാഗത്തിന്റെ നീക്കം പാര്‍ട്ടിയെ പിളര്‍പ്പിലേക്ക് നയിച്ചേക്കാമെന്നാണ് സൂചന. വിട്ടുവീഴ്ച്ചയ്ക്ക് തയാറാകാതെ പി.ജെ.ജോസഫും, ജോസ് കെ.മാണിയും നിലപാടിലുറച്ചതോടെ പാര്‍ട്ടിക്കുള്ളില്‍ കടുത്ത വിഭാഗീയത ഉടലെടുത്തിരിക്കുകയാണ്. പാര്‍ട്ടി ചെയര്‍മാനായി നിലവിലെ വര്‍ക്കിങ് ചെയര്‍മാന്‍ ജോസ്‌കെ മാണി തന്നെ മതിയെന്നാണ് പാര്‍ട്ടിയിലെ ഒരുവിഭാഗത്തിന്റെ അഭിപ്രായം. പത്ത് ജില്ലാ പ്രസിഡന്റ്മാരുടെ പിന്തുണ ജോസിന് ഒപ്പമുള്ളതും പി. ജെ ജോസഫിനെ കുഴയ്ക്കുന്നുണ്ട്. അക്കാരണത്താലാണ് സംസ്ഥാന കമ്മിറ്റി വിളിച്ച് ചേര്‍ക്കാന്‍ പി.ജെ ജേസഫ് വിമുഖത കാട്ടുന്നതെന്നും പാര്‍ട്ടിക്കുള്ളില്‍ സംസാരമുണ്ട്.

ഭരണഘടനാപരമായി സംസ്ഥാന കമ്മിറ്റി വിളിച്ചല്ല ചെയര്‍മാനെ നിശ്ചയിക്കേണ്ടതെന്നാണ് പി.ജെ ജോസഫിന്റെ നിലപാട്. കേരള കേണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ പരിഹരിക്കണമെങ്കില്‍ പാര്‍ട്ടിയിലെ അംഗങ്ങള്‍ എല്ലാം കൂടിച്ചേര്‍ന്ന് ഒരു സമവായത്തിന് തയാറാകണമെന്ന് ജോസഫ് വിഭാഗം നേതാവ് മോന്‍സ് ജോസഫ് എംഎല്‍എ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ജോസ് കെ. മാണി ചര്‍ച്ചയ്ക്ക് തയാറാണെങ്കില്‍ അതിനോട് എല്ലാവരും പൂര്‍ണമായും സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week