KeralaNews

പൂട്ട് പൊളിയ്ക്കാൻ മന്ത്രി,പിന്നാലെ ഗേറ്റ് തുറന്നു, ബ്ലാസ്റ്റേഴ്സ് ട്രയൽസ് ആരംഭിച്ചു

കൊച്ചി: കായിക മന്ത്രി വി അബ്ദുറഹ്മാന്‍റെ കര്‍ശന നിര്‍ദേശത്തെത്തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ടീമിന്‍റെ സെലക്ഷൻ ട്രയൽസ് നടക്കുന്ന സ്കൂളിന്‍റെ ഗേറ്റ് തുറന്നു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് കൂടിയായ പി വി ശ്രീനിജന്‍ എം എല്‍ എ ആണ് സംസ്ഥാനത്തിന്‍റെ പലഭാഗത്തു നിന്നും എത്തിയ നൂറിലധികം കുട്ടികളെ പുറത്തു കാത്തുനിര്‍ത്തി സെലക്ഷന്‍ ട്രയൽസ് നടക്കേണ്ട കൊച്ചി പനമ്പിള്ളി നഗർ സ്കൂളിന്‍റെ ഗേറ്റ് എം എല്‍ എ എത്തി പൂട്ടിയത്.

സ്പോർട്സ് കൗൺസിലിന് ലഭിക്കേണ്ട വാടക ലഭിക്കാത്തതുകൊണ്ടാണ് ഗേറ്റ് പൂട്ടിയതെന്ന് എംഎൽഎ പറഞ്ഞിരുന്നു. കഴിഞ്ഞ എട്ടുമാസത്തെ വാടകയായ 8 ലക്ഷം രൂപ കുടിശ്ശികയുണ്ടെന്നും വാടക കുടിശ്ശിക തീർക്കണം എന്നാവശ്യപ്പെട്ട് ബ്ലാസ്റ്റേഴ്സിന് കത്ത് അയച്ചിരുന്നുവെന്നും പ്രതികരണം ഉണ്ടായില്ലെന്നും എംഎല്‍എ പറഞ്ഞിരുന്നു.

എന്നാല്‍ കഴിഞ്ഞ മാസം വരെയുള്ള വാടക കേരളാ ബ്ലാസ്റ്റേഴ്സ് സ്പോര്‍ട്സ് കൗണ്‍സിലില്‍ ഒടുക്കിയിട്ടുണ്ടെന്നും കുടിശ്ശിക ഇല്ലെന്നും സ്പോര്‍ട്സ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്‍റ് യു ഷറഫലി പ്രതികരിച്ചിരുന്നു. ബ്ലാസ്റ്റേഴ്സുമായി ഒരു വര്‍ഷത്തെ കരാറാണുള്ളതെന്നും കരാര്‍ കാലയളവില്‍ സെലക്ഷന്‍ ട്രയല്‍സ് നടത്തുന്നതിനോ മറ്റ് സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിനോ മുന്‍കൂര്‍ അനുമതിയുടെ ആവശ്യമില്ലെന്നും ഷറഫലി പറഞ്ഞു.

ടൂര്‍ണമെന്‍റുകള്‍ നടത്തുകയോ മറ്റ് വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയോ ചെയ്യുമ്പോള്‍ മാത്രമാണ് മുന്‍കൂര്‍ അനുമതി തേടേണ്ടതുള്ളൂവെന്നും ഷറഫലി വ്യക്തമാക്കി. കൊച്ചിയില്‍ ഉണ്ടായ സംഭവം നിര്‍ഭാഗ്യകരമാണെന്നും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും ഷറഫലി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button