ആരാധകരുടെ അപകടമരണം: അനുശോചനമറിയിച്ച് ബ്ലാസ്റ്റേഴ്സ്

കൊച്ചി: ഇന്ന് നടക്കുന്ന ഐഎസ്എല്‍ ഫൈനല്‍ മത്സരം കാണാന്‍ ഗോവയിലേക്ക് പോകവേ വാഹനാപകടത്തില്‍ ആരാധകര്‍ മരിച്ച സംഭവത്തില്‍ അനുശോചനമറിയിച്ച് ബ്ലാസ്റ്റേഴ്സ്. ടീമിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് മലപ്പുറം സ്വദേശികളായ ജംഷീറിന്റെയും ഷിബിലിന്റെയും കുടുംബാംഗങ്ങളെ അനുശോചനമറിയിച്ചത്.

”ഗോവയിലേക്ക് കളി കാണാന്‍ എത്തുന്നതിനിടെ അപകടത്തില്‍ മരണപ്പെട്ട ജംഷീറിന്റെയും ഷിബിലിന്റെയും കുടുംബാംഗങ്ങളെയും ഉറ്റവരെയും അനുശോചനമറിയിക്കുന്നു.” ബ്ലാസ്റ്റേഴ്സ് ട്വിറ്ററില്‍ കുറിച്ചു.

ഇന്ന് രാവിലെ കാസര്‍കോഡ് ഉദുമ പള്ളത്തായത്ത് വച്ചാണ് അപകടമുണ്ടായത്. യുവാക്കള്‍ സഞ്ചരിച്ച ബൈക്കില്‍ ലോറി ഇടിച്ചാണ് അപകടം. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. മലപ്പുറം സ്വദേശികളായ ജംഷീര്‍, മുഹമ്മദ് ഷിബില്‍ എന്നിവരാണ് മരിച്ചത്.

ഫൈനലില്‍ ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കുന്ന ഹൈദരാബാദ് ടീമിലെ മലയാളി താരം റബീഹിന്റെ ബന്ധുവാണ് മരിച്ച ജംഷീര്‍. ഉദുമ പള്ളത്ത് ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അപകടം. യുവാക്കള്‍ സഞ്ചരിച്ച ബൈക്കില്‍ മിനിലോറി ഇടിക്കുകയായിരുന്നു. ഐഎസ്എല്‍ ഫൈനല്‍ കാണാന്‍ ഗോവയിലെ മഡ്ഗാവിലേക്ക് ബൈക്കില്‍ പോകുകയായിരുന്നു ഇവര്‍.

യുവാക്കളുടെ സംഘം കാറിലും ബൈക്കിലുമായാണ് ശനിയാഴ്ച വൈകുന്നേരം ഗോവയിലേക്ക് തിരിച്ചത്. ഇന്ന് വൈകുന്നേരം ഗോവയില്‍ എത്തുന്നതിന് നിര്‍ത്താതെയുള്ള യാത്രയായിരുന്നെന്നാണ് കരുതുന്നത്. ബൈക്ക് ഓടിച്ചയാള്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് നിഗമനം. ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചു. അപകടത്തില്‍പ്പെട്ട ലോറിയുടെ ഡ്രൈവറാണ് പോലീസിനെ വിവരം അറിയിച്ചതും യുവാക്കളെ ആശുപത്രിയില്‍ എത്തിച്ചതും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News