KeralaNews

ഖേദം പ്രകടിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്; ഒന്നിച്ചു മുന്നോട്ടു നീങ്ങാമെന്ന് ഇവാൻ വുക്കൊമനോവിച്ചും

ന്യൂഡൽഹി: ബെംഗളൂരു എഫ്സിക്കെതിരായ ഐഎസ്എൽ ഫുട്ബോൾ പ്ലേഓഫ് മത്സരം പൂർത്തിയാക്കാതെ മൈതാനം വിട്ട സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലാണ്, മാർച്ച് മൂന്നിനു നടന്ന മത്സരം പൂർത്തിയാക്കാതെ തിരികെ കയറിയതിൽ ബ്ലാസ്റ്റേഴ്സ് ഖേദം പ്രകടിപ്പിച്ചത്.

സാഹചര്യത്തിന്റെ സമ്മർദ്ദത്തിൽ സംഭവിച്ച പിഴവാണെന്നും, ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും കുറിപ്പിൽ ബ്ലാസ്റ്റേഴ്സ് വ്യക്തമാക്കിയിട്ടുണ്ട്. അന്ന് സംഭവിച്ച കാര്യങ്ങളുമായി ബന്ധപ്പെട്ട് വിശദീകരണവുമായി പരിശീലകൻ ഇവാൻ വുക്കൊമനോവിച്ചും സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.

ഒന്നിച്ചു മുന്നോട്ടു നീങ്ങാമെന്ന് വുക്കൊമനോവിച്ചും കുറിപ്പിലൂടെ ആഹ്വാനം ചെയ്തു. ഇതോടെ, ദിവസങ്ങളായി ഇന്ത്യൻ ഫുട്ബോളിനെ ചൂഴ്ന്നുനിന്ന വിവാദത്തിന് താൽക്കാലിക വിരാമമായി.

നേരത്തെ, മത്സരം പൂർത്തിയാക്കാതെ കളംവിട്ട സംഭവത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) 4 കോടി രൂപ പിഴശിക്ഷ വിധിച്ചിരുന്നു. കളിക്കളത്തിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ പരസ്യമായി ക്ഷമാപണം നടത്താൻ എഐഎഫ്എഫ് അച്ചടക്ക സമിതി നിർദേശിക്കുകയും ചെയ്തു. ക്ഷമാപണം നടത്തിയില്ലെങ്കിൽ 6 കോടി രൂപ പിഴയടയ്ക്കണമെന്നും വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഖേദം പ്രകടിപ്പിച്ച് ബ്ലാസ്റ്റേഴ്സ് രംഗത്തെത്തിയത്.

കളിക്കളത്തിൽനിന്ന് താരങ്ങളെ തിരികെ വിളിച്ച ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കൊമനോവിച്ചിന് 10 മത്സരങ്ങളിൽ വിലക്കും 5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. വുക്കൊമനോവിച്ചും പരസ്യമായി മാപ്പു പറയണമെന്നും ഇല്ലാത്തപക്ഷം പിഴ ശിക്ഷ 10 ലക്ഷമാകുമെന്നും അറിയിച്ചിരുന്നു. ടീമിന്റെ ഡ്രസിങ് റൂമിൽ വരെ പ്രവേശന വിലക്ക് ബാധകമാണ്. 10 ദിവസത്തിനകം പിഴ അടയ്ക്കാനാണ് നിർദേശം.

കഴിഞ്ഞ മാർച്ച് 3ന് ബെംഗളൂരൂ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ഐഎസ്എൽ പ്ലേ ഓഫ് മത്സരമാണ് വിവാദമായത്. സുനിൽ ഛേത്രി ബെംഗളൂരുവിനായി ഫ്രീകിക്കിൽനിന്നു ഗോൾ നേടിയതിനു പിന്നാലെ, ഈ ഗോൾ അനുവദിച്ചതിൽ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്സ് കോച്ച് വുക്കൊമനോവിച്ച് താരങ്ങളെ തിരികെ വിളിക്കുകയായിരുന്നു. താരങ്ങൾ കളം വിട്ടതിന്റെ പേരിൽ മത്സരം ഉപേക്ഷിക്കേണ്ടി വരുന്നതു ലോകഫുട്ബോളിലെ അത്യപൂർവ സംഭവങ്ങളിലൊന്നാണെന്ന് എഐഎഫ്എഫ് അച്ചടക്ക സമിതി അധ്യക്ഷൻ വൈഭവ് ഗഗ്ഗാർ പറഞ്ഞു.

ഇന്ത്യയിൽ തന്നെ ഇതിനു മുൻപ് ഒരിക്കൽ മാത്രമേ ഇതുപോലൊരു സംഭവമുണ്ടായിട്ടുള്ളൂ. 2012 ഡിസംബർ 9ന് കൊൽക്കത്തയിൽ നടന്ന ഈസ്റ്റ് ബംഗാൾ – മോഹൻ ബഗാൻ മത്സരത്തിലായിരുന്നു ഇത്. അന്നു കളം വിട്ട മോഹൻ ബഗാന്റെ 12 പോയിന്റ് വെട്ടിക്കുറയ്ക്കുകയും 2 കോടി രൂപ പിഴ വിധിക്കുകയും ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button