വാസ്കോ: ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡിഷ എഫ്.സിയ്ക്കെതിരായ മത്സരം ആദ്യപകുതി പിന്നിടുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് രണ്ടുഗോളുകൾക്ക് മുന്നിൽ. പ്രതിരോധ താരങ്ങളായ നിഷു കുമാറും ഹർമൻജോത് ഖാബ്രയും മഞ്ഞപ്പടയ്ക്ക് വേണ്ടി വലകുലുക്കി.
മത്സരം തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ ബ്ലാസ്റ്റേഴ്സ് കോർണർ നേടിയെടുത്ത് ഒഡിഷയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തി. ആദ്യമിനിറ്റ് തൊട്ട് ആക്രമിച്ച് കളിക്കാനാണ് ബ്ലാസ്റ്റേഴ്സ് ശ്രമിച്ചത്. ആദ്യ പത്തുമിനിറ്റിൽ കാര്യമായ ഗോളവസരങ്ങൾ സൃഷ്ടിക്കാൻ ഇരുടീമുകൾക്കും സാധിച്ചില്ല. 19-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ ഖാബ്രയ്ക്ക് സുവർണാവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഹെഡ്ഡർ പുറത്തേക്ക് പോയി.
26-ാം മിനിറ്റിൽ ഒഡിഷയ്ക്ക് മത്സരത്തിലെ ആദ്യ അവസരം തുറന്നുകിട്ടി. ഗോളടിയന്ത്രം ഹാവി ഹെർണാണ്ടസ് പോസ്റ്റിലേക്ക് തൊടുത്തുവിട്ട ഷോട്ട് ഉഗ്രൻ സേവിലൂടെ ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ ഗിൽ തട്ടിയകറ്റി.
നിരന്തരമായ ആക്രമണങ്ങൾക്കൊടുവിൽ കേരള ബ്ലാസ്റ്റേഴ്സ് 28-ാം മിനിറ്റിൽ ലക്ഷ്യം കണ്ടു. സീസണിൽ ആദ്യമായി ആദ്യ ഇലവനിൽ സ്ഥാനം നേടിയ പ്രതിരോധതാരം നിഷു കുമാറാണ് ബ്ലാസ്റ്റേഴ്സിനായി ഗോളടിച്ചത്. അഡ്രിയാൻ ലൂണയുടെ പാസ് സ്വീകരിച്ച നിഷു ബോക്സിനകത്തുവെച്ച് ഒഡിഷ പ്രതിരോധതാരങ്ങളെ കബിളിപ്പിച്ച് മഴവില്ലഴകിൽ പന്ത് പോസ്റ്റിലേക്കടിച്ചു. ഗോൾകീപ്പർ അർഷ്ദീപിന് ഇത് നോക്കി നിൽക്കാനേ സാധിച്ചുള്ളൂ. ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ നേടിയ ഏറ്റവും മികച്ച ഗോളുകളിലൊന്നാണിത്.
ഗോളടിച്ചിട്ടും ആക്രമിച്ച് തന്നെയാണ് ബ്ലാസ്റ്റേഴ്സ് കളിച്ചത്. ഒഡിഷ പ്രതിരോധനിരയെ വെള്ളം കുടിപ്പിക്കാൻ മഞ്ഞപ്പടയ്ക്ക് കഴിഞ്ഞു. വൈകാതെ ബ്ലാസ്റ്റേഴ്സ് രണ്ടാം ഗോളും നേടി. ഇത്തവണ പ്രതിരോധതാരം ഹർമൻജോത് ഖാബ്രയാണ് മഞ്ഞപ്പടയ്ക്ക് വേണ്ടി വലകുലുക്കിയത്.
40-ാം മിനിറ്റിലാണ് ഗോൾ പിറന്നത്. അഡ്രിയാൻ ലൂണയെടുത്ത മികച്ച ഫ്രീകിക്കിന് കൃത്യമായി തലവെച്ച ഖാബ്ര അതിവിദഗ്ധമായി പന്ത് വലയിലെത്തിച്ചു. പന്തിനെ തലകൊണ്ട് തലോടിയ ഖാബ്രയുടെ ഹെഡ്ഡർ തട്ടിയകറ്റാൻ അർഷ്ദീപ് നോക്കിയെങ്കിലും പന്ത് വലയിലെത്തി. രണ്ട് പ്രതിരോധ താരങ്ങൾ ഗോളടിച്ചതും മത്സരത്തിലെ പ്രധാന സവിശേഷതയായി. വൈകാതെ ആദ്യപകുതി അവസാനിച്ചു.