ആറര മണിക്കൂറെടുത്ത് 51 പേജുള്ള രഹസ്യമൊഴി നല്‍കി സംവിധായകന്‍,നടിയെ ആക്രമിച്ച കേസിൽ ദിലീപിന് കുരുക്ക് മുറുകുന്നു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തി. 51 പേജുള്ള രഹസ്യമൊഴിയാണ് രേഖപ്പെടുത്തിയത്. മൊഴി രേഖപ്പെടുത്തൽ ആറര മണിക്കൂർ നീണ്ടു. ദിലീപിനെ പരിചയപ്പെട്ടതുമുതലുള്ള കാര്യങ്ങളും തനിക്ക് അറിയാമായിരുന്ന വിവരങ്ങൾ വെളിപ്പെടുത്താൻ വൈകിയതിന്റെ കാരണവും കോടതിയെ അറിയിച്ചതായും മൊഴി രേഖപ്പെടുത്തിയ ശേഷം അദ്ദേഹം പറഞ്ഞു.

ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ടിനോട് ബാലചന്ദ്ര കുമാറിന്റെ മൊഴി രേഖപ്പെടുത്താൻ എറണാകുളം സി.ജെ.എം. കോടതിയാണ് നിർദേശിച്ചത്. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരേ ബാലചന്ദ്ര കുമാർ നടത്തിയ വെളിപ്പെടുത്തലുകൾ പിന്നീട് മാറ്റി പറയുന്ന സാഹചര്യം ഒഴിവാക്കാനാണിത്.

ദിലീപിനെതിരേ ഗുരുതരമായ ആരോപണങ്ങളാണ് അന്വേഷണ സംഘത്തിനു മുന്നിൽ ബാലചന്ദ്ര കുമാർ ഉന്നയിച്ചത്. ബാലചന്ദ്ര കുമാറിനെ മൂന്നുതവണ ദിലീപിന്റെ വീട്ടിൽ വെച്ചും ഹോട്ടലിൽ വെച്ചും കണ്ടിട്ടുണ്ടെന്ന് കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ വെളിപ്പെടുത്തലും ഇതിനിടെ പുറത്തുവന്നിരുന്നു.

ദിലീപും പൾസർ സുനിയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ഒരു വി.ഐ.പി. വഴി ദിലീപിന്റെ കൈയിലെത്തിയെന്നുമാണ് ബാലചന്ദ്ര കുമാറിന്റെ പ്രധാന ആരോപണം. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും സംഘവും ഗൂഢാലോചന നടത്തിയെന്നും ഇതിന് താൻ ദക്സാക്ഷിയാണെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News