കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെക്കുറിച്ച് പഠിച്ചശേഷം ആദ്യമായി ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി ഇന്നു ചേരും. കേരളത്തില്‍ ബിജെപിയുടെ സംഘടനാച്ചുമതലയുള്ള സി പി രാധാകൃഷ്ണന്റെ സാന്നിധ്യത്തില്‍ നെടുമ്പാശേരിയില്‍ വച്ചാണ് യോഗം. സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ തയാറാക്കിയ റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യലാണ് യോഗത്തിന്റെ പ്രധാന അജന്‍ഡ.
പ്രാദേശിക നേതാക്കളുടെ അഭിപ്രായം കേട്ടു ജനറല്‍ സെക്രട്ടറിമാരുടെ നേതൃത്വത്തിലുള്ള 4 സംഘങ്ങള്‍ തയാറാക്കിയ റിപ്പോര്‍ട്ടാണു യോഗത്തിനു മുന്നിലെത്തുക. ചര്‍ച്ചയ്ക്കു ശേഷം റിപ്പോര്‍ട്ട് ദേശീയ നേതൃത്വത്തിനു കൈമാറും. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍, കേന്ദ്രമന്ത്രി വി മുരളീധരന്‍, കുമ്മനം രാജശേഖരന്‍, ഒ രാജഗോപാല്‍, മുന്‍ സംസ്ഥാന അധ്യക്ഷന്മാര്‍, ജനറല്‍ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ കോര്‍ കമ്മിറ്റിയില്‍ പങ്കെടുക്കും.
സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പ്രശ്‌നങ്ങള്‍, തെരഞ്ഞെടുപ്പു പ്രവര്‍ത്തനത്തിലെ ഏകോപനമില്ലായ്മ തുടങ്ങിയ വിഷയങ്ങളില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ പ്രാദേശിക യോഗങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതുരെയുള്ള ആരോപണങ്ങളും ഇന്ന് ചര്‍ച്ചയാകാന്‍ സാധ്യതയുണ്ട്. നേതൃമാറ്റമടക്കമുള്ള പതിവ് ആവശ്യവും ഉയര്‍ന്നേക്കും.