തിരുവനന്തപുരം:സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ഭേദപ്പെട്ട പോളിംഗ്. അവസാന കണക്കുകൾ പുറത്തുവരുമ്പോൾ 73.58 ശതമാനം പോളിം ഗ്.ഇനി ഒരു മാസം നീളുന്ന കാത്തിരിപ്പ്.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ പോളിംഗിനെ അപേക്ഷിച്ച് കുറവാണ് ഇത്തവണ.
2016 ൽ 77.35 ശതമാനം പോളിംഗാണ് ഉണ്ടായത്. മെയ് മാസം രണ്ടിന് ആണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും.ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് കണ്ണൂരും ഏറ്റവും കുറവ് പത്തനംതിട്ടയിലുമായിരുന്നു. കണ്ണൂരിൽ 77.02 ശതമാനം പേരും വോട്ട് രേഖപ്പെടുത്തിയപ്പോൾ പത്തനംതിട്ടയിൽ 65.05 ശതമാനം പേർ സമ്മതിദാനം വിനിയോഗിച്ചു.
രാവിലെ മുതൽ പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര പ്രത്യക്ഷമായി. ആദ്യ മണിക്കൂറുകളിൽ കനത്ത പോളിംഗാണ് ഉണ്ടായത്. ആദ്യ രണ്ടു മണിക്കൂറിൽ രേഖപ്പെടുത്തിയത് 15 ശതമാനം പേർ വോട്ട് ചെയ്തു.
ഒറ്റപ്പെട്ട സംഭവങ്ങൾ ഒഴിച്ചാൽ വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു. ചിലയിടത്ത് ചെറിയ സംഘർഷങ്ങളും കള്ളവോട്ട് പരാതികളുമുണ്ടായി. സംസ്ഥാനത്ത് ചിലയിടങ്ങളിൽ യന്ത്രത്തകരാര്‍ മൂലം വോട്ടെടുപ്പ് വൈകി.
കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ വിവിധ മേഖലകളിൽ ഉച്ചയ്ക്ക് ശേഷം ശക്തമായ കാറ്റും മഴയും ഉണ്ടായത് പോളിംഗിനെ ബാധിച്ചു.
പത്തനംതിട്ട, തിരുവല്ല,പുതുപ്പള്ളി, കടുത്തുരുത്തി, പാലാ, പൂഞ്ഞാർ, തൊടുപുഴ മണ്ഡലങ്ങളുടെ പ്രദേശങ്ങളിലാണ് ശക്തമായ മഴയുണ്ടായത്.
ഇതേതുടർന്ന് വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക് എത്തുന്നത് കുറഞ്ഞു.സംസ്ഥാനത്ത് 2 പേർ വോട്ട് രേഖപ്പെടുത്താന്‍ ക്യൂവില്‍ കാത്തു നിൽക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. സംഘർഷസ്ഥലത്തു നിന്ന ഒരാളും ഇത്തരത്തിൽ മരിച്ചിട്ടുണ്ട്