FeaturedKeralaNews

ആൾക്കൂട്ടവും ആഘോഷങ്ങളുമില്ല, ഇന്ന് ‘കൊട്ടിക്കലാശം’

കോഴിക്കോട്:ആൾക്കൂട്ടങ്ങളുടെ കൊട്ടിക്കലാശമില്ല. പക്ഷേ, വീറിനും വാശിക്കും ആവേശത്തിനും കുറവേതുമില്ല. നിയമസഭാതിരഞ്ഞെടുപ്പിനും മലപ്പുറം ലോക്സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിനുമുള്ള പ്രചാരണപ്രവർത്തനങ്ങൾക്ക് ഞായറാഴ്ച വൈകീട്ടോടെ തിരശ്ശീല വീഴും. എന്നാൽ, ചൂണ്ടുവിരലുകൾ വോട്ടിങ് യന്ത്രങ്ങളിൽ പതിഞ്ഞുതീരുന്നതുവരെ നിശ്ശബ്ദപ്രചാരണം നടക്കും.

പതിനഞ്ചാം കേരള നിയമസഭയിലേക്കുള്ള 140 സീറ്റുകളിലാണ് ചൊവ്വാഴ്ച തിരഞ്ഞെടുപ്പ്. ദേശീയനേതാക്കളെല്ലാം രണ്ടും മൂന്നും വട്ടമായി കേരളത്തിലങ്ങോളമിങ്ങോളം പ്രചാരണത്തിന് ആവേശം പകരാൻ പല പരിപാടികളിലായി എത്തി. അവസാനദിവസങ്ങളിൽ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, സി.പി.എം. നേതാവ് വൃന്ദാ കാരാട്ട് തുടങ്ങിയവരാണ് പ്രചാരണരംഗത്ത് നിറഞ്ഞുനിൽക്കുന്നത്.

ശബരിമലയുടെ മണ്ണിൽ ‘സ്വാമിയേ ശരണമയ്യപ്പാ’ എന്ന് ശരണം വിളിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം എതിർപാളയത്തിലെ നേതാക്കളുടെ വിമർശനത്തിന് വിഷയമായെങ്കിലും അതിൽ കയറിപ്പിടിച്ച് വിവാദമുണ്ടാക്കാനുള്ള ശ്രമമുണ്ടായില്ല. ശബരിമല ഇപ്പോഴും പാർട്ടികൾക്ക് പൊള്ളുന്ന വിഷയമാണെന്നതിന്റെ സൂചനകൂടിയായി അത്. അതേസമയം, ആചാരലംഘനത്തിന് പിണറായിസർക്കാരും സി.പി.എമ്മും കൂട്ടുനിന്നുവെന്ന ആക്ഷേപമാണ് വേദികളിൽ ബി.ജെ.പി. ഉന്നയിക്കുന്നത്.

അദാനിയുമായി പിണറായിസർക്കാർ വൈദ്യുതിക്കരാറിലേർപ്പെട്ടതിലെ വിശദീകരണം ആരാഞ്ഞാണ് പ്രതിപക്ഷനേതാവ് ശനിയാഴ്ച രംഗത്തിറങ്ങിയത്. അദാനി എന്തിന് കണ്ണൂരിൽ വന്നു എന്ന ചോദ്യം കെ.പി.സി.സി. നേതാക്കളും ഉന്നയിച്ചു. എന്നാൽ, ഇതും ചീറ്റിപ്പോയ പടക്കമായി നിസ്സാരവത്കരിക്കുകയാണ് മുഖ്യമന്ത്രി.

അതിനിടെ മുഖ്യമന്ത്രി പിണറായി വിജയന് അണികൾ ആവേശത്തോടെ ചാർത്തിനൽകിയ ക്യാപ്റ്റൻ എന്ന വിശേഷണത്തോട് ചില കമ്യൂണിസ്റ്റ് നേതാക്കൾ പ്രതികരിച്ചത് സാമൂഹികമാധ്യമങ്ങളിൽ പല വ്യാഖ്യാനങ്ങൾക്കും കാരണമായി. ആളുകൾ അവരുടെ താത്പര്യമനുസരിച്ച് അങ്ങനെ പലതും വിളിക്കുമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. പാർട്ടിയാണ് ക്യാപ്റ്റൻ എന്നായിരുന്നു പി. ജയരാജന്റെ വിശേഷണം. പാർട്ടിയിൽ എല്ലാവരും സഖാക്കളാണെന്ന വിശദീകരണമായിരുന്നു കോടിയേരി ബാലകൃഷ്ണൻ നൽകിയത്.

പ്രചാരണത്തിന്റെ അവസാനദിവസമായ ഞായറാഴ്ചയും ആരോപണ-പ്രത്യാരോപണങ്ങൾ ഉണ്ടാവുമെന്ന പ്രതീക്ഷയിലും ആകാംക്ഷയിലുമാണ് അണികൾ.മഞ്ചേശ്വരത്ത് തന്നെ പരാജയപ്പെടുത്താൻ ലീഗ് സ്ഥാനാർഥിക്ക് എസ്.ഡി.പി.ഐ. പിന്തുണ പ്രഖ്യാപിച്ചുവെന്നാണ് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ ആരോപണം.

കോവിഡ് പശ്ചാത്തലത്തിലാണ് കൊട്ടിക്കലാശം പൂർണമായും തിരഞ്ഞെടുപ്പുകമ്മിഷൻ നിരോധിച്ചത്. ബൈക്ക് റാലിയും അനുവദിക്കില്ല. എന്നാൽ, റോഡ്ഷോയ്ക്കും മൈക്ക് പ്രചാരണത്തിനും നിശ്ചിതസമയംവരെ തടസ്സമുണ്ടാകില്ല.

പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ നക്സൽബാധിത പ്രദേശങ്ങളിൽ വൈകീട്ട് ആറുവരെയും മറ്റിടങ്ങളിൽ ഏഴുവരെയുമാണ് പരസ്യപ്രചാരണം. പോളിങ് സാധനങ്ങളുടെ വിതരണം തിങ്കളാഴ്ച നടക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button