സതീശൻ മാത്രമല്ല നേതാവ്; തിരഞ്ഞെടുപ്പിന് സംയുക്തനേതൃത്വമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനെ കോൺഗ്രസ് നേരിടുന്നത് സംയുക്തനേതൃത്വത്തിന്റെ കീഴിലായിരിക്കുമെന്ന സൂചനനൽകി ഹൈക്കമാൻഡ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫുമാണ് ഔദ്യോഗിക നേതൃസ്ഥാനത്തുള്ളതെങ്കിലും മുതിർന്ന നേതാക്കൾ ഒന്നാകെയായിരിക്കണം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിക്കേണ്ടതെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ നിലപാട്.

രമേശ് ചെന്നിത്തലയെ പ്രചാരണസമിതി ചെയർമാനായും ശശി തരൂരിനെ കോ-ചെയർമാനായും നിയമിച്ചതും ഈ സന്ദേശം നൽകുന്നു. പാർട്ടിയുമായി അകൽച്ചയിലായിരുന്ന തരൂർ അടുത്തിടെ രാഹുൽഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവരെ സന്ദർശിച്ചത് മഞ്ഞുരുക്കിയിരുന്നു. അദ്ദേഹത്തെ കൂടെനിർത്തണമെന്ന ഉദ്ദേശ്യത്തോടെ പ്രതിപക്ഷ നേതാവ് വീട്ടിലെത്തി തരൂരിനെ കണ്ടിരുന്നു.

തരൂർ സജീവമാകുന്നത് യുവജനങ്ങളെ പാർട്ടിയോട് അടുപ്പിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഷാഫി പറമ്പിൽ, ഹൈബി ഈഡൻ, റോജി എം. ജോൺ, സി.ആർ. മഹേഷ്, മാത്യു കുഴൽനാടൻ, രമ്യ ഹരിദാസ്, എം. ലിജു, ദീപ്തി മേരി വർഗീസ് എന്നിങ്ങനെ സാമൂഹിക സന്തുലിതാവസ്ഥ പുലർത്തിയാണ് ഈ സമിതി പുനഃസംഘടിപ്പിച്ചത്.

ബെന്നി ബെഹനാനെ പ്രകടനപത്രിക സമിതി ചെയർമാനാക്കിയതിലൂടെ പഴയ എ വിഭാഗത്തെയും ഉൾക്കൊണ്ടുപോകണമെന്ന സൂചനനൽകുന്നു.തിങ്കളാഴ്ച വിപുലമായ നേതൃയോഗം കെ.പി.സി.സി.യിൽ വിളിച്ചുചേർത്തിട്ടുണ്ട്. പാർട്ടിയുടെ തിരഞ്ഞെടുപ്പ് നിരീക്ഷകൻ സച്ചിൻ പൈലറ്റ് പങ്കെടുക്കും.

യു.ഡി.എഫ്. നയിക്കുന്ന പുതുയുഗയാത്രയുടെ പ്രചാരണവും തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുമാണ് പ്രധാനമായും ഈ യോഗത്തിലെ ചർച്ച. അന്നുതന്നെ കോൺഗ്രസ് പ്രചാരണസമിതി യോഗവും ചേരുന്നുണ്ട്.സർക്കാരിനെതിരായ പ്രചാരണത്തോടൊപ്പംതന്നെ യു.ഡി.എഫ്. സർക്കാർ വന്നാൽ ചെയ്യുന്ന കാര്യങ്ങൾകൂടി പ്രചാരണവിഷയമാക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News