കൊച്ചിമുതൽ തിരുവനന്തപുരംവരെ 3.19 മണിക്കൂറിനുള്ളിലെത്തി, ഒന്നായി നിന്ന് നാടും സംവിധാാനങ്ങളും

‘ദൈവത്തിനു നന്ദി’; കൊച്ചിമുതൽ തിരുവനന്തപുരംവരെ 3.19 മണിക്കൂറിനുള്ളിലെത്തി, ശരവേഗയാത്രയിൽ പുതുചരിതം

തിരുവനന്തപുരം: നാലുപേരിലേക്കു ജീവനായി പടർന്ന ആ പിഞ്ചുമാലാഖയെ നെഞ്ചോടടക്കിപ്പിടിച്ചപോലെയായിരുന്നു ജയനീഷിന്റെ ആംബുലൻസ് യാത്ര. കൊച്ചിമുതൽ തിരുവനന്തപുരംവരെ 3.19 മണിക്കൂറിനുള്ളിൽ വിമാനവേഗത്തിലുള്ള ആ യാത്ര ശ്രീചിത്ര ആശുപത്രിയിൽ അവസാനിക്കുമ്പോഴും അയാളുടെ മനസ്സിൽ പ്രാർഥനയായിരുന്നു. ഒരു തടസ്സവുമില്ലാതെ അതിവേഗം തലസ്ഥാനത്തെത്തിച്ചതിന്‌ ദൈവത്തിനു നന്ദി. ദൗത്യം വിജയകരമായി പൂർത്തീകരിച്ചതിന്റെ പുഞ്ചിരി മുഖത്തുണ്ടെങ്കിലും, നെടുവീർപ്പോടെ ആലിൻ ഷെറിന് ആത്മശാന്തി നേർന്നു.

‘എന്തായാലും ഇവിടെയെത്തിയല്ലോ. ഇനിയെല്ലാം ശരിയായി നടക്കട്ടെ’ -ദൗത്യം വിജയകരമായതിനെക്കുറിച്ച് മാള സ്വദേശിയായ ജയനീഷ് പറഞ്ഞു. കൊച്ചി-തിരുവനന്തപുരം ചരിത്രയാത്രയിൽ ആംബുലൻസ് ഡ്രൈവറും കിളിമാനൂർ സ്വദേശിയുമായ ശരത് ദാസും ഒപ്പമുണ്ടായിരുന്നു. അവയവദാനത്തിനായുള്ള അവരുടെ യാത്ര ഇതാദ്യമല്ല. ഇതുവരെ അമൃതയിലേക്ക് അവയവങ്ങൾ എത്തിച്ചിട്ടേയുള്ളൂ. അവിടെനിന്ന്‌ ഇവിടേക്കു കൊണ്ടുവരുന്നത് ഇതാദ്യം. ആശുപത്രിക്കാർ വിവരം പറഞ്ഞപ്പോൾ കുട്ടികളുടെ കാര്യമല്ലേയെന്നു കരുതി പിന്നീടൊന്നും ചിന്തിച്ചില്ല. ആലിന്റെ അവയവങ്ങൾ എത്തിക്കാനുള്ള ദൗത്യം ആത്മവിശ്വാസത്തോടെ ഏറ്റെടുത്തെന്ന് ജയനീഷ് പറഞ്ഞു.

റോഡുപണി നടക്കുന്നതിനാൽ സ്വാഭാവികമായി ചില ബുദ്ധിമുട്ടുകൾ വന്നെങ്കിലും കാര്യമായി തടസ്സങ്ങളുണ്ടായില്ല. വേഗത്തിൽ മുന്നോട്ടുനീങ്ങാൻ പോലീസുകാർ വഴിയൊരുക്കി.

യാത്രയുടെ ഗൗരവം തിരിച്ചറിഞ്ഞ് ഓരോ ജങ്ഷനുകളിലും ജനങ്ങളും ആംബുലൻസിനു നീങ്ങാൻ സൗകര്യമൊരുക്കി. ഇങ്ങനെ, ജനങ്ങളും പോലീസും നന്നായി സഹകരിച്ചതിനാൽ 227 കിലോമീറ്റർ യാത്ര പത്തരയോടെ അവസാനിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News