ന്യൂഡൽഹി: സിൽവർലൈൻ അർധാതിവേഗ ട്രെയിൻ പദ്ധതി സംസ്ഥാന സർക്കാർ പോലും ഉപേക്ഷിച്ചുവെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. കൂടുതൽ എന്തെങ്കിലും അറിയണമെന്നുണ്ടെങ്കിൽ സംസ്ഥാന സർക്കാരിനോടു ചോദിക്കാനും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ട്രാക്കുകളിൽ വളവുകൾ നിവർത്തിയാൽ വന്ദേഭാരത് ട്രെയിൻ 160 കിലോമീറ്റർ സ്പീഡിൽ വരെ ഓടിക്കാനാവും.
ട്രാക്ക് നവീകരണത്തിന് സംസ്ഥാന സർക്കാർ സ്ഥലം ഏറ്റെടുത്തു നൽകേണ്ടതുണ്ട്. നിരവധി പദ്ധതികൾ സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നുള്ള നടപടിക്കു കാത്തു കിടക്കുന്നുണ്ട്. പാർലമെന്റ് സമ്മേളനം നടക്കുന്നതിനാൽ ഇപ്പോൾ അതെക്കുറിച്ചു പറയാനാവില്ലെന്നും മന്ത്രി പറഞ്ഞു. ശബരി റെയിൽ പദ്ധതിക്ക് മുഖ്യ പരിഗണന നൽകുന്നുണ്ടെന്നും 2 അലൈൻമെന്റുകൾ പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.
ശബരിമലയോട് ഏറ്റവുമടുത്ത് പാതയെത്തിക്കുകയാണു ലക്ഷ്യം. ആശാവഹമായ പുരോഗതിയാണ് പദ്ധതിക്കുള്ളത്. സഭ നടക്കുന്നതിനാൽ വിശദാംശങ്ങൾ വെളിപ്പെടുത്താനാവില്ല.