KeralaNews

കാലിക്കറ്റ് എൻഐടിയിലെ വിദ്യാർഥിയുടെ സസ്പെൻഷൻ മരവിപ്പിച്ചു; എസ്എഫ്ഐ മാർച്ചിൽ സംഘർഷം

കോഴിക്കോട്: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ കോഴിക്കോട് എന്‍ഐടിയില്‍ ഇന്ത്യയുടെ ഭൂപടം കാവിയില്‍ വരച്ചതിനെതിരെ പ്രതിഷേധിച്ച ദലിത് വിദ്യാര്‍ഥിയെ ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്ത നടപടി അധികൃതര്‍ മരവിപ്പിച്ചു. വിദ്യാര്‍ഥി നല്‍കിയ അപ്പീലില്‍ തീരുമാനമാകും വരെയാണ് സസ്‌പെന്‍ഷന്‍ മരവിപ്പിച്ചത്.

തിങ്കളാഴ്ച അപ്പീല്‍ പരിഗണിക്കുമെന്നാണ് കരുതുന്നത്. ഇതോടെ എന്‍ഐടിയില്‍ നടന്നുവന്ന വിദ്യാര്‍ഥി പ്രതിഷേധം അവസാനിപ്പിച്ചു. കാലിക്കറ്റ് എന്‍ഐടിയില്‍ വിദ്യാര്‍ഥികളുടെ ഉപരോധം രാത്രിയും തുടര്‍ന്നതിനിടെയാണ് വിദ്യാര്‍ഥിയുടെ സസ്‌പെന്‍ഷന്‍ മരവിപ്പിച്ചത്.

സംഭവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. ഗെയ്റ്റിനകത്തേക്ക് തള്ളിക്കയറാന്‍ ശ്രമിക്കുന്നത് പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷം ഉണ്ടായത്. സംസ്ഥാന കമ്മിറ്റി അംഗം മിഥുന്‍, ഏരിയ സെക്രട്ടറി യാസിര്‍ എന്നിവര്‍ക്ക് പരുക്കേറ്റു.

ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എട്ടുമണിയോടെയാണ് സംഘര്‍ഷം ഉണ്ടായത്. വന്‍ പൊലീസ് സംഘം ക്യാംപസിന് മുന്നില്‍ ക്യാംപ് ചെയ്യുന്നുണ്ട്. പ്രധാന ഗേറ്റുകള്‍ അടച്ചാണ് വിദ്യാര്‍ഥികള്‍ ക്യാംപസ് ഉപരോധിച്ചത്.

അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് എൻഐടിയിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിനു പിന്നാലെ മലയാളിയായ ഒരു വിദ്യാർഥിയെ മാത്രം സസ്പെൻഡ് ചെയ്തതിൽ വിവിധ വിദ്യാർഥി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.

കെഎസ്‌യു ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്യാംപസിന് മുന്നിൽ പ്രതിഷേധ തെരുവും ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ മാർച്ച് ഗേറ്റിന് മുന്നിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറികടന്ന് പ്രവർത്തകർ ക്യാംപസിലേക്ക് കടക്കാൻ ശ്രമിച്ചതോടെ നേരിയ ഉന്തുംതള്ളുമുണ്ടായി. 

ഇലക്ട്രോണിക്‌സ് ആൻഡ് ടെലി കമ്യൂണിക്കേഷൻസ് നാലാം വർഷ വിദ്യാർഥിയേയാണ് സസ്പെൻഡ് ചെയ്തത്. ‘ഇന്ത്യ രാമരാജ്യമല്ല, മതേതര രാജ്യമാണ്‌’ എന്ന പ്ലക്കാർഡുമായി പ്രതിഷേധിച്ചതിലായിരുന്നു നടപടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker