അവൻ ഇനി നിങ്ങളുടേതാണ്, എന്റേതല്ലാത്ത യുദ്ധങ്ങൾക്കില്ല’ഈ ലോകം കള്ളന്മാരുടേതും വഞ്ചിക്കുന്നവരുടേതും ചൂഷകരുടേതുമാണെന്ന് ഞാൻ തിരിച്ചറിയുന്നു’; രവി മോഹനുമായുള്ള ബന്ധം ഉപേക്ഷിച്ച് കെനീഷ

ചെന്നൈ: തെന്നിന്ത്യൻ നടൻ രവി മോഹനുമായുള്ള (ജയം രവി) സൗഹൃദം പൂർണ്ണമായും ഉപേക്ഷിക്കുന്നതായി വ്യക്തമാക്കി ഗായിക കെനീഷ ഫ്രാൻസിസ്. രവി മോഹന്റെ വിവാഹമോചനവുമായി ബന്ധപ്പെടുത്തി തനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ ഉയർന്നുവന്ന കടുത്ത സൈബർ ആക്രമണങ്ങൾക്കും വിമർശനങ്ങൾക്കും പിന്നാലെയാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വൈകാരികമായ കുറിപ്പിലൂടെ കെനീഷ ഈ നയം വ്യക്തമാക്കിയത്. ചില ഇടങ്ങളെ ബഹളങ്ങളും ഈഗോയും വിധികല്പിക്കലുകളും കെട്ടുകഥകളും കൈയടക്കിയിരിക്കുകയാണെന്നും അവിടെ നന്മയ്ക്കോ സ്നേഹത്തിനോ സ്ഥാനമില്ലെന്നും വ്യക്തമാക്കിയ കെനീഷ, സമാധാനത്തോടെയും പൂർണ്ണ നിസ്സംഗതയോടെയും താൻ ആ വ്യക്തിയെ സ്വതന്ത്രനാക്കുകയാണെന്ന് കുറിച്ചു. കഴിഞ്ഞ ദിവസം ചെറുപ്പകാലത്ത് താൻ നേരിട്ട ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള കാര്യങ്ങൾ തുറന്നുപറഞ്ഞ് കെനീഷ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ കുറിപ്പ്.

“സ്നേഹത്തോടെയാണ് ഞാൻ ഈ കഥയിലേക്ക് കടന്നുവന്നത്, എന്നാൽ പുറത്തിറങ്ങുന്നത് തികഞ്ഞ നിശബ്ദതയോടെയാണ്. ചില ഇടങ്ങൾ ബഹളങ്ങളും ഈഗോയും വിധികല്പിക്കലുകളും കെട്ടുകഥകളും കൈയടക്കിയിരിക്കുന്നു. അവിടെ നന്മയ്ക്ക് ഒട്ടും ഇടമില്ല. അങ്ങനെ വരുമ്പോൾ സ്‌നേഹത്തിന് പോലും സ്ഥാനമില്ലാതാകും. ലോകം ഇതിനകം തന്നെ കുറ്റക്കാരനെന്ന് വിധി തീരുമാനിച്ചുകഴിഞ്ഞ ഒരു മനുഷ്യനെ സംരക്ഷിക്കാൻ ശ്രമിച്ച ഞാൻ അതിനായി എന്നെത്തന്നെ പൂർണ്ണമായി സമർപ്പിച്ചിരുന്നു. എന്നാൽ, വെറും വിസ്മയക്കാഴ്ചകളിൽ മാത്രം അഭിരമിക്കുന്ന ഈ ലോകത്ത്, വലിയ കുഴമറിച്ചിലുകൾക്കെതിരേ ദയയ്ക്ക് അപൂർവ്വമായി മാത്രമേ നിലകൊള്ളാൻ സാധിക്കൂ എന്ന് ഞാൻ തിരിച്ചറിയുന്നു” എന്ന് കെനീഷ തന്റെ കുറിപ്പിൽ വ്യക്തമാക്കുന്നു.

പൊതുജനങ്ങളോടും സിനിമാ വ്യവസായത്തോടും തന്നെ നിരന്തരം നിരീക്ഷിക്കുന്നവരോടും കെനീഷയ്ക്ക് ചില കാര്യങ്ങൾ പറയാനുണ്ടായിരുന്നു. “അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവരോടും ഇഷ്ടമില്ലാത്തവരോടും, സംരക്ഷിക്കുന്നവരോടും പരിഹസിക്കുന്നവരോടും, അയാളുടെ ജീവനുമേൽ അവകാശവാദം ഉന്നയിക്കുന്നവരോടും എനിക്ക് ഒന്നേ പറയാനുള്ളൂ- അയാൾ ഇപ്പോൾ നിങ്ങളുടേതാണ്. എനിക്ക് ഇനി കൂടുതൽ വിശദീകരണങ്ങളോ പ്രതിരോധങ്ങളോ ഇല്ല. എന്റേതല്ലാത്ത യുദ്ധങ്ങൾ ഇനി എനിക്ക് പോരാടാനില്ല. നല്ല മനുഷ്യന്മാർക്ക് ജീവിക്കാൻ ഒരവസരം വേണമെന്നും അതിന് പിന്തുണ നൽകാൻ കഴിയുന്നതാണ് ഏറ്റവും നല്ല കാര്യമെന്നുമുള്ള എന്റെ ചിന്ത വെറും മണ്ടത്തരമായിരുന്നു എന്ന് ഞാൻ സമ്മതിക്കുന്നു. ഈ ലോകം കള്ളന്മാരുടേതും വഞ്ചിക്കുന്നവരുടേതും മറ്റുള്ളവരുടെ ജീവിതം ചൂഷണം ചെയ്യുന്നവരുടേതും മാത്രമാണെന്ന് ഞാൻ ഇപ്പോൾ മനസിലാക്കുന്നു” എന്നും കെനീഷ കുറിച്ചു.

അങ്ങേയറ്റത്തെ നിരാശയോടെയാണ് കെനീഷ തന്റെ വാക്കുകൾ അവസാനിപ്പിക്കുന്നത്. “അതുകൊണ്ട്, സമാധാനത്തോടെ, സ്‌നേഹത്തോടെ, പൂർണ്ണ നിസ്സംഗതയോടെ ഞാൻ അവനെ സ്വതന്ത്രനാക്കുന്നു. അയാളുമായി ബന്ധപ്പെട്ട് ഞാൻ ഏറ്റെടുത്ത എല്ലാ ഉത്തരവാദിത്തങ്ങളും ഇവിടെ ഉപേക്ഷിക്കുകയാണ്. യഥാർഥ സ്‌നേഹത്തിനും വിശ്വസ്തതയ്ക്കും ആർദ്രതയ്ക്കും ഒരു മനുഷ്യന്റെ ജീവിതത്തിൽ എന്ത് ചെയ്യാൻ കഴിയുമായിരുന്നുവെന്ന് കാണിക്കാൻ ഈ ലോകം എന്നെ അനുവദിച്ചിരുന്നുവെങ്കിലെന്ന് ഞാൻ ആത്മാർത്ഥമായി ആശിക്കുന്നു” എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്. കെനീഷയുടെ ഈ പോസ്റ്റിന് താഴെ നിരവധി ആരാധകരും സുഹൃത്തുക്കളുമാണ് പിന്തുണയുമായും ആശ്വാസവാക്കുകളുമായും കമന്റുകളുമായി എത്തിക്കൊണ്ടിരിക്കുന്നത്. ഈ തുറന്നുപറച്ചിലോടെ രവി മോഹനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്ക് പുതിയൊരു തിരിവുണ്ടായിരിക്കുകയാണ്.

Keneesha Francis has hinted at ending her friendship with actor Ravi Mohan (Jayam Ravi) through an emotional Instagram post. Following intense social media backlash and cyber-attacks linking her to the actor’s divorce, Keneesha stated she is stepping away from “battles that aren’t hers.” Expressing her exhaustion with a world filled with judgment, rumors, and ego, she announced that she is releasing him with peace and absolute indifference, abandoning all perceived responsibilities.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News