ന്യൂഡല്‍ഹി: ഇന്ത്യയിലുടനീളമുള്ള കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രവേശനം കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് താഴ്ന്നു. വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്‌കൂള്‍ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് തിങ്കളാഴ്ച ലോക്‌സഭയില്‍ നല്‍കിയ രേഖാമൂലമുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2024-25 അധ്യയന വര്‍ഷത്തില്‍ 1,39,660 പുതിയ വിദ്യാര്‍ത്ഥികള്‍ മാത്രമാണ് പ്രവേശനം നേടിയത്.
കേന്ദ്രീയ വിദ്യാലയങ്ങളിലെ ആകെ വിദ്യാര്‍ത്ഥികളുടെ എണ്ണം 2022-23ല്‍ 14,24,147ഉം കഴിഞ്ഞ അധ്യയന വര്‍ഷം 13,89,560ഉം ആയിരുന്നത് 2024-25ല്‍ 13,50,518 ആയി കുറഞ്ഞുവെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ നല്‍കിയ കണക്കുകള്‍ വ്യക്തമാക്കുന്നു. പുതിയ പ്രവേശനങ്ങളിലെ ഈ ഇടിവ് സമീപ വര്‍ഷങ്ങളില്‍ കണ്ടുവരുന്ന ഒരു പ്രവണതയുടെ തുടര്‍ച്ചയാണ്. 2020-21ല്‍ 1,95,081 ആയിരുന്നത് 2021-22ല്‍ 1,82,846 ആയും, 2022-23ല്‍ 1,57,914 ആയും, 2023-24ല്‍ 1,75,386 ആയും കുറഞ്ഞിരുന്നു.
തെലുങ്ക് ദേശം പാര്‍ട്ടി എംപി ബി.കെ. പാര്‍ത്ഥസാരഥിയും കോണ്‍ഗ്രസ് എംപി സുധ ആറും ഉന്നയിച്ച ചോദ്യത്തില്‍, രാജ്യത്തുടനീളം 1,280 കേന്ദ്രീയ വിദ്യാലയങ്ങള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവയിലായി 13,50,518 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ടെന്നും വ്യക്തമാക്കി.
കഴിഞ്ഞ അര ദശാബ്ദമായി കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രവേശനത്തില്‍ തുടര്‍ച്ചയായി ഈ കുറവ് ഉണ്ടാകുന്നുണ്ട്. സ്‌കൂള്‍ മുന്‍ഗണനകളിലെ മാറ്റങ്ങളെയും വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിലെ മൊത്തത്തിലുള്ള പ്രവണതകളെയും കുറിച്ചുള്ള നേര്‍ചിത്രമാണിത്.
എന്നിരുന്നാലും, 2024 ഡിസംബറില്‍ സിവില്‍/ഡിഫന്‍സ് മേഖലയില്‍ 85 പുതിയ കേന്ദ്രീയ വിദ്യാലയങ്ങള്‍ക്ക് അംഗീകാരം നല്‍കിയും, കര്‍ണാടകയിലെ ശിവമോഗയിലുള്ള നിലവിലെ ഒരു വിദ്യാലയം വികസിപ്പിച്ചും ശൃംഖല വിപുലീകരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ഈ സംരംഭത്തിന് 5,872.08 കോടി രൂപ ചെലവ് വരുമെന്ന് കണക്കാക്കുന്നു. ഇതില്‍ 2,862.71 കോടി രൂപ മൂലധനച്ചെലവിനും 3,009.37 കോടി രൂപ പ്രവര്‍ത്തനച്ചെലവുകള്‍ക്കുമായാണ് വകയിരുത്തിയിരിക്കുന്നത്.
”നിലവില്‍ രാജ്യത്തുടനീളം 1280 കേന്ദ്രീയ വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ 37 എണ്ണം ആന്ധ്രാപ്രദേശിലും, 125 എണ്ണം ഉത്തര്‍പ്രദേശിലും, 41 എണ്ണം ജാര്‍ഖണ്ഡിലും, 78 എണ്ണം രാജസ്ഥാനിലുമാണ്,’ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ മറുപടിയില്‍ പറഞ്ഞു.
പ്രതിരോധ, അര്‍ദ്ധസൈനിക വിഭാഗങ്ങള്‍, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, കേന്ദ്ര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെ സ്ഥലംമാറ്റമുള്ള ജോലികളിലുള്ള കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി കേന്ദ്രീയ വിദ്യാലയങ്ങളുടെ വിപുലീകരണം ഒരു ‘തുടര്‍ച്ചയായ പ്രക്രിയ’ ആണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേന്ദ്രീയ വിദ്യാലയങ്ങള്‍ക്ക് സ്ഥിരം കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നത് ഭൂമിയുടെ ലഭ്യത, പാട്ടക്കൈമാറ്റം, വിശദമായ പദ്ധതികള്‍, ഫണ്ടിംഗ്, ഭരണാനുമതി എന്നിവയെ ആശ്രയിച്ചിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കേന്ദ്രീയ വിദ്യാലയ സംഗതന് (കെവിഎസ്) വേണ്ടിയുള്ള ബജറ്റ് വിഹിതം വര്‍ഷങ്ങളായി ക്രമാനുഗതമായി വര്‍ദ്ധിച്ചുവരികയാണ്. 2020-21ല്‍ 6,437.68 കോടി രൂപയായിരുന്ന ഫണ്ട്, 2021-22ല്‍ 6,800 കോടിയായും, 2022-23ല്‍ 7,461.25 കോടിയായും, 2023-24ല്‍ 8,500 കോടിയായും, 2024-25ല്‍ 8,727 കോടിയായും ഉയര്‍ന്നു.
പതിവ് ഗ്രാന്റുകള്‍ക്ക് പുറമേ, പിഎം ശ്രീ പദ്ധതിക്ക് കീഴില്‍ കേന്ദ്രീയ വിദ്യാലയങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ക്കുള്ള പിന്തുണയും ലഭിക്കുന്നുണ്ട്. ഇതില്‍ ഐസിടി ലാബുകള്‍, സയന്‍സ് ലാബുകള്‍, സ്മാര്‍ട്ട് ക്ലാസ് മുറികള്‍, എല്‍ഇഡി ലൈറ്റിംഗ് എന്നിവയ്ക്കുള്ള ഫണ്ടിങ്ങും ഉള്‍പ്പെടുന്നു.
വര്‍ധിച്ചുവരുന്ന നിക്ഷേപങ്ങളും വിപുലീകരണ പദ്ധതികളും ഉണ്ടായിരുന്നിട്ടും, ഈ വര്‍ഷത്തെ പുതിയ പ്രവേശനങ്ങളിലെ കുത്തനെയുള്ള ഇടിവ് കെവിഎസ് സംവിധാനത്തിന് ഒരു വെല്ലുവിളി ഉയര്‍ത്തുന്നു.


