വാടക ഗര്‍ഭധാരണത്തിന് ചിലവഴിച്ചത് 35 ലക്ഷം രൂപ;ഡി.എന്‍.എ പരിശോധനയില്‍ ഞെട്ടിയ്ക്കുന്ന കണ്ടെത്തല്‍;ഡോക്ടറടങ്ങുന്ന റാക്കറ്റ് പിടിയില്‍

ഹൈദരാബാദ്: നിയമവിരുദ്ധമായി വാടക ഗര്‍ഭധാരണവും ബീജക്കടത്തും നടത്തിവന്ന റാക്കറ്റ് സെക്കന്തരാബാദില്‍ പിടിയില്‍. സംഭവവുമായി ബന്ധപ്പെട്ട് ഒരു ഡോക്ടര്‍ ഉള്‍പ്പെടെ പത്തുപേര്‍ അറസ്റ്റിലായി. ഹൈദരാബാദ് പോലീസ് നടത്തിയ റെയ്ഡിൽ റെജിമെന്റല്‍ ബസാറിലെ യൂണിവേഴ്‌സല്‍ സൃഷ്ടി ഫെര്‍ട്ടിലിറ്റി സെന്ററിന്റെ മാനേജര്‍കൂടിയായ ഡോക്ടര്‍ നമ്രതയും സംഘവുമാണ് അറസ്റ്റിലായത്. ക്ലിനിക്കില്‍ ചികിത്സ തേടിയ ദമ്പതിമാരുടെ പരാതിയിന്മേല്‍ നടന്ന അന്വേഷണമാണ് റാക്കറ്റിലേക്ക് എത്തിയത്.

നിലവില്‍ സെക്കന്തരാബാദില്‍ താമസിക്കുന്ന രാജസ്ഥാന്‍ സ്വദേശികളായ ദമ്പതിമാരാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. ക്ലിനിക്ക് ഏര്‍പ്പാടാക്കിയ വാടക ഗര്‍ഭപാത്രത്തിലൂടെ ജനിച്ച കുഞ്ഞിന് തങ്ങളുമായി ജനിതക ബന്ധമില്ലെന്ന്, സ്വതന്ത്രമായി നടത്തിയ ഒരു ഡിഎന്‍എ പരിശോധനയിലൂടെ, ഇവര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് ഇവര്‍ പോലീസില്‍ പരാതി നല്‍കിയത്. വാടക ഗര്‍ഭധാരണത്തിനായി 35 ലക്ഷം രൂപയാണ് ഇവര്‍ കഴിഞ്ഞ വര്‍ഷം ക്ലിനിക്കിന് നല്‍കിയത്.

കുഞ്ഞ് ജനിച്ചപ്പോള്‍, വാടക അമ്മയുടെ ഡിഎന്‍എ പരിശോധന നടത്തണമെന്ന ഇവരുടെ ആവശ്യം ഡോക്ടര്‍ നമ്രത വൈകിപ്പിച്ചതായി ദമ്പതിമാര്‍ പറയുന്നു. പിന്നാലെയാണ് ഇവര്‍ ഡല്‍ഹിയില്‍ സ്വതന്ത്രമായി ഡിഎന്‍എ പരിശോധനയ്ക്ക് ഏര്‍പ്പാട് ചെയ്തത്. പരിശോധനാ ഫലങ്ങള്‍ അവരുടെ ഏറ്റവും വലിയ ഭയം ശരിവെച്ചു; കുഞ്ഞിന് അവരുമായി യാതൊരു ജനിതക ബന്ധവുമില്ലായിരുന്നു. ജൂണില്‍, ഡിഎന്‍എ തെളിവുകളുമായി സമീപിച്ചപ്പോള്‍, ഒരു ‘കൈയബദ്ധം’ സംഭവിച്ചതായി ഡോക്ടര്‍ നമ്രത സമ്മതിച്ചതായി ദമ്പതിമാര്‍ പറയുന്നു.

കുറ്റം സമ്മതിച്ച ഡോക്ടര്‍ നമ്രത പ്രശ്‌നം പരിഹരിക്കാന്‍ സമയം ആവശ്യപ്പെടുകയും പിന്നാലെ സ്ഥലംവിടുകയുമായിരുന്നു. ഇതോടെയാണ് ദമ്പതികള്‍ ഗോപാലപുരം പോലീസിനെ സമീപിച്ചത്. പരാതി ലഭിച്ചയുടന്‍തന്നെ പോലീസ് യൂണിവേഴ്‌സല്‍ സൃഷ്ടി ഫെര്‍ട്ടിലിറ്റി സെന്ററില്‍ റെയ്ഡ് നടത്തി. രാത്രി വൈകിയും നടന്ന പരിശോധനയ്ക്ക് പിന്നാലെ പുലര്‍ച്ചെ വരെ ജീവനക്കാരെ ചോദ്യം ചെയ്തു. പരിശോധനയില്‍ നിര്‍ണായക രേഖകള്‍ പിടിച്ചെടുക്കുകയും ബീജ സാമ്പിളുകള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി ശേഖരിക്കുകയും ചെയ്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

‘ആളുകളെ വാടക ഗര്‍ഭധാരണത്തിനായി പ്രലോഭിപ്പിക്കുകയും പ്രത്യുത്പാദന സാമഗ്രികള്‍ നിയമവിരുദ്ധമായി മറ്റ് സംസ്ഥാനങ്ങളിലേക്ക് കടത്തുകയും ചെയ്യുന്നതാണ് ഈ സംഘത്തിന്റെ പ്രവര്‍ത്തനരീതി,’ ഹൈദരാബാദ് നോര്‍ത്ത് സോണ്‍ ഡിസിപി രശ്മി പെരുമാള്‍ പറഞ്ഞു. പോലീസിന്റെ അന്വേഷണത്തില്‍, ആഴത്തില്‍ വേരൂന്നിയ ഒരു അന്തര്‍സംസ്ഥാന ശൃംഖലയെക്കുറിച്ച് വിവരം ലഭിച്ചു. ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് നിയമവിരുദ്ധമായി ബീജവും അണ്ഡവും ശേഖരിച്ച് കടത്തുന്ന ശൃംഖലയില്‍ ക്ലിനിക്കും ഉള്‍പ്പെട്ടിരുന്നതായി കണ്ടെത്തി.

ഇന്ത്യന്‍ സ്‌പേം ടെക് എന്ന ലൈസന്‍സില്ലാത്ത സ്ഥാപനവുമായി ഫെര്‍ട്ടിലിറ്റി സെന്റര്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതായും കണ്ടെത്തി. ഇന്ത്യന്‍ സ്‌പേം ടെക്കിന്റെ റീജിയണല്‍ മാനേജരായ പങ്കജ് സോണി, ഇയാളുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്ന സമ്പത്ത്, ശ്രീനു, ജിതേന്ദര്‍, ശിവ, മണികണ്ഠന്‍, ബോറോ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് പ്രത്യുത്പാദന സാമഗ്രികള്‍ ശേഖരിക്കുക, വിവിധയിടങ്ങളിലേക്ക് അയക്കുക തുടങ്ങിയ പ്രവര്‍ത്തികളില്‍ ഇവര്‍ സജീവമായി ഏര്‍പ്പെട്ടിരുന്നതായാണ് വിവരം.

ക്ലിനിക്കില്‍ എത്തുന്ന ഓരോ ദമ്പതിമാരില്‍ നിന്നും, വാടക ഗര്‍ഭധാരണ സേവനങ്ങള്‍ക്ക് എന്ന് പറഞ്ഞ് 35 ലക്ഷത്തിലധികം രൂപയാണ് ഡോക്ടര്‍ നമ്രത കൈപ്പറ്റിയിരുന്നത്. സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്നവരെ പണം കാണിച്ച്, വാടക ഗര്‍ഭധാരണത്തിനായി ഡോക്ടര്‍ നമ്രത പ്രലോഭിപ്പിച്ചിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായതായി ഡിസിപി രശ്മി പെരുമാള്‍ പറഞ്ഞു. ഇവര്‍ ഈ ശൃംഘലയില്‍ കൂടുതല്‍ ഫെര്‍ട്ടിലിറ്റി സെന്ററുകളും ഏജന്റുമാരും ഉള്‍പ്പെട്ടിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം.

അന്വേഷണവുമായി മുന്നോട്ടുപോകാനും, നിയമവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഈ ശൃംഘലയെ വേരോടെ പിഴുതെറിയാനുമാണ് ലക്ഷ്യമിടുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്‌നോളജി (റെഗുലേഷന്‍) ആക്റ്റ്, വാടക ഗര്‍ഭധാരണ നിയമങ്ങള്‍, മറ്റ് മെഡിക്കല്‍ എത്തിക്‌സ് ചട്ടങ്ങള്‍ എന്നിവയുടെ ലംഘനങ്ങളും ഉള്‍പ്പെടുത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News