‘വിയോജിപ്പുകളോട് ഇങ്ങനെയല്ല പ്രതികരിക്കേണ്ടത്’; ട്രംപിന്റെ പോപ്പുവേഷത്തില്‍ പ്രതിഷേധവുമായി കെസിബിസി

കൊച്ചി: മാര്‍പാപ്പയുടെ വേഷഭൂഷാദികള്‍ അണിഞ്ഞുള്ള എഐ ചിത്രം പങ്കുവെച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരേ വ്യാപക വിമര്‍ശനം. ട്രംപിന്റെ നടപടി ബാലിശമെന്ന് കെസിബിസി വക്താവ് ഫാ. തോമസ് തറയില്‍ പ്രതികരിച്ചു. കത്തോലിക്കാ സമൂഹത്തിന് ഇതില്‍ പ്രതിഷേധമുണ്ടെന്നും ലോകാരാധ്യമായ പാപ്പ സ്ഥാനത്തെ അദ്ദേഹം ഇത്രമേല്‍ ലാഘവത്തോടെ കാണുന്നു എന്നതില്‍ വേദനയുണ്ടെന്നും കെസിബിസി അറിയിച്ചു.

അദ്ദേഹത്തെപ്പോലൊരു ലോകനേതാവ് ഇങ്ങനെയൊരു പ്രതികരണം നടത്തിയത് വേദനിപ്പിക്കുന്നു. ആദ്യം പാപ്പയായാല്‍ കൊള്ളാമെന്നു പറഞ്ഞു. അവിടംകൊണ്ട് അവസാനിപ്പിക്കാതെ സാങ്കേതികവിദ്യ ഉപയോഗിച്ച് വീണ്ടുമിങ്ങനെ പോപ്പിന്റെ വേഷത്തില്‍ തന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ്. അതില്‍ പ്രയാസവും പ്രതിഷേധവുമുണ്ട്. അദ്ദേഹത്തിന് ഫ്രാന്‍സിസ് പാപ്പയുടെ നിലപാടുകളോടുകളോടുള്ള വിയോജിപ്പ് ഈ വിധത്തിലല്ല പ്രകടിപ്പിക്കേണ്ടത്. അതില്‍ മാന്യത കാണിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു.

അടുത്ത മാര്‍പാപ്പാസ്ഥാനത്തേക്കുള്ള ഒന്നാം നമ്പര്‍ ചോയ്സ് താന്‍തന്നെയാണെന്ന് കഴിഞ്ഞയാഴ്ച ട്രംപ് തമാശ പറഞ്ഞിരുന്നു. പിന്നാലെ വൈറ്റ് ഹൗസിന്റെ സോഷ്യല്‍ മീഡിയാ പേജിലടക്കം എഐ നിര്‍മിത ചിത്രം പങ്കുവെയ്ക്കുകയുംചെയ്തു. ഏപ്രില്‍ 26-ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അന്ത്യശുശ്രൂഷാച്ചടങ്ങില്‍ ട്രംപ് പങ്കെടുത്തിരുന്നു. എന്നാല്‍, പൊതുവില്‍ നിര്‍ദേശിക്കപ്പെട്ടിരുന്ന നീലനിറത്തിലുള്ള ഡ്രസ്‌കോഡ് അദ്ദേഹം പാലിച്ചിരുന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News