KeralaNationalNewsNews

കൊച്ചിയില്‍ സ്റ്റേഡിയം നിർമിക്കാൻ ഒരുങ്ങി കെസിഎ;ഭൂമി ഏറ്റെടുക്കുന്നതിനായി പരസ്യം നൽകി

കൊച്ചി∙ കൊച്ചിയിൽ പുതിയ സ്റ്റേഡിയം നിർമിക്കാൻ ഒരുങ്ങി കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ). ഇതിനായി എറണാകുളം ജില്ലയിൽ ഭൂമി വാങ്ങുന്നതിന് കെസിഎ പത്രപ്പരസ്യം നൽകി. 20 മുതൽ 30 ഏക്കർ വരെ സ്ഥലം ഏറ്റെടുക്കാനാണ് കെസിഎയുടെ തീരുമാനം. ഭൂമി വിട്ടുനൽകാൻ താൽപര്യമുള്ളവർ നാളെ വൈകിട്ട് അഞ്ചിനു മുൻപ് തിരുവനന്തപുരത്തെ കെസിഎ ഓഫിസുമായി ബന്ധപ്പെടണമെന്നാണ് പരസ്യത്തിൽ പറയുന്നത്.

 ഏഴ് അസോസിയേഷനുകൾക്കാണ് സ്വന്തമായി രാജ്യാന്തര സ്റ്റേഡിയം ഇല്ലാത്തത്. എറണാകുളം ജില്ലയിൽ 30 ഏക്കർ ഭൂമിയുള്ള ഉടമകളെ തേടിയാണ് കെസിഎ പത്രപരസ്യം. 250 കോടി രൂപയോളം ചെലവാണ് പുതിയ സ്റ്റേഡിയത്തിന് കണക്കാക്കുന്നത്. മുഴുവൻ തുകയും ബി സി സി ഐ ചെലവഴിക്കും.

നിലവിൽ കേരളത്തിൽ, തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങൾ നടത്തുന്നത്. എന്നാൽ ഇതു കേരള സർവകലാശാലയുടെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയമാണ്. സ്റ്റേഡിയം പാട്ടത്തിനെടുത്താണ് കെസിഎ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഈ മാസം ഇവിടെ നടന്ന ഇന്ത്യ–ശ്രീലങ്ക മത്സരത്തിനു പിന്നാലെ കെസിഎയും സംസ്ഥാന സർക്കാരും തമ്മിൽ പരസ്യ ഏറ്റുമുട്ടലിലേക്ക് പോയിരുന്നു. ടിക്കറ്റ് നിരക്ക് ഉൾപ്പെടെയുള്ള വിവാദങ്ങളെ തുടർന്നായിരുന്നു ഭിന്നത.

കൊച്ചി കലൂർ സ്റ്റേഡിയത്തിൽ മുൻപ് മത്സരങ്ങൾ നടത്തിയിരുന്നെങ്കിലും ഇപ്പോൾ അതു പൂർണമായും ഫുട്ബോൾ സ്റ്റേഡിയമാക്കി മാറ്റിയിരിക്കുകയാണ്. ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടാണ് കലൂർ സ്റ്റേഡിയം. വയനാട് കൃഷ്ണഗിരിയിൽ ഉന്നത നിലവാരത്തിലുള്ള സ്റ്റേഡിയം കെഎസിഎയ്ക്ക് സ്വന്തമായി ഉണ്ടെങ്കിലും യാത്രാസൗകര്യങ്ങൾ ഉൾപ്പെടെയുള്ള പരിമിതി മൂലം രാജ്യാന്തര മത്സരങ്ങൾ സംഘടിപ്പിക്കാൻ തടസ്സമുണ്ട്. ഇതിനെ തുടർന്നാണ് മെട്രോ നഗരമായ കൊച്ചിയിൽ തന്നെ പുതിയ സ്റ്റേഡിയം നിർമിക്കാൻ കെസിഎ തീരുമാനിച്ചത്.

മുൻപ് ഇടക്കൊച്ചിയിൽ ഇത്തരത്തിൽ രാജ്യാന്തര സ്റ്റേഡിയം നിർമിക്കാനുള്ള നടപടികൾ സ്വീകരിച്ചിരുന്നെങ്കിലും ചില വിവാദങ്ങളെ തുടർന്ന് പിന്നോട്ടുപോകുകയായിരുന്നു. നിലവിൽ നെടുമ്പാശേരിയിലും വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിനു സമീപമുള്ള ഭൂമിയുമാണ് കെഎസിഎയുടെ പരിഗണനയിലുള്ളത്. നെടുമ്പാശേരിയിലെ ഭൂമി ബിസിസിഐ സെക്രട്ടറി ജയ് ഷാ ഉൾപ്പെടെ എത്തി പരിശോധിച്ചിരുന്നു. ഭൂമി ഏറ്റെടുക്കലിന്റെ നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനാണ് ഇപ്പോൾ പത്രപ്പരസ്യം നൽകിയതെന്നു സൂചനയുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button