ഡൽഹി: വി.ഡി. സതീശനെ ഹൈക്കമാൻഡ് മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത് സന്തോഷത്തോടെ, സർവാത്മനാ സ്വാഗതം ചെയ്യുന്നെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. വരാനിരിക്കുന്ന സർക്കാരിന് എല്ലാവിധ പിന്തുണയും വാഗ്ദാനംചെയ്യുന്നു. മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് നിയമിച്ച വി.ഡി. സതീശനെ അങ്ങേയറ്റം ഹൃദയംതുറന്ന് അഭിനന്ദിക്കുന്നു, എല്ലാവിധ പിന്തുണയും വാഗ്ദാനംചെയ്യുകയാണെന്നും വേണുഗോപാൽ ഡൽഹിയിൽ പറഞ്ഞു.
എംഎൽഎമാരുടെ പിന്തുണ താങ്കൾക്കായിരുന്നില്ലേ എന്ന ചോദ്യത്തിന്, അത്തരം കാര്യങ്ങൾക്കൊന്നും ഇനി പ്രസക്തിയില്ലെന്ന് വേണുഗോപാൽ പറഞ്ഞു. ഹൈക്കമാൻഡിന്റെ തീരുമാനം എന്തായിരുന്നാലും ശിരസ്സാവഹിക്കും എന്നാണ് നേരത്തെയും ഞാൻ പറഞ്ഞിട്ടുള്ളത്. ഹൈക്കമാൻഡിന്റെ ഇപ്പോഴത്തെ തീരുമാനം ഞാൻ ശിരസ്സാവഹിക്കുന്നു. അടിയുറച്ച കോൺഗ്രസുകാരനാണ് ഞാൻ. സർക്കാരിന് എല്ലാവിധ പിന്തണയും നൽകും, അദ്ദേഹം പറഞ്ഞു.
സൈബറിടങ്ങളിൽ നടക്കുന്ന ആക്രമണം സംബന്ധിച്ച ചോദ്യത്തിന്, പാർട്ടിക്ക് ഉപരിയായുള്ള ഇമേജുകൾ ഞാൻ ഉണ്ടാക്കാറില്ലെന്ന് വേണുഗോപാൽ മറുപടി നൽകി. സൈബറിടങ്ങളിലെ ആക്ഷേപങ്ങൾ ഞാൻ സഹിച്ചോളാം. കടന്നാക്രമണങ്ങളെ ഭയന്നോടില്ല. ആക്രമിക്കുന്നവർക്ക് ഇനിയും തുടരാം. തനിക്കുവേണ്ടി ഫ്‌ളക്‌സ് വെച്ചവരടക്കം ഇപ്പോഴത്തെ തീരുമാനം അംഗീകരിച്ച് മുന്നോട്ടുപോകണമെന്നാണ് പറയാനുള്ളത്. സത്യപ്രതിജ്ഞാച്ചടങ്ങിൽ തീർച്ചയായും പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സമവായം എന്ന നിലയിൽ എഐസിസിയുടെ മുതിർന്ന പദവിയിലേക്ക് വരുന്നത് സംബന്ധിച്ച് വാഗ്ദാനമുണ്ടോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ കെ.സി വേണുഗോപാൽ തയ്യാറായില്ല.
English Summary
AICC General Secretary K.C. Venugopal has wholeheartedly welcomed the High Command’s decision to appoint V.D. Satheesan as the next Chief Minister of Kerala. Speaking to the media in Delhi, Venugopal congratulated Satheesan and extended his full support to the upcoming UDF government. When asked about reports suggesting that the majority of MLAs initially supported his own candidature, Venugopal dismissed the query, stating that such discussions hold no relevance anymore. Reaffirming his loyalty as a disciplined Congress leader, he stated that he abides by the High Command’s final verdict.


