കൊച്ചി: നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടന്ന വധഗൂഢാലോചനക്കേസിലും അന്വേഷണം വേഗത്തിലാക്കാൻ
ക്രൈംബ്രാഞ്ച്. നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് ഒന്നര മാസം കൂടി സമയം അനുവദിച്ച ഹൈക്കോടതി ഇനി ദീർഘിപ്പിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കാവ്യാ മാധവനെയടക്കം വൈകാതെ ചോദ്യം ചെയ്യാനാണ് തീരുമാനം.
സായി ശങ്കർ ഹാജരാക്കിയ ഡിജിറ്റൽ തെളിവുകളുടെ ഫൊറൻസിക് പരിശോധനാഫലവും നിർണായകമാണ്. വധഗൂഡാലോചനാക്കേസിൽ
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുളള ഗൂഡാലോചനയ്ക്കപ്പുറത്ത് ദിലീപ് നടത്തിയ നീക്കങ്ങളാണ് അന്വേഷണ സംഘം ഇനി പരിശോധിക്കുക. ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും ഫോണിലെ വിവരങ്ങളുടെ പരിശോധന വേഗത്തിലാക്കും.
അതിനിടെ, നടിയെ ആക്രമിച്ച കേസിൽ ജാമ്യം തേടി പൾസർ സുനി നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസിന്റെ വിചാരണ നടപടികൾ വേഗത്തിൽ പൂർത്തിയാകാൻ സാധ്യത ഇല്ലെന്നും കേസിൽ താനൊഴികെ എല്ലാ പ്രതികൾക്കും ജാമ്യം ലഭിച്ചിട്ടുണ്ടെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. കേസിൽ തുടരന്വേഷണം നടക്കുന്നതിനാൽ നിരവധി സാക്ഷികളെ വിസ്തരിക്കേണ്ടി വരും. അഞ്ച് വർഷമായി വിചാരണ തടവുകാരനായി കഴിയുന്നതിനാൽ ജാമ്യം നൽകണമെന്നുമാണ് ഹർജിയിലെ പ്രധാനപ്പെട്ട ആവശ്യം.
കേസിൻ്റെ വിജയത്തിനായി മഞ്ജു വാര്യരെ സംശയരോഗിയാക്കി ചിത്രീകരിക്കാന്‍ ദിലീപിന്റെ അഭിഭാഷകരുടെ ശ്രമം നടത്തുന്ന ശബ്ദരേഖകൾ പുറത്തു വന്നിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ആരോപണങ്ങള്‍ പ്രതിരോധിക്കാന്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനെ അഭിഭാഷകന്‍ മൊഴി പഠിപ്പിക്കുന്ന ശബ്ദരേഖയിലാണ് ഇക്കാര്യമുള്ളത്. അതിജീവിതയെക്കുറിച്ചും നിര്‍ണായക പരാമര്‍ശങ്ങളാണ് അനൂപും അഭിഭാഷകരും തമ്മിലുള്ള സംഭാഷണത്തിലുള്ളത്.
‘2012 വാലന്റൈന്‍സ് ഡേയ്ക്ക് കാര്യങ്ങള്‍ പറഞ്ഞത് പ്രശ്‌നങ്ങളുടെ തുടക്കമായെന്നാണ് അതിജീവിത പറഞ്ഞിരിക്കുന്നത്. ഇത് ഒരു വര്‍ഷം ഷിഫ്റ്റ് ചെയ്ത് 2013 വാലന്റൈന്‍സ് ഡേയുടെ പിറ്റേന്നത്തേക്ക് എന്നാക്കണം. 2013 ഫെബ്രുവരി 15ന് ദിലീപിന് പഴയ നടിമാരുമായി ബന്ധമുണ്ടെന്ന് മഞ്ജു അനൂപിനോട് പറഞ്ഞു. തനിക്ക് ഇത് ഇങ്ങനെ പറ്റില്ലെന്നും മഞ്ജു പറഞ്ഞു. അങ്ങനെയൊന്നും ഉള്ളതല്ല ഇതെന്താ ചേട്ടത്തി അങ്ങനെ പറയുന്നതെന്ന് പറഞ്ഞ് അനൂപ് അത് നിഷേധിച്ചു. ഇക്കാര്യം ദിലീപേട്ടനോട് പറഞ്ഞതോടെ അനൂപിനോട് മഞ്ജു മിണ്ടാതായി.’ പിന്നീട് ദിലീപിന്റെ കുടുംബത്തില്‍ നിന്ന് താന്‍ അകന്നെന്നും അനൂപ് ‘റിഹേഴ്‌സല്‍ മൊഴി’യില്‍ പറയുന്നു. അതിജീവിതയുടെ മൊഴിയെ നേരിടാന്‍ വേണ്ടിയായിരുന്നു ദിലീപിന്റെ അഭിഭാഷകന്റെ ഈ ശ്രമങ്ങള്‍.