കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് കാവ്യ മാധവനെ ചോദ്യം ചെയ്യുന്ന സ്ഥലത്തെപ്പറ്റി ആശയക്കുഴപ്പം. ഇന്ന് രാവിലെയാണ് കാവ്യ ചെന്നൈയിൽ നിന്നെത്തിയ്. പ്രൊജക്ടർ ഉപയോഗിച്ച് ചില വിഡിയോ ദൃശ്യങ്ങൾ കാണിച്ചും ചില സംഭാഷണങ്ങൾ കേൾപ്പിച്ചുമാണ് കാവ്യയെ ചോദ്യം ചെയ്യേണ്ടത്. പദ്മ സരോവരം വീട് ഇതിന് അത്ര പറ്റിയ ഇടമല്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ. ചോദ്യംചെയ്യൽ ആലുവയിലെ ദിലീപിന്റെ പത്മസരോവരം വീട്ടിലെത്തിയാണെങ്കിൽ മാത്രമേ സഹകരിക്കൂവെന്നാണ് കാവ്യയുടെ നിലപാട്. അവരിപ്പോഴും പദ്മ സരോവരം വീട്ടിൽ തുടരുകയാണ്.
കാവ്യയെ വീട്ടിൽ വെച്ച് ചോദ്യം ചെയ്യുന്നതാണ് ഉചിതമെന്ന് ക്രൈംബ്രാഞ്ചിന് നിയമോപദേശം ലഭിച്ചിരുന്നു. കേസിലെ സാക്ഷിയായതും സ്ത്രീയെന്ന പരിഗണനയും കാവ്യയ്ക്ക് ലഭിക്കുമെന്നും നിയമോപദേശത്തിൽ പറയുന്നു. ചോദ്യം ചെയ്യൽ, കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ വീട്ടിൽ വേണമെന്ന ആവശ്യം ആദ്യം മുതൽതന്നെ ഭാര്യയായ കാവ്യ ഉന്നയിച്ചിരുന്നു. സാക്ഷിയായതിനാൽ ചോദ്യം ചെയ്യലിനു തനിക്കു സൗകര്യപ്രദമായ സ്ഥലം നിർദേശിക്കാൻ അവകാശമുണ്ടെന്ന നിലപാടിൽ തന്നെ ഉറച്ചു നിൽക്കുകയായിരുന്നു കാവ്യ. തുടർന്നാണ് ക്രൈംബ്രാഞ്ച് നിയമോപദേശം തേടിയത്.
ചോദ്യം ചെയ്യലിനായി നടി കാവ്യാ മാധവൻ ആലുവ പൊലീസ് ക്ലബിൽ ഹാജരാകണമെന്നാണ് നേരത്തേ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ കേസില്‍ ദിലീപിന്റെ സഹോദരന്‍ അനൂപും സഹോദരീ ഭര്‍ത്താവ് സുരാജും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. അന്വേഷണ സംഘം ചോദ്യം ചെയ്യലിന് അറിയിച്ചിട്ടില്ലെന്നാണ് പ്രതികളുടെ വാദം.
വീട്ടില്‍ ക്രൈംബ്രാഞ്ച് നോട്ടിസ് പതിച്ചതുകൊണ്ടുമാത്രം ചോദ്യം ചെയ്യലിന് ഹാജരാകേണ്ടതില്ലെന്ന് ഇരുവര്‍ക്കും ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ചോദ്യം ചെയ്യലിനായി ഇന്ന് ആലുവ പൊലീസ് ക്ലബില്‍ ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നോട്ടീസ് പതിപ്പിച്ചത്.