CrimeFeaturedKeralaNewsNews

കട്ടപ്പന ഇരട്ടകൊലപാതകം; തലയോട്ടിയും അസ്ഥികളും കണ്ടെത്തി,മൃതദേഹം കുഴിയിൽ ഇരുത്തിയ നിലയിൽ

കട്ടപ്പന: കട്ടപ്പന ഇരട്ടക്കൊലപാതക കേസിൽ കാഞ്ചിയാർ കക്കാട്ടുകടയിലെ വാടകവീടിന്റെ തറ കുഴിച്ച് നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തി.പ്രതികളിലൊരാളായ വിഷ്ണുവിന്റെ അച്ഛന്‍ വിജയന്റേതെന്ന് കരുതുന്ന മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം ഇരുത്തിയ നിലയിലായിരുന്നു.

പ്രതി നിതീഷുമായുള്ള തെളിവെടുപ്പിൽ വിജയനെ കൊലപ്പെടുത്താൻ ഉപയോ​ഗിച്ച ചുറ്റിക കണ്ടെടുത്തിരുന്നു. തുടർന്ന് ഫോറൻസിക് സർജൻ സ്ഥലത്തെത്തിയതോടെ തറ കുഴിച്ച് മൃതദേഹം പുറത്തെടുക്കാനുള്ള നടപടി ആരംഭിക്കുകയായിരുന്നു.ഇൻക്വസ്റ്റ് നടപടികൾ പൂർത്തികരിച്ച് നവജാത ശിശുവിനെ കൊലപ്പെടുത്തി കുഴിച്ചിട്ടിട്ടുവെന്ന് കരുതുന്ന സാ​ഗര ജങ്ഷനിലെ വീട്ടിലേക്ക് പ്രതിയുമായി പോയി തെളിവെടുപ്പ് നടത്താനാണ് പോലീസ് നീക്കം.

മോഷണത്തിന് പിടികൂടിയ പ്രതികൾ മുമ്പ് ഇരട്ടക്കൊലപാതകം നടത്തിയിരുന്നുവെന്ന് കണ്ടെത്തുന്നത് പോലീസിന്റെ വിദഗ്ധമായ അന്വേഷണത്തിലാണ്. നവജാതശിശുവിനെയും പ്രായമായ ആളെയും കൊലപ്പെടുത്തിയെന്ന് പ്രതികളിലൊരാളായ പുത്തൻപുരയ്ക്കൽ നിതീഷാണ് (രാജേഷ്-31) കുറ്റസമ്മതം നടത്തിയത്. മറ്റൊരു പ്രതിയായ കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കൽ വിഷ്ണു(29)വിന്റെ അച്ഛൻ വിജയനെയും സഹോദരിയുടെ കുഞ്ഞിനെയുമാണ് ഇവർ കൊലപ്പെടുത്തിയത്.

പ്രതിയായ വിഷ്ണുവിന്റെ വീട്ടിലെത്തിയ അന്വേഷണ ഉദ്യോഗസ്ഥൻ, അയാളുടെ സഹോദരിയോട് അച്ഛനെവിടെയെന്ന് ചോദിച്ചിരുന്നു. ഇതിന്, കൃത്യമായ ഉത്തരം ലഭിച്ചില്ല. തുടർന്ന് പ്രതികളെ ചോദ്യംചെയ്തപ്പോഴും മൊഴികളിൽ പൊരുത്തക്കേടുകൾ കണ്ടെത്തി. പോലീസ് രഹസ്യാന്വേഷണവിഭാഗം ഇവരുടെ ബന്ധുക്കളുമായി ബന്ധപ്പെട്ടു. വിജയനെ കഴിഞ്ഞ ഓണംമുതൽ കാണാതായെന്നും ദുരൂഹതയുണ്ടെന്നും ബന്ധുക്കളിൽ ചിലർ പറഞ്ഞു.

2023 ഓഗസ്റ്റിലാണ് കാഞ്ചിയാർ കക്കാട്ടുകടയിൽ വാടകവീട്ടിൽ വച്ച് വിജയനെ കൊലപ്പെടുത്തിയത്. രാത്രി വീട്ടിലെ ഹാളിൽവെച്ച് വിജയനെ തള്ളി നിലത്തിട്ടശേഷം ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊന്നെന്നാണ് എഫ്.ഐ.ആർ.

ഭാര്യ സുമയുടെയും മകൻ വിഷ്ണുവിന്റെയും സഹായത്തോടെ മുറിയുടെ തറ തുരന്ന് വിജയന്റെമൃതദേഹം കുഴിച്ചുമൂടിയെന്നും നിതീഷ് സമ്മതിച്ചു.

2016 ജൂലായിലാണ് വിഷ്ണുവിന്റെ സഹോദരിയും നിതീഷും തമ്മിലുള്ള ബന്ധത്തിൽ പിറന്ന കുഞ്ഞിനെ കൊലപ്പെടുത്തിയത്. ദുരഭിമാനത്തിന്റെ പേരിലാണ് നിതീഷും വിഷ്ണുവും കൊല്ലപ്പെട്ട വിജയനും ചേർന്ന് കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. കേസിൽ നിതീഷ് ഒന്നാംപ്രതിയും വിജയനും വിഷ്ണുവും രണ്ടും മൂന്നും പ്രതികളാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button