വിരമിക്കുന്നതിന് മുമ്പുള്ള സഹപ്രവര്‍ത്തകയുടെ ആഗ്രഹം സാധിച്ചു കൊടുത്ത് സഹപ്രവര്‍ത്തകര്‍; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതിയെ അറസ്റ്റ് ചെയ്തു

കാസര്‍കോട്: വിരമിക്കുന്നതിന് മുമ്പ് സഹപ്രവര്‍ത്തകയുടെ ആഗ്രഹം സാധിച്ചു കൊടുത്ത് സഹപ്രവര്‍ത്തകര്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതിയെ അറസ്റ്റ് ചെയ്യണമെന്നായിരിന്നു കാസര്‍കോട് ഡിവൈഎസ്പി പി.പി സദാനന്ദനോടു കാസര്‍കോട് വനിത സ്റ്റേഷനിലെ സിഐ ഷാജി ഫ്രാന്‍സിസിന്റെ അഭ്യര്‍ത്ഥന.

ഒടുവില്‍ വിരമിക്കുന്നതിന്റെ തലേ ദിവസമായ ഇന്നലെ പ്രതിയെ പ്രത്യേക സംഘത്തിന്റെ സഹായത്തോടെ പിടികൂടി തന്റെ ആഗ്രഹം സഫലമാക്കിയിരിക്കുകയാണ് ഷാജി ഫ്രാന്‍സിസ്.

മേയ് 31നകം എന്തുവില കൊടുത്തു പിടികൂടണമെന്നും അതു 32 വര്‍ഷത്തെ സര്‍വിസില്‍ നിന്നു വിരമിക്കുന്ന സിഐക്കു പൊലീസ് നല്‍കുന്ന സ്‌നേഹോപഹാരമാണെന്നും ഡിവൈഎസ്പി പറഞ്ഞതോടെ ജില്ലാ ക്രൈം സ്‌ക്വാഡ് അംഗങ്ങള്‍ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. കോഴിക്കോട്ടെ കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്നാണു പ്രതിയെ കസ്റ്റഡിയിലെടുത്തത്.

അന്വേഷണ സംഘത്തില്‍ എസ്ഐമാരായ സി.കെ.ബാലകൃഷ്ണന്‍, കെ.നാരായണന്‍ നായര്‍, എഎസ്ഐ ലക്ഷ്മി നാരായണന്‍, അബൂബക്കര്‍ കല്ലായി, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ശിവകുമാര്‍ ഉദിനൂര്‍, രാജേഷ് മാണിയാട്ട്, ഓസ്റ്റിന്‍ തമ്ബി, സജീഷ്, കെ.ബിന്ദു, ശൈലജ, സനില ഹരി എന്നിവരും ഉണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News